എന്താ വെറൈറ്റിയല്ലേ.. ലോകത്തിലെ ഏറ്റവും ഉച്ചത്തിലുള്ള ഏമ്പക്കം; പുതിയ റെക്കോർഡിട്ട് അമേരിക്കൻ യുവതി
ലോകത്തിലെ ഏറ്റവും ഉച്ചത്തിലുള്ള ഏമ്പക്കത്തിന് നിലവിലുണ്ടായിരുന്ന ലോക റെക്കോർഡ് തകർത്താണ് യുവതി പുതിയ റെക്കോർഡിട്ടത്
പല തരം കഴിവുകളുമായി ലോക റെക്കോർഡ് സ്വന്തമാക്കിയവരുടെ വാർത്ത നാം കണ്ടിട്ടുണ്ടാകുമല്ലോ. എന്നാൽ, ഇതൊരു ഒന്നൊന്നര റെക്കോർഡ് ആണ്. ലോകത്തിൽ ഏറ്റവും ഉച്ചത്തിൽ ഏമ്പക്കം വിട്ട് റെക്കോർഡ് ഇട്ടിരിക്കുകയാണ് യുഎസിലെ ഒരു യുവതി. സാധാരണ ഭക്ഷണം കഴിച്ചു കഴിഞ്ഞ് പബ്ലിക്കായി ഏമ്പക്കം വിടാൻ ചിലർക്കെങ്കിലും ഒരു നാണക്കേട് കാണും. എന്നാൽ, തന്റെയീ വെറൈറ്റി കഴിവ് പ്രയോജനപ്പെടുത്തിയിരിക്കുകയാണ് കിമൈക്കോള വിന്റർ എന്ന യുവതി.
ലോകത്തിലെ ഏറ്റവും ഉച്ചത്തിലുള്ള ഏമ്പക്കത്തിന് നിലവിലുണ്ടായിരുന്ന ലോക റെക്കോർഡ് തകർത്താണ് യുവതി പുതിയ റെക്കോർഡിട്ടത്. 107.3 ഡെസിബെലാണ് റെക്കോർഡിലേക്ക് എത്തിയത്. 2009-ൽ ഇറ്റലിയിൽ നിന്നുള്ള എലിസ കാഗ്‌നോണി നേടിയ 107 ഡിബിയുടെ മുൻ റെക്കോർഡാണ് ഇതോടെ തകർന്നത്. പുരുഷ വിഭാഗത്തിൽ ഏറ്റവും വലിയ ശബ്ദമുണ്ടാക്കിയതിന് സമാനമായ റെക്കോർഡ് ഓസ്‌ട്രേലിയയിലെ നെവിൽ ഷാർപ്പിന്റെ പേരിലാണ്. 2021ൽ അദ്ദേഹത്തിന്റെ ഏമ്പക്കം 112.7 ഡെസിബെൽ ആയിരുന്നു.