50 വർഷമായി അണയാത്ത 'നരകത്തിന്റെ വാതിൽ' അടയ്ക്കാൻ ഒരുങ്ങി തുർക്ക്‌മെനിസ്താൻ
ഇതിന് മുമ്പും ഗർത്തത്തിലെ തീ അണച്ച് ഗർത്തം അടയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അതിന് സാധിച്ചിരുന്നില്ല
തുർക്ക്‌മെനിസ്താനിലെ വസ്ത് അറം മരുഭൂമിലെ 'നരകത്തിന്റെ വാതിൽ' എന്നറിയപ്പെടുന്ന ഗർത്തം അടയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് തുർക്ക്‌മെനിസ്താൻ പ്രസിഡണ്ട് ഗുർബാംഗുലി ബെർദിമുഖ്മദോവ്. 1971 ൽ ഉണ്ടായതെന്ന് വിശ്വസിക്കുന്ന ഗർത്തത്തിൽ 50 വർഷമായി തീ ആളിപ്പടരുകയാണ്. ഇതിന് മുമ്പും തീ അണച്ച് ഗർത്തം അടയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അതിന് സാധിച്ചിരുന്നില്ല.
'അണയാതെ തീ ആളിപ്പടരുന്നതിനോടൊപ്പം ഇല്ലാതാവുന്നത് നിരവധി പ്രകൃതിവിഭവങ്ങളാണ്. ഇതോടൊപ്പം, ഈ ഗർത്തതിന്റെ പരിസരപ്രദേശത്ത് താമസിക്കുന്ന ആളുകളുടെ ജീവനും ഇത് വെല്ലുവിളി ഉയർത്തുന്നുണ്ട്'.പ്രസിഡണ്ട് പറഞ്ഞു.
എന്താണ് 'നരകത്തിന്റെ വാതിൽ'
തുർക്ക്‌മെനിസ്താനിലെ വസ്ത് അറം മരുഭൂമിയിലാണ് 'നരകത്തിന്റെ വാതിൽ' എന്നറിയപ്പെടുന്ന ഗർത്തം സ്ഥിതിചെയ്യുന്നത്. 225 അടി വീതിയും 99 അടി ആഴവുമുള്ള ഗർത്തത്തിൽ 1971 മുതൽ ഇതുവരെ തീ ആളിപ്പടരുകയാണ്. ചരിത്ര ഗവേഷകരുടെ അനുമാനത്തിൽ 1971 ൽ സോവിയേറ്റ് ശാസ്ത്രജ്ഞർ നടത്തിയ പരീക്ഷണ പരാജയമാണ് ഗർത്തമുണ്ടാക്കാനുള്ള കാരണം.
പെട്രോളിയം ഖനനം നടത്തുന്നതിനിടെയാണ് വലിയ ഗർത്തം രൂപപ്പെട്ടുന്നത്. എന്നാൽ ഗർത്തത്തിൽ നിന്ന് ടോക്‌സിക്ക് മീഥയ്ൻ ചോർച്ചയുണ്ടായതോടെ സ്ഥിതിഗതികൾ വഷളാവുകയായിരുന്നു. പതുക്കെ അന്തരീക്ഷം ചൂടുപിടിക്കുകയും തീപടരുകയുമായിരുന്നു.50 വർഷമായും അണയാതെ തീപടരുന്നതിന്റെ രഹസ്യം പ്രദേശത്തുള്ള മീഥയ്‌ന്റെ അതിപ്രസരമാണെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.