'ലോകാവസാനമാണെന്നാണ് ഞങ്ങൾ കരുതിയത്'; ഭൂചലനത്തിന്റെ ആഘാതത്തിൽ നടുങ്ങി തുർക്കി ജനത

നൂറ് വർഷത്തിലൊരിക്കൽ മാത്രം ഉണ്ടാകുന്ന തരത്തിലുള്ള ദുരന്തമാണ് ഉണ്ടായതെന്ന് തുർക്കി വൈസ് പ്രസിഡന്റ് ഫുആദ് ഓക്തെ പറഞ്ഞു.

Update: 2023-02-07 06:19 GMT

Turkey earthquacke

Advertising

ഇസ്താംബൂൾ: രാജ്യത്തെ പിടിച്ചുകുലുക്കിയ ഭൂചലനത്തിന്റെ ആഘാതത്തിൽ നടുങ്ങി തുർക്കി ജനത. റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിൽ തുർക്കിയിലും സിറിയയിലുമായി 4,365 പേർ മരിച്ചതായാണ് അവസാനം പുറത്തുവന്ന കണക്ക്. മരിച്ചവരുടെ എണ്ണം 20,000 വരെ ഉയരുമെന്നാണ് ലോകാരോഗ്യസംഘടന നൽകുന്ന മുന്നറിയിപ്പ്.



ലോകത്തെ സജീവ ഭൂകമ്പ മേഖലകളിലൊന്നാണ് തുർക്കി. ചെറിയ ഭൂചലനങ്ങൾ അനുഭവപ്പെടാറുണ്ടെങ്കിലും തിങ്കളാഴ്ച ഉണ്ടായതുപോലെ ഒരു പ്രകമ്പനം ഇതുവരെ അനുഭവപ്പെട്ടിട്ടില്ലെന്ന് സജീവ ഭൂകമ്പ മേഖലയായ കഹ്‌റമൻമറസിൽ താമസിക്കുന്ന മെലിസ സൽമാൻ എന്ന യുവതി ബി.ബി.സിയോട് പറഞ്ഞു.

''ഇവിടെ ഇടക്കിടെ പ്രകമ്പനങ്ങളുണ്ടാകാറുണ്ട്. പക്ഷേ ഇന്നലെയുണ്ടായതുപോലെ ഒന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ലോകാവസാനമാണെന്നാണ് ഞങ്ങൾ കരുതിയത്''-മെലീസ പറഞ്ഞു.

നൂറ് വർഷത്തിലൊരിക്കൽ മാത്രം ഉണ്ടാകുന്ന തരത്തിലുള്ള ദുരന്തമാണ് ഉണ്ടായതെന്ന് തുർക്കി വൈസ് പ്രസിഡന്റ് ഫുആദ് ഓക്തെ പറഞ്ഞു. 7.8 രേഖപ്പെടുത്തിയ വൻ ഭൂചലനത്തിന് പിന്നാലെ 145 തുടർചലനങ്ങളുണ്ടായി. അതിൽ മൂന്നെണ്ണം 6.0 തീവ്രത രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

തുർക്കിയിലും സിറിയയിലുമായി 5600 കെട്ടിടങ്ങൾ തകർന്നതായി ദുരന്തനിവാരണസേന പറഞ്ഞു. പുലർച്ചെ ആളുകൾ ഉറങ്ങുമ്പോഴാണ് നിരവധി ബഹുനില കെട്ടിടങ്ങൾ തകർന്നുവീണത്. നിരവധിപേരാണ് ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്.



Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News