ഇസ്രായേലിന് 1 ബില്യൺ ഡോളറിൻ്റെ ആയുധങ്ങൾ നല്‍കാന്‍ യു.എസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്
വാഷിംഗ്ടണ്‍: 1 ബില്യണ്‍ ഡോളറിന്‍റെ ആയുധങ്ങള്‍ ഇസ്രായേലിന് കൈമാറാന്‍ ബൈഡന്‍ ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആയുധ കൈമാറ്റം സംബന്ധിച്ച് യു.എസ് കോണ്‍ഗ്രസ് കമ്മിറ്റിയിലാണ് പ്രസിഡന്‍റ് ജോ ബൈഡന്‍ ഇക്കാര്യം അറിയിച്ചത്. ഇതിന് യു.എസ് കോണ്‍ഗ്രസിന്‍റെ അനുമതി ലഭിക്കേണ്ടതുണ്ട്. വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇസ്രായേലിലേക്കുള്ള ചില യുദ്ധോപകരണങ്ങളുടെ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ നീക്കം. റഫയിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനെതിരായ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവച്ചത്. “ഞങ്ങൾ സൈനിക സഹായം അയക്കുന്നത് തുടരുകയാണ്. മുഴുവൻ തുകയും ഇസ്രായേലിന് ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും,” ഇസ്രായേലിൻ്റെ പ്രതിരോധത്തിനായി ഏകദേശം 14 ബില്യൺ ഡോളർ ഉൾപ്പെടുന്ന അടുത്തിടെ ഒപ്പിട്ട ധനസഹായ പാക്കേജിനെ പരാമർശിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ തിങ്കളാഴ്ച പറഞ്ഞു.സള്ളിവൻ്റെ പരാമർശത്തെക്കുറിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പ്രതികരിച്ചിട്ടില്ല. പെൻ്റഗണും പ്രതികരിക്കാൻ വിസമ്മതിച്ചു.
700 മില്യണ്‍ ഡോളര്‍ മൂല്യമുള്ള യുദ്ധ ടാങ്കുകളും 500 മില്യണ്‍ ഡോളറിന്‍റെ വാഹനങ്ങളും 60 മില്യണ്‍ ഡോളര്‍ മൂല്യമുള്ള മോര്‍ട്ടാര്‍ ഷെല്ലുകളും പാക്കേജിൽ ഉൾപ്പെടുന്നുവെന്ന് യു.എസ് കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.കഴിഞ്ഞ മാസം, ഇസ്രായേൽ, യുക്രൈന്‍, തായ്‌വാൻ എന്നീ രാജ്യങ്ങള്‍ സൈനിക സഹായം നൽകുന്ന 95 ബില്യൺ ഡോളറിൻ്റെ വിദേശ സഹായ ബിൽ കോൺഗ്രസ് പാസാക്കിയിരുന്നു.
റഫയില്‍ അധിനിവേശം നടത്തിയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് അമേരിക്ക നിര്‍ത്തുമെന്ന് ബൈഡന്‍ കഴിഞ്ഞ ആഴ്ച സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ''ഞാന്‍ വ്യക്തമായി ഒരു കാര്യം പറയുകയാണ്. അവര്‍ റഫയിലേക്ക് പോയാല്‍, ഇതുവരെ പോയിട്ടില്ല, അഥവാ പോയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തും'' എന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് പറഞ്ഞത്. എന്നാല്‍ അയൺ ഡോം സിസ്റ്റത്തിനുള്ള വിഭവങ്ങൾ പോലെയുള്ള പ്രതിരോധ ആയുധങ്ങൾ അമേരിക്ക ഇസ്രായേലിന് നൽകുമെന്നും ബൈഡന്‍ അറിയിച്ചിരുന്നു.
അതേസമയം വടക്കൻ, തെക്കൻ ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. റഫയിലും ജബാലിയയിലും ഇസ്രായേൽ സൈന്യം കര വ്യോമാക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. യുഎൻ നടത്തുന്ന ക്ലിനിക്ക് ഇസ്രായേൽ വിമാനങ്ങൾ ലക്ഷ്യമിട്ടതിനെ തുടർന്ന് നഗരത്തിലെ സാബ്ര പരിസരത്ത് പത്ത് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി അൽ ജസീറ ലേഖകന്‍ താരീഖ് അബു അസ്സൗം റിപ്പോര്‍ട്ട് ചെയ്യുന്നു. മേയ് 6 മുതല്‍ റഫയില്‍ നിന്ന് 450,000 ആളുകള്‍ പലായനം ചെയ്തതായി ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി യു.എന്‍.ആര്‍.ഡബ്ള്യൂ.എ(UNRWA)ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗസ്സ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഒക്ടോബർ 7 മുതൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 35,173 പേർ കൊല്ലപ്പെടുകയും 79,061 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.