'യുക്രൈൻ പ്രതിസന്ധിയെ കുറിച്ച് ഇന്ത്യയുമായി കൂടിയാലോചന നടത്തും': ജോ ബൈഡൻ

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോണിൽ സംസാരിച്ചിരുന്നു

Update: 2022-02-25 02:17 GMT
Editor : afsal137 | By : Web Desk
Advertising

യുക്രൈൻ പ്രതിസന്ധിയെ കുറിച്ച് അമേരിക്ക ഇന്ത്യയുമായി കൂടിയാലോചന നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുക്രൈനിൽ റഷ്യൻ ആക്രമണം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ തങ്ങളുടെ സൈനിക നടപടിയിൽ ആരെങ്കിലും ഇടപെടാൻ ശ്രമിച്ചാൽ അവർ ഒരിക്കലും കണ്ടിട്ടില്ലാത്ത അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മറ്റു രാജ്യങ്ങൾക്ക് മുന്നറിയിപ്പു നൽകി.

യുക്രൈൻ ആക്രമണം അമേരിക്കയ്ക്കുള്ള താക്കീതാണെന്ന് വ്യക്തമാക്കുന്ന പരാമർശങ്ങളും പുടിൻ നടത്തുകയുണ്ടായി. റഷ്യൻ ആക്രമണത്തിനെതിരെ ഇന്ത്യ പൂർണമായും അമേരിക്കയ്‌ക്കൊപ്പം നിൽക്കുന്നുണ്ടോയെന്ന ചോദ്യം ഉയർന്ന സാഹചര്യത്തിലാണ് യുക്രൈൻ പ്രതിസന്ധിയെ കുറിച്ച് അമേരിക്കയും ഇന്ത്യയും കൂടിയാലോചന നടത്താൻ പോവുകയാണെന്ന് ബൈഡൻ വ്യക്തമാക്കിയത്. എന്നാൽ യുക്രൈൻ പ്രതിസന്ധിയിൽ അമേരിക്കയ്ക്കും ഇന്ത്യയ്ക്കും വ്യത്യസ്ത നിലപാടാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

ഇന്ത്യയ്ക്ക് റഷ്യയുമായി ചരിത്രപരവും നയപപരവുമായ സൗഹൃദമുണ്ട്. എന്നാൽ അമേരിക്കയുമായുള്ള ബന്ധവും കഴിഞ്ഞ ഒന്നര ദശകത്തിനിടയിൽ മികച്ച നിലയിലാണ്. യുക്രൈൻ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ട നയപരമായ സമീപനമായിരിക്കും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാവുക. സമാധാനം ആഗ്രഹിക്കുകയും സമവായത്തിന്റെ മാർഗം സ്വീകരിക്കുകയും ചെയ്യുന്ന ഇന്ത്യൻ നിലപാടിൽ അമേരിക്കയ്ക്ക് അതൃപ്തിയാണുള്ളത്.

നേരത്തെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോണിൽ സംസാരിച്ചിരുന്നു. റഷ്യയും നാറ്റോ സഖ്യ രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ആത്മാർത്ഥമായ ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന ഇന്ത്യയുടെ ദീർഘകാല ബോധ്യം പ്രധാനമന്ത്രി ആവർത്തിച്ചു. ആക്രമണം ഉടൻ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി റഷ്യയോട് അഭ്യർത്ഥിച്ചു. നയതന്ത്ര ചർച്ചകളിലൂടെ സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങാൻ എല്ലാ ഭാഗത്തുനിന്നും യോജിച്ച ശ്രമങ്ങൾ ഉണ്ടാകണമെന്ന് വിദേശകാര്യ മന്ത്രാലയവും ആവശ്യപ്പെട്ടു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News