പെഗാസസ് നിർമാതാക്കളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക
ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗാസസ് നിർമാതാക്കളായ എൻ.എസ്.ഒ യെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. അമേരിക്കയുടെ വാണിജ്യ വിഭാഗമാണ് എൻ.എസ്.ഒ, കാണ്ടിരു തൂങ്ങിയ ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ കമ്പനികളെ വ്യാപാര കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
സർക്കാർ ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ തുടങ്ങിയവരിൽ ചാരവൃത്തി നടത്താൻ വിദേശ സർക്കാരുകൾക്ക് സോഫ്റ്റ്‌വെയർ വില്പന നടത്തിയെന്ന് ആരോപിച്ചാണ് കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. റഷ്യയിലെ പോസിറ്റീവ് ടെക്‌നോളജീസ്, സിംഗപ്പൂരിലെ കമ്പ്യൂട്ടർ സെക്യൂരിറ്റി ഇനിഷ്യേറ്റിവ് എന്നീ കമ്പനികളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കരിമ്പട്ടികയിൽ ഉൾപെടുത്തിയതോടെ ഈ കമ്പനിയിലേക്കുള്ള അമേരിക്കയിൽനിന്നുള്ള കയറ്റുമതി നിയന്ത്രിക്കപ്പെടും. ഏകാധിപത്യ ഭരണകൂടങ്ങൾക്ക് ഹാക്കിങ് ഉപകരണങ്ങൾ വിൽക്കുന്നതിന് പേരുകേട്ട കമ്പനികളാണ് എൻ.എസ്.ഒയും കാണ്ടിരുവും. എന്നാൽ തങ്ങൾ നിയമ പാലന, രഹസ്യാന്വേഷണ ഏജൻസികൾക്ക് മാത്രമാണ് തങ്ങളുടെ ഉത്പന്നങ്ങൾ വിളിക്കുന്നതെന്ന് എൻ.എസ്.ഒ പറയുന്നു.
വാർത്തയോട് പ്രതികരിക്കാൻ എൻ.എസ്.ഒ വക്താവ് തയ്യാറായില്ലെന്ന് വാർത്ത ഏജൻസി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. റഷ്യൻ രഹസ്യാന്വേഷണ ഏജൻസിക്കു വേണ്ടി പ്രവർത്തിച്ചുവെന്നാരോപിച്ചാണ് റഷ്യൻ കമ്പനിയെ ബൈഡൻ ഭരണകൂടം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ആരോപണങ്ങൾ കമ്പനി നിഷേധിച്ചു.