ഹൂതി കേന്ദ്രങ്ങളിൽ സംയുക്തസേനയുടെ ആക്രമണം; 36 കേന്ദ്രങ്ങൾ തകർത്തതായി അമേരിക്ക

ഹൂതികൾക്കുള്ള കൃത്യമായ മറുപടിയാണ് ഇതെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി

Update: 2024-02-04 02:05 GMT
Editor : Lissy P | By : Web Desk
Advertising

ദുബൈ: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്ക,യു.കെ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള സംയുക്തസേനയുടെ ആക്രമണം. 36 കേന്ദ്രങ്ങൾ തകർത്തതായി അമേരിക്ക അറിയിച്ചു. ചെങ്കടലില്‍ ഹൂതികൾ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയാണ് ഇതെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി അറിയിച്ചു. 36കേന്ദ്രങ്ങളിലെയും ഹൂതികളുടെ ആയുധ സംവിധാനങ്ങളടക്കം തകര്‍ത്തെന്നും അമേരിക്ക അവകാശപ്പെട്ടു.ആക്രമണത്തില്‍ ആളപയാമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, ഇറാഖ്​, സിറിയ, യെമൻ എന്നിവിടങ്ങളിൽ ഇറാൻ അനുകൂല സായുധ വിഭാഗത്തിനു നേരെയുള്ള ആക്രമണം തുടരുമെന്ന അമേരിക്കൻ മുന്നറിയിപ്പിനിടയിൽ ഗൾഫ്​ മേഖലയിൽ സംഘർഷം കനക്കുന്നു. മേഖലാ യുദ്ധം ക്ഷണിച്ചു വരുത്താനുള്ള നീക്കത്തിൽ നിന്ന്​ അമേരിക്ക പിന്തിരിയണമെന്ന്​ ഇറാൻ ആവശ്യപ്പെട്ടു. എന്നാൽ തങ്ങളുടെ സൈനികർക്കു ​നേരെ ആക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന്​ അമേരിക്ക മുന്നറിയിപ്പ്​ നൽകിയിരുന്നു.

ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ സൈബർ വിങ്ങിനെ ലക്ഷ്യമിട്ട് അമേരിക്ക ഉപരോധവും പ്രഖ്യാപിച്ചു. ഇറാൻ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സി​ന്റെ സൈബർ ഇലക്‌ട്രോണിക് കമാൻഡിലെ ആറ് ഉദ്യോഗസ്ഥർക്കും ഇറാൻ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ സംവിധാനങ്ങൾക്ക് സാമഗ്രികൾ നൽകുന്ന ഇറാൻ, ഹോങ്കോങ് ആസ്ഥാനമായുള്ള വിതരണക്കാരുടെ ശൃംഖലക്കുമാണ് ഉപരോധം.

ഇറാഖിലും സിറിയയിലും 80 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഉപരോധപ്രഖ്യാപനം. റെവല്യൂഷണറി ഗാർഡിന്റെ എലൈറ്റ് ഖുദ്‌സ് ഫോഴ്‌സിന് ധനസഹായം നൽകുന്നുവെന്നാരോപിച്ച് തുർക്കിയ ആസ്ഥാനമായ എണ്ണക്കമ്പനിയുടെ 108 മില്യൺ ഡോളറും അമേരിക്ക പിടിച്ചെടുത്തു. അതിനിടെ, ചരക്കുകപ്പലിന് അകമ്പടിയായി ചൈനീസ് യുദ്ധക്കപ്പൽ ചെങ്കടലിൽ നങ്കൂരമിട്ടു. ചൈനയുടെയും റഷ്യയുടെയും കപ്പലുകളെ ആക്രമിക്കില്ലെന്ന്​ ഹൂതികൾ അറിയിച്ചിരുന്നു. മേഖലയിൽ സ്വാധീനമുറപ്പിക്കാനുള്ള നീക്കമായാണ്​ ചൈനയുടെ നടപടിയെ വിലയിരുത്തുന്നത്​.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News