23 രാജ്യങ്ങളിൽ ഒമിക്രോൺ; കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന
ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് യാത്രാവിലക്ക് ഏർപ്പെടുത്തുന്നതിനു പകരം രോഗവ്യാപനം ചെറുക്കാൻ ആവശ്യമായ യുക്തിസഹമായ മറ്റു മാർഗങ്ങൾ അവലംബിക്കുകയാണ് വേണ്ടതെന്ന് ഡബ്ല്യുഎച്ച്ഒ തലവന്‍ അറിയിച്ചു
കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ 23 രാജ്യങ്ങളിൽ സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. പുതിയ സ്ഥിതിഗതികളെ അതീവ ഗൗരവത്തോടെയാണ് തങ്ങൾ കാണുന്നതെന്നും എല്ലാ ലോകരാജ്യങ്ങളും ആ ഗൗരവം പുലർത്തണമെന്നും ഡബ്ല്യുഎച്ച്ഒ ഡയരക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ഡബ്ല്യുഎച്ച്ഒ സ്ഥിരീകരിച്ച രാജ്യങ്ങളും അവിടങ്ങളിലെ ഒമിക്രോൺ കേസുകളും:
1. ദക്ഷിണാഫ്രിക്ക(77 കേസുകൾ)
2. ബ്രിട്ടൻ(22)
3. ബോട്‌സ്വാന(19)
4. നെതർലൻഡ്‌സ്(16)
5. പോർച്ചുഗൽ(13)
6. ഇറ്റലി(ഒൻപത്)
7. ജർമനി(ഒൻപത്)
8. ആസ്‌ട്രേലിയ(ഏഴ്)
9. കാനഡ(ആറ്)
10. ദക്ഷിണ കൊറിയ(അഞ്ച്)
11. ഹോങ്കോങ്(നാല്)
12. ഇസ്രായേൽ(നാല്)
13. ഡെന്മാർക്ക്(നാല്)
14. സ്വീഡൻ(മൂന്ന്)
15. ബ്രസീൽ(മൂന്ന്)
16. നൈജീരിയ(മൂന്ന്)
17. സ്‌പെയിൻ(രണ്ട്)
18. നോർവേ(രണ്ട്)
19. ജപ്പാൻ(രണ്ട്)
20. ആസ്ട്രിയ(ഒന്ന്)
21. ബെൽജിയം(ഒന്ന്)
22. ഫ്രാൻസ്(ഒന്ന്)
23. ചെക്ക് റിപബ്ലിക്(ഒന്ന്)
പുതിയ വകഭേദത്തിൽ അത്ഭുതമില്ലെന്നും കോവിഡ് വ്യാപനം തുടരുന്ന കാലത്തോളം ഇത്തരത്തിലുള്ള സംഭവങ്ങൾ പ്രതീക്ഷിക്കാമെന്നും ഡബ്ല്യുഎച്ച്ഒ തലവന്‍ പറഞ്ഞു. ഒമിക്രോണിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചും വ്യാപനശേഷിയെക്കുറിച്ചും കൂടുതൽ പഠിച്ചുവരികയാണെന്നും ഇതിനെതിരെയുള്ള വാക്‌സിന്റെ ഫലപ്രാപ്തി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Media briefing on #COVID19 with @DrTedros https://t.co/i3aJDixpiz
— World Health Organization (WHO) (@WHO) December 1, 2021
ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് യാത്രാവിലക്ക് ഏർപ്പെടുത്തുന്നതിനു പകരം രോഗത്തിന്റെ അപകടം കുറയ്ക്കാൻ ആവശ്യമായ യുക്തിസഹമായ മറ്റു മാർഗങ്ങൾ അവലംബിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവർത്തിച്ചു. വിമാനത്താവളത്തിൽ പരിശോധന കർക്കശമാക്കുക, നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തുക തുടങ്ങിയ മാർഗങ്ങൾ അവലംബിക്കാമെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സൂചിപ്പിച്ചു.
Summary: The Omicron Covid-19 variant, which was discovered in southern Africa last month, has now spread to as many as 23 countries, the director-general of World Health Organisation (WHO) Tedros Adhanom Ghebreyesus said on Wednesday.