"ഇവിടെ നിങ്ങള്‍ക്കായി ഞങ്ങളുണ്ട്''കാനഡയിലെ മുസ്‍ലിംകളോട് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ

കാനഡയില്‍ മുസ്‍ലിം വിദ്വേഷത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ നാലുപേരെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം

Update: 2021-06-08 07:54 GMT
By : Web Desk
Advertising

കാനഡയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ ട്രക്ക് ഇടിക്കുകയും നാലുപേരെ കൊലപ്പെടുത്തുകയും ചെയ്തത് മുസ്‍ലിം വിദ്വേഷത്തെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കാനഡയിലെ പൊലീസ്. അക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇപ്പോഴിതാ രാജ്യത്തെ മുസ്‍ലിംകള്‍ക്കൊപ്പം ഞങ്ങളുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.

ഞായറാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മുസ്‍ലിംകള്‍ക്കെതിരെയുള്ള വിദ്വേഷം, വഞ്ചനയാണെന്നും നിന്ദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തോടുള്ള വെല്ലുവിളിയാണ്. ഇത് അവസാനിപ്പിക്കണമെന്നും സംഭവം തന്നെ ഭയപ്പെടുത്തുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടെന്നും ഇരകളുടെ കുടുംബത്തോട് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

കാനഡയിലെ ഒന്‍റാരിയോ പ്രവിശ്യയുടെ തെക്ക് ഭാഗത്താണ് ഒരു കുടുംബത്തിലെ നാലു പേര്‍ കഴിഞ്ഞ ദിവസം പിക്ക് അപ് ട്രക്ക് ഇടിച്ച് മരിച്ചത്. 20 വയസ്സുള്ള ഒരു യുവാവാണ് വാഹനം ഓടിച്ചിരുന്നത്. 20കാരനായ നഥാനിയേല്‍ വെല്‍റ്റ്മാനാണ് പ്രതി. അപകടമുണ്ടാകുമ്പോള്‍ ഇയാള്‍ സംരക്ഷണ കവചം ധരിച്ചിരുന്നു എന്നതാണ് സംശയത്തിന് ഇടയാക്കിയത്. ഇടിയുടെ ആഘാതം ഏല്‍ക്കാതിരിക്കാനായിരുന്നു ഇത്. അക്രമിയെ പിന്നീട് അപകടമുണ്ടായതിന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ഒരു മാളില്‍വെച്ച് പോലീസ് പിടികൂടിയെന്നും ഡിറ്റക്ടീവ് സൂപ്രണ്ട് പോള്‍ വൈറ്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അപകടം ആസൂത്രിതവും മുന്‍കൂട്ടി തീരുമാനിച്ചതുമായിരുന്നു എന്നതിന് തെളിവുകളുണ്ട്. വെറുപ്പും വിദ്വേഷവുമാണ് അക്രമത്തിന് കാരണവും പ്രേരണയും. മുസ്‍ലിം കുടുംബം ആയതുകൊണ്ടാണ് അവര്‍ക്കെതിരെ അക്രമമുണ്ടായത് എന്നാണ് വ്യക്തമാകുന്നതെന്നും ഡിറ്റക്ടീവ് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

ഇത് മുസ്‍ലിംകള്‍ക്കെതിരെ മാത്രമല്ല ലണ്ടനുകാര്‍ക്കെതിരെയും നടന്ന കൂട്ടക്കൊലയാണ്. പറഞ്ഞറിയിക്കാനാവാത്ത വിദ്വേഷം മാത്രമാണ് അതിന് കാരണമെന്നും ലണ്ടന്‍ മേയര്‍ അറിയിച്ചു.

46കാരനായ സല്‍മാന്‍ അഫ്‍സല്‍, അദ്ദേഹത്തിന്‍റെ  ഭാര്യ 44കാരി മദിഹ, മകള്‍ 15കാരീ യുമ്‍ന, 74കാരിയായ അമ്മയും ഉള്‍ ഒരു കൂടുംബത്തിലെ 4 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ ഒമ്പത് വയസ്സുള്ള ഫായിസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ റോഡരികിലൂടെ നടന്ന് പോകുമ്പോഴായിരുന്നു കറുപ്പ് നിറത്തിലുള്ള പിക്ക് അപ് ട്രക്ക് പാഞ്ഞെത്തിയത്.

Tags:    

By - Web Desk

contributor

Similar News