'പൊലീസിനെ കണ്ടാൽ നിർത്തില്ല'; അമിത വേഗതയിൽ ബൈക്കോടിച്ച് ഒന്നര മണിക്കൂർ പൊലീസിനെ ചുറ്റിച്ച് യുവാവ്
വിവിധ ടെലിവിഷൻ ചാനലുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുമായി ലക്ഷക്കണക്കിനാളുകളാണ് ബൈക്ക് യാത്രികന്റെ സ്റ്റണ്ടും പൊലീസിന്റെ ചേസും കണ്ടത്
സിനിമാ സ്റ്റണ്ടിനെ വെല്ലുന്ന വിധത്തിൽ അമിതവേഗതയിൽ ബൈക്കോടിച്ച് ഒന്നര മണിക്കൂറോളം പൊലീസിനെ വട്ടംകറക്കിയ യുവാവ് ഒടുവിൽ പിടിയിൽ. 'പൊലീസിനെ കണ്ടാൽ നിർത്തില്ല' (I don't stop 4 cops)െ എന്നെഴുതിയ ടീഷർട്ട് ധരിച്ച യുവാവാണ് അമേരിക്കയിലെ ലോസ് എയ്ഞ്ചൽസ് പൊലീസ് വകുപ്പിനെയാകമാനം മുൾമുനയിൽ നിർത്തിയത്. ഹെലികോപ്ടറുകളും കാറുകളുമായി പൊലീസ് പിന്തുടർന്നെങ്കിലും 'ഓട്ടം' അവസാനിപ്പിച്ച ശേഷമാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഒരാൾ ഗതാഗത നിയമങ്ങൾ തെറ്റിച്ച് അമിതവേഗതയിൽ ബൈക്കോടിക്കുന്ന വിവരം ലോസ് എയ്ഞ്ചൽസ് കൗണ്ടി ഷെറിഫ്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ട്രാഫിക് സിഗ്നലുകൾ നിർത്താതെ, അമിതവേഗതയിൽ ബൈക്കോടിച്ച ഇയാളെ പിടികൂടാൻ പൊലീസ് വാഹനങ്ങൾ ഇറങ്ങിയെങ്കിലും അൽപസമയം പിന്തുടർന്ന ശേഷം ശ്രമം ഉപേക്ഷിച്ചു. മണിക്കൂറിൽ 80 മൈൽ (128 കിലോമീറ്റർ) വേഗത്തിൽ 'പറപറക്കുന്ന' ഇയാളെ പിന്തുടരുന്നത് അപകടത്തിന് കാരണമാകുമെന്ന നിഗമനത്തോടെയായിരുന്നു ഇത്. കാറുകൾക്കു പകരം ഒന്നിലേറെ ഹെലികോപ്ടറുകൾ ഉപയോഗിച്ചാണ് പിന്നീട് ഇയാളെ പിന്തുടർന്നത്.
സാഹസിക യാത്ര ടെലിവിഷൻ ചാനലുകൾ തത്സമയ വാർത്തയാക്കിയതോടെ ഇയാളെ കാണാൻ ജനങ്ങൾ വീടുകളുടെ ബാൽക്കണികളിലും മറ്റും കാത്തുനിന്നു. 'ആരാധകരെ' നിരാശരാക്കാതെ കൈവീശിക്കാണിക്കാൻ ഇയാൾ മറന്നില്ല. 12.10-ഓടെ ബൈക്കിലെ ഇന്ധനം തീരാറായതോടെ ബൽഡ്‌വിൻ പാർക്ക് എന്ന സ്ഥലത്തെ ഗ്യാസ് സ്റ്റേഷനിലെത്തി. മറ്റൊരു വാഹനത്തിൽ നിറക്കുകയായിരുന്ന നോസിൽ പിടിച്ചെടുത്ത് സ്വന്തം ബൈക്കിന്റെ ടാങ്കിൽ ഗ്യാസോലിൻ നിറച്ച് ഇയാൾ യാത്ര തുടർന്നു.
12.30-ന് പാസഡേന എന്ന സ്ഥലത്ത് ഒരു കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ ഇയാൾ ബൈക്ക് ഒതുക്കിയതോടെയാണ് സ്റ്റണ്ട് അവസാനിച്ചത്. നിമിഷങ്ങൾക്കുള്ളിൽ ആറ് കാറുകളിലായി സ്ഥലത്തെത്തിയ പൊലീസ് അൽപസമയത്തെ തെരച്ചിലിനു ശേഷം 'സ്റ്റണ്ട് റൈഡറെ' പൊക്കി. സാഹസികമായ ഡ്രൈവിങ്, അമിതവേഗത എന്നിവയ്ക്ക് ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.
വിവിധ ടെലിവിഷൻ ചാനലുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുമായി ലക്ഷക്കണക്കിനാളുകളാണ് ബൈക്ക് യാത്രികന്റെ സ്റ്റണ്ടും പൊലീസിന്റെ ചേസും കണ്ടത്.