"സമ്പന്ന രാജ്യങ്ങളിലെ അനര്‍ഹരായവര്‍ക്കല്ല, ദരിദ്ര രാജ്യങ്ങളിലുള്ളവര്‍ക്ക് വാക്സിന്‍ എത്തിക്കൂ"

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് പകരം ആഗോള വാക്‌സിന്‍ ഷെയറിങ് പദ്ധതിയായ കോവാക്‌സിലേക്ക് സമ്പന്ന രാജ്യങ്ങള്‍ തങ്ങളുടെ ഡോസുകള്‍ നല്‍കണം

Update: 2021-05-15 07:31 GMT
Editor : Suhail | By : Web Desk
Advertising

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് ഒരുങ്ങുന്ന രാജ്യങ്ങള്‍ തീരുമാനം പുനരാലോചിക്കണമെന്ന് ലോകാരോഗ്യ സംഘടന. വന്‍ശക്തി രാഷ്ട്രങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാനായി മാറ്റിവെച്ച വാക്‌സിന്‍ ഡോസുകള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് നല്‍കണമെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്‌ട്രോസ് അഥനോം ഗബ്രിയേസസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാക്‌സിന്‍ ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ലാത്ത ദരിദ്ര രാജ്യങ്ങളുണ്ട് ലോകത്ത്. എന്നാല്‍ ചില സമ്പന്ന രാജ്യങ്ങള്‍ അപകട സാധ്യതയില്ലാത്തവര്‍ക്കും വാക്‌സിന്‍ നല്‍കി കഴിഞ്ഞു. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് അവര്‍. അനര്‍ഹരായവര്‍ക്ക് വാക്സന്‍ നല്‍കുന്നതിന് പകരം, ഏറ്റവും അര്‍ഹതപ്പെട്ട ദരിദ്ര രാജ്യങ്ങളിലുള്ളവര്‍ക്കായി അത് മാറ്റിവെക്കണമെന്നും ടെഡ്രോസ് പറഞ്ഞു.

 കുട്ടികള്‍ക്ക് നിലവില്‍ വാക്‌സിന്‍ നല്‍കുന്നതിന് പകരം ആഗോള വാക്‌സിന്‍ ഷെയറിങ് പദ്ധതിയായ 'കോവാക്‌സി'ലേക്ക് സമ്പന്ന രാജ്യങ്ങള്‍ തങ്ങളുടെ ഡോസുകള്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയാണ്. ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്ക് വാക്‌സിന്‍ എത്തിക്കാന്‍ ലോകരാജ്യങ്ങള്‍ സഹകരിക്കണമെന്നും ടെഡ്രോസ് ഗബ്രിയേസസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാക്‌സിന്‍ വിതരണത്തിലെ അസമത്വം മൂലമുള്ള ദുരന്തം ജനുവരിയില്‍ തന്നെ പ്രവചിച്ചിരുന്നതാണ്. ഇപ്പോഴത് സത്യമായി പുലര്‍ന്നിരിക്കുന്നു. കോവാക്‌സിലേക്ക് ഡോസുകള്‍ സംഭാവന ചെയ്ത ഫ്രാന്‍സിനെയും സ്വീഡനേയും ലോകരാജ്യങ്ങള്‍ മാതൃകയാക്കണമെന്നും ടെഡ്രോസ് പറഞ്ഞു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News