വില അരലക്ഷത്തിലധികം; ഭക്ഷണപ്രേമികളെ ഞെട്ടിച്ച് ഈ 'സ്വര്‍ണ ബര്‍ഗര്‍'
വിലയല്‍പ്പം കൂടിയാലും ആളുകള്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് റെസ്റ്റോറന്റ് ഉടമകള്‍
ഭക്ഷണപ്രേമികളുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ് ബർഗർ. പല രുചിയിൽ പല വിലയിൽ ബർഗറുകൾ ലഭ്യമാണ്. എന്നാലും ഒരു ബർഗറിന് നിങ്ങൾ പരമാവധി എത്ര രൂപ ചെലവഴിക്കാൻ തയ്യാറാകും. ആയിരം അല്ലെങ്കിൽ പതിനായിരം. എന്നാൽ യു.എസിലെ ഒരു റെസ്റ്റോറന്റിൽ പുതുതായി പുറത്തിറക്കുന്ന ബർഗറിന്റെ വില കേട്ടാൽ നിങ്ങൾ ഞെട്ടും. ഏകദേശം 57,987 രൂപയാണ് ഈ ബർഗറിന്റെ വില.
ഏറ്റവും വിലയേറിയ ചീസ് ബർഗർ ഫിലാഡൽഫിയയിലെ 'ഡ്രൂറി ബിയർ ഗാർഡൻ' എന്ന റെസ്റ്റോറന്റാണ് നിർമിക്കുന്നത്. എന്തുകൊണ്ടാണ് ഒരൊറ്റ ബർഗറിന് ഇത്ര വില എന്നാണോ ആലോചിക്കുന്നത്. ബർഗറിൽ എട്ട് ഔൺസ് ജാപ്പനീസ് A5 വ്യാഗു ബീഫ്, വെക്‌സ്‌ഫോർഡ് പഴക്കമുള്ള ഐറിഷ് ചെഡ്ഡാർ ചീസ്, ഇറ്റാലിയൻ ബ്ലാക്ക് ട്രഫിൾ, ഇറ്റാലിയൻ കാവിയാർ, ലോബ്സ്റ്റർ മാംസം, വൈൽഡ്ഫ്‌ലോർ ബേക്കറി ബ്രിയോഷ് ബൺ ടോപ്പ് എന്നിവ ചേര്‍ത്താണ് പാകം ചെയ്യുന്നത്. ഇതിനെല്ലാം പുറമെ ഭക്ഷ്യയോഗ്യമായ സ്വർണ്ണ ഇലകളും ഇതിൽ ചേർത്തിട്ടുണ്ടെന്ന് റെസ്റ്റോറന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഞാനും എന്റെ സഹോദരനും വളരെയധികം ആസ്വദിച്ചാണ് ഈ സ്‌പെഷ്യൽ ബർഗർ തയ്യാറാക്കിയതെന്ന് റെസ്റ്റോറന്റ് ഉടമകളായ സിയോറിസ്-ബാലിസ് പറയുന്നു. ഏറെ നാളത്തെ പരീക്ഷണത്തിനൊടുവിലാണ് ഈ സ്പെഷ്യല്‍ ബര്‍ഗര്‍ വികസിപ്പിച്ചെടുത്തത്. വിലയല്‍പ്പം കൂടിയാലും ആളുകള്‍ ഇത് ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും
ഇതാദ്യമായല്ല ഭക്ഷ്യവസ്തുക്കളുടെ വില ലോകത്തെ ഞെട്ടിക്കുന്നത്. അടുത്തിടെയാണ് ജാപ്പനീസ് ഐസ്‌ക്രീം ബ്രാൻഡായ സെല്ലറ്റോ നിർമ്മിച്ച 'ബൈകുയ' ഐസ്‌ക്രീം ഏറ്റവും വിലകൂടിയ ഐസ്‌ക്രീം എന്ന ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത്. 5.5 ലക്ഷം രൂപയാണ് ഐസ്ക്രീമിന്റെ വില.