തുർക്കിയെ ഒറ്റപ്പെടുത്താൻ നോക്കിയാൽ ഒരു വിലപ്പെട്ട സുഹൃത്താകും യുഎസിന് നഷ്ടപ്പെടുക; ബൈഡനെ ഓർമിപ്പിച്ച് ഉർദുഗാൻ
ഈ മാസം 14ന് ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് തുർക്കി പ്രസിഡന്റിന്റെ മുന്നറിയിപ്പ്
ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് ഏതാനും ദിവസങ്ങൾ ബാക്കിനിൽക്കെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പുമായി തുർക്കി. തങ്ങളെ ഒറ്റപ്പെടുത്താൻ നോക്കിയാൽ ഒരു വിലപ്പെട്ട സുഹൃത്തിനെയാകും അമേരിക്ക നഷ്ടപ്പെടുത്തുന്നതെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ വ്യക്തമാക്കി. തുർക്കി വാർത്താ ചാനലായ ടിആർടിക്കു നൽകിയ അഭിമുഖത്തിലായിരുന്നു ഉർദുഗാന്റെ അഭിപ്രായപ്രകടനം.
ഈ മാസം 14നാണ് ഉർദുഗാനും ബൈഡനും തമ്മിൽ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയാകും കൂടിക്കാഴ്ച. ബൈഡൻ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് ഇരുനേതാക്കാളും നേരിട്ട് സംസാരിക്കുന്നത്.
ബൈഡൻ അടുത്തിടെ തുർക്കിയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ഉന്നയിച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ചപ്പോഴാണ് ഉർദുഗാൻ ഇത്തരത്തിലുള്ള മുന്നറിയിപ്പ് നൽകിയത്. സിറിയയിൽ കുർദ് സൈന്യത്തിന് അമേരിക്ക പിന്തുണ തുടരുന്നതിനെ ഉർദുഗാൻ വിമർശിച്ചു. ''അമേരിക്ക ഞങ്ങളുടെ സഖ്യരാജ്യമാണെങ്കിൽ അവർ തീവ്രവാദികൾക്കൊപ്പമാണോ ഞങ്ങൾക്കൊപ്പമാണോ നിൽക്കേണ്ടത്? നിർഭാഗ്യവശാൽ അവർ തീവ്രവാദികളെയാണ് പിന്തുണയ്ക്കുന്നത്''ഉർദുഗാൻ കുറ്റപ്പെടുത്തി.