'വലതു കൈയിന്‍റെയും കാലിന്‍റെയും ചലനശേഷി നഷ്ടം, കാഴ്ച കുറയുന്നു'; പുടിൻ ഗുരുതരാവസ്ഥയിലെന്ന് അഭ്യൂഹം

ക്രെംലിനകത്തെ രഹസ്യവിവരങ്ങൾ പുറത്തുവിട്ട് വാർത്തകളിൽ നിറഞ്ഞ റഷ്യൻ സംഘം 'ജനറൽ എസ്.വി.ആർ' ആണ് പുതിയ റിപ്പോർട്ടിനു പിന്നിൽ

Update: 2023-04-10 14:40 GMT
Editor : Shaheer | By : Web Desk
Advertising

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന് ഗുരുതരമായ അസുഖങ്ങളെന്ന് അഭ്യൂഹം. വലതുകൈയിന്റെയും കാലിന്റെയും ശേഷി നഷ്ടപ്പെടുകയും കടുത്ത തലവേദന അനുഭവിക്കുകയും ചെയ്യുന്നതായാണ് വിവരം. ഇതോടൊപ്പം കാഴ്ചശേഷി കുറയുകയും നാവിനു മരവിപ്പ് വന്നതായും സൂചനയുണ്ട്.

ക്രെംലിനകത്തെ രഹസ്യവിവരങ്ങൾ പുറത്തുവിട്ട് വാർത്തകളിൽ നിറഞ്ഞ റഷ്യൻ സംഘമായ 'ജനറൽ എസ്.വി.ആറി'നെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങളാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കൈയിന്റെയും കാലിന്റെയും ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതോടൊപ്പമാണ് സംസാരശേഷിക്കും കാഴ്ചശേഷിക്കും ഗുരുതരസ്ഥിതിയുള്ളത്. പുടിൻ അടിയന്തരമായി ചികിത്സയ്ക്കു വിധേയനാകുമെന്ന് ജനറൽ എസ്.വി.ആർ പറയുന്നു.

പ്രാഥമിക പരിചരണം നൽകിയിട്ടുണ്ട്. കൂടുതൽ മെഡിക്കൽ പരിചരണം വേണ്ടതുണ്ടെന്നാണ് പുടിന്റെ ഡോക്ടർമാരുടെ സമിതി നിർദേശിച്ചിരിക്കുന്നത്. കുറച്ചു ദിവസം വിശ്രമത്തിനും നിർദേശമുണ്ട്. എന്നാൽ, വിശ്രമിക്കാനാകില്ലെന്ന് പുടിൻ വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കഴിഞ്ഞ മാർച്ചിലും പുടിൻ ഗുരുതരമായ അസുഖങ്ങളെ തുടർന്ന് ചികിത്സയ്ക്കു വിധേയനായിരുന്നു. നിലവിൽ എവിടെ പോകുമ്പോഴും ഡോക്ടർമാർക്കൊപ്പമാണ് അദ്ദേഹം സഞ്ചരിക്കുന്നതെന്ന് ജനറൽ എസ്.വി.ആർ പറയുന്നു. അർബുദവും പാർക്കിൻസൺസ് അടക്കമുള്ള ഗുരുതര രോഗങ്ങളുമാണ് പുടിനുള്ളതെന്നാണ് മുൻപ് റിപ്പോർട്ടുണ്ടായിരുന്നത്. എന്നാൽ, പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ റഷ്യൻ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.

 Summary: Russian President Vladimir Putin is reportedly partially losing sensation in right arm and leg along with severe head pain and blurred vision

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News