അഞ്ച് ഡോളറിനെ ചൊല്ലി തർക്കം; ഇന്ത്യൻ ഹോട്ടലുടമയെ യുഎസിൽ വെടിവച്ചു കൊന്നു
ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കണക്ടികട്ട്: സ്വിമ്മിങ് പൂളിൽ പ്രവേശിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഇന്ത്യയ്ക്കാരനായ ഹോട്ടലുടമ യുഎസിൽ വെടിയേറ്റു മരിച്ചു. മുപ്പതുകാരനായ സീഷൻ ചൗധരിയെയാണ് ഹോട്ടലിൽ മുറിയെടുത്ത യുഎസ് പൗരൻ വെടിവച്ചു കൊന്നത്. വെർനോണിലെ മോട്ടൽ 6 ഉടമയാണ് സീഷൻ ചൗധരി.
31കാരനായ ആൽവിൻ വോയാണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഒരു മാസമായി പെൺസുഹൃത്തിനൊപ്പം ഹോട്ടലിൽ അതിഥിയായി താമസിക്കുന്നയാളാണ് വോയെന്ന് കോടതി രേഖകൾ പറയുന്നു.
ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പൂൾ പാസായി പത്ത് ഡോളർ നൽകണമെന്നാണ് സീഷൻ ആവശ്യപ്പെട്ടത്. എന്നാൽ അഞ്ചു ഡോളറേ തരൂവെന്ന് വോ പറഞ്ഞു. തർക്കത്തിനിടെ ഇരുവരോടും ഹോട്ടലിൽ നിന്നിറങ്ങാൻ ഉടമ ആവശ്യപ്പെട്ടു. മുറി പൂട്ടാൻ ജോലിക്കാർക്ക് നിർദേശം നൽകുകയും ചെയ്തു.
എന്നാൽ മുറിയിലേക്ക് തിരിച്ചു പോയ വോ തോക്കുമായാണ് തിരിച്ചെത്തിയത്. കുറച്ചു നേരം തർക്കിച്ച ശേഷം സീഷനു നേരെ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കസ്റ്റഡിയിലുള്ള വോ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകം അടക്കം വിവിധ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.