ഇസ്രായേൽ-ഹമാസ് യുദ്ധത്തെ അപലപിച്ച് യു.എൻ സുരക്ഷാസമിതിയിൽ പ്രമേയം; വീറ്റോ ചെയ്ത് അമേരിക്ക
പ്രമേയത്തിൽ ഇസ്രായേലിന്റെ സ്വയം പ്രതിരോധം പരാമർശിക്കുന്നില്ലെന്നാണ് അമേരിക്കയുടെ വിശദീകരണം
ന്യൂയോര്‍ക്ക്: ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടും യുദ്ധത്തെ അപലപിച്ചും യു.എൻ രക്ഷാസമിതിയിൽ ബ്രസീൽ കൊണ്ടുവന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. പ്രമേയത്തിൽ ഇസ്രായേലിന്റെ സ്വയം പ്രതിരോധം പരാമർശിക്കുന്നില്ലെന്നാണ് അമേരിക്കയുടെ വിശദീകരണം. 15ൽ 12 അംഗ രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ സമിതിയിലെ സ്ഥിരാംഗങ്ങളായ റഷ്യയും ബ്രിട്ടനും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
നേരത്തെ റഷ്യ മുന്നോട്ട് വെച്ച പ്രമേയം യുഎൻ രക്ഷാസമിതി അംഗീകരിച്ചിരുന്നില്ല. അതേസമയം ഗുരുതര മാനുഷിക പ്രതിസന്ധി നേരിടുന്ന ഗസ്സയിലേക്ക് സഹായം എത്തിക്കാൻ ഇസ്രായേൽ സന്നദ്ധത അറിയിച്ചതായി ബൈഡൻ അറിയിച്ചെങ്കിലും ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ അവ്യക്തത.
ബന്ദികളുടെ മോചനം സാധ്യമാകാതെ ജീവകാരുണ്യ സഹായം ഗസ്സക്ക് കൈമാറില്ലെന്നാണ് ഇസ്രായേൽ സുരക്ഷാ മന്ത്രിയുടെ പ്രതികരണം. അതിനിടെ, ലബനാൻ അതിർത്തിയിൽ ആക്രമണ, പ്രത്യാക്രമണങ്ങൾ കരുത്താര്‍ജിച്ചു. ഹിസ്ബുല്ലക്കു പുറമെ ഇസ്ലാമിക് ജിഹാദ് സായുധവിഭാഗവും ഇസ്രായേലിനു നേരെ ആക്രമണം നടത്തി. ഗസ്സയിലേക്കും വെസ്റ്റ് ബാങ്കിലേക്കും ബൈഡൻ 100 മില്ലിയൻ ഡോളർ സഹായം പ്രഖ്യാപിച്ചു.
അതേസമയം ഇസ്രയേലിനെതിരെ ഏറ്റവും കടുപ്പമുള്ള നിലപാടെടുക്കാൻ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. എണ്ണയുൾപ്പെടെയുള്ള ഉപരോധം വേണമെന്ന് ഇറാൻ യോഗത്തിൽ ആവശ്യപ്പെട്ടു. അറബ് രാജ്യങ്ങൾ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം റദ്ദാക്കണമെന്നും അംഗങ്ങൾ സൗദിയിൽ ചേർന്ന ഇസ്ലാമിക രാജ്യങ്ങളുടെ യോഗത്തിൽ ആവശ്യപ്പെട്ടു.
ഫലസ്തീനികളുടെ ദുരിതത്തിൽ യു.എൻ സുരക്ഷാ കൗൺസിൽ പരാജയപ്പെട്ടെന്ന് ജിദ്ദയിൽ ചേർന്ന ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സാമ്പത്തിക മേഖലയിലടക്കം ഫലസ്തീന് 57 ഇസ്‌ലാമിക രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചു. 1967ലെ അതിർത്തികളോടെ ഫലസ്തീൻ രാഷ്ട്രമെന്ന പരിഹാരത്തിലേക്ക് സമ്മർദ്ദം ചെലുത്താനും യോഗം തീരുമാനിച്ചു.