കോവിഡ് 19; ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കാന്‍ വൈകിയെന്ന് സ്വതന്ത്ര പാനല്‍
ലോകാരോഗ്യ സംഘടനയെ ശാക്തീകരിക്കുക എന്നത് അനിവാര്യമാണെന്ന് പാനൽ വിലയിരുത്തി.
ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണം കൃത്യസമയത്ത് നടപടികളെടുക്കാത്തതും തെറ്റായ തീരുമാനങ്ങളുമാണെന്ന് ഇൻഡിപെൻഡന്‍റ് പാനൽ ഫോർ പാൻഡമിക് പ്രിപേർഡ്നസ് ആൻഡ് റെസ്പോൺസ് (ഐ.പി.പി.പി.ആർ) റിപ്പോർട്ട്. അൽപം കാര്യക്ഷമത കാട്ടിയിരുന്നെങ്കിൽ 3.3 ദശലക്ഷത്തിലേറെ പേർ മരിക്കുന്നതും ആഗോള സമ്പദ്‌വ്യവസ്ഥ തകിടം മറിയുന്നതും ഒഴിവാക്കാമായിരുന്നെന്ന് സ്വതന്ത്ര പാനലിന്‍റെ റിപ്പോർട്ടില്‍ പറയുന്നു.
വൈറസ് വ്യാപനം നേരിടുന്നതിനു മാർഗങ്ങളില്ലാതിരുന്നതും ഏകോപനമില്ലായ്മയും മാനവരാശിയെ വൻദുരന്തത്തിലേക്കാണ് തള്ളിവിട്ടത്. അടിയന്തര സാഹചര്യം മനസിലാക്കുന്നതിൽ പല രാജ്യങ്ങളും പരാജയപ്പെട്ടു. ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകാൻ വൈകിയെന്ന ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. ന്യൂസീലൻഡ് മുൻ പ്രധാനമന്ത്രി ഹെലൻ ക്ലാർക്ക്, ലൈബീരിയൻ മുൻ പ്രസിഡന്‍റ് എലൻ ജോൺസൻ സർലീഫ് എന്നിവര്‍ അധ്യക്ഷരായ സമിതിയുടേതാണ് വിലയിരുത്തല്‍.
2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ സാർസ് കോവ് 2 എന്ന വൈറസ് പൊട്ടിപ്പുറപ്പെട്ടിട്ടും 2020 ഫെബ്രുവരിയാകുന്നതുവരെ കാര്യത്തിന്‍റെ ഗൗരവം ലോകത്തെ അറിയിക്കാൻ ചൈന തയാറായില്ല. വുഹാനിൽ വൈറസ് കണ്ടെത്തിയപ്പോൾ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതായിരുന്നു. പല മേഖലകളിൽ നിന്നുള്ള തുടർച്ചയായ അലംഭാവം ദുരന്തത്തിന്‍റെ തീവ്രത വർധിപ്പിച്ചു.
ലോകാരോഗ്യ സംഘടനയെ ശാക്തീകരിക്കുക എന്നത് അനിവാര്യമാണെന്നാണ് പാനൽ വിലയിരുത്തിയത്. മഹാമാരി പൊട്ടിപ്പുറപ്പെടുന്നത് അന്വേഷിക്കുന്നതിനും ലഭ്യമായ വിവരങ്ങൾ വേഗത്തിൽ പ്രസിദ്ധീകരിക്കുന്നതിനും സംഘടനയെ അനുവദിക്കുന്ന സുത്യാരമായ ഒരു നിരീക്ഷണ- ജാഗ്രത സംവിധാനമാണ് വേണ്ടത്.
കോവിഡിനെ കുറിച്ചുള്ള സൂചന ലഭിച്ചിട്ടും ജനുവരി 30 വരെ കാത്തിരിക്കാതെ ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി ജനുവരി 22ന് കൂടിയ യോഗത്തിൽ തന്നെ അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാമായിരുന്നു. ആ സമിതി യാത്രാ നിയന്ത്രണങ്ങളും ശുപാർശ ചെയ്തില്ല.
ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങള്‍ നവീകരിക്കേണ്ടതിന്‍റെ അനിവാര്യതയാണ് കോവിഡ് മഹാമാരി ചൂണ്ടിക്കാട്ടുന്നത്. യാത്രാ നിയന്ത്രണങ്ങൾ വേഗത്തിലും കാര്യക്ഷമമായും ഏർപ്പെടുത്തുകയായിരുന്നെങ്കിൽ രോഗവ്യാപനം തടയാമായിരുന്നെന്നും 'കോവിഡ് 19: അവസാനത്തെ മഹാമാരിയാകണം' എന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനം നേരിടുന്നതിനു സമ്പന്ന രാജ്യങ്ങൾ നൂറുകോടി ഡോസ് വാക്സിൻ ദരിദ്ര രാജ്യങ്ങൾക്കു സംഭാവന നൽകണമെന്ന നിർദേശവും റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു. ഇത്തരം മഹാമാരികളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന് ആഗോളതലത്തിൽ സംവിധാനമുണ്ടാകണം. വ്യാപനത്തെ മറികടക്കുന്നതിന് ജി7 രാജ്യങ്ങൾ 19 ബില്യൻ ഡോളർ വാക്സിനും മറ്റും ലോകാരോഗ്യ സംഘടന വഴി നൽകണം. മഹാമാരികളെ നേരിടുന്നതിന് ആഗോളതലത്തിൽ ഫണ്ട് സ്വരൂപിച്ച് 100 ബില്യൻ ഡോളർ വരെ നീക്കിവെക്കണമെന്നും റിപ്പോർട്ടിലുണ്ട്.
വാക്സിൻ ഉൽപാദനം വർധിപ്പിക്കുന്നതിനായി ലോകാരോഗ്യസംഘടനയും ലോകാവ്യാപാരസംഘടനയും സർക്കാറുകളെയും മരുന്നു നിർമാതാക്കളെയും ഒന്നിച്ചുകൂട്ടി ലൈസൻസിങ്, സാങ്കേതിക കൈമാറ്റങ്ങൾ എന്നിവ സംബന്ധിച്ച കരാർ ഉണ്ടാക്കണമെന്നും റിപ്പോർട്ട് നിര്‍ദേശിക്കുന്നു. മേയ് 24ന് ലോകാരോഗ്യസംഘടനയുടെ വാർഷിക അസംബ്ലിയിൽ ആരോഗ്യമന്ത്രിമാർ റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദേശങ്ങളും ചർച്ച ചെയ്യും.