ഹിസ്ബുല്ലയുടെ മേധാവിയാകാന്‍ ഹാഷിം സഫിയുദ്ദീൻ ?... ചുമതല ഉടനെന്ന് റിപ്പോര്‍ട്ട്
ഹിസ്ബുല്ലയുടെ എക്‌സിക്യുട്ടീവ് കൗൺസിൽ തലവനും രാഷ്ട്രീയകാര്യ വകുപ്പിന്‍റെ മേധാവിയുമാണ്
ബെയ്‌റൂത്ത്: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല തലവൻ സയ്യിദ് ഹസൻ നസ്‌റുല്ലയുടെ പിൻഗാമിയായി ഹാഷിം സഫിയുദ്ദീൻ ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ഹിസ്ബുല്ലയുടെ എക്‌സിക്യുട്ടീവ് കൗൺസിൽ തലവനും രാഷ്ട്രീയകാര്യ വകുപ്പിന്റെ മേൽനോട്ടം വഹിക്കുന്നതും ഹാഷിം സഫിയുദ്ദീനാണ്. 1964 ൽ തെക്കൻ ലബനാനിലാണ് ജനനം. ഹിസ്ബുല്ലയുടെ സൈനിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ജിഹാദ് കൗൺസിലിലും അംഗമാണ്. 1982 മുതൽ ഹിസ്ബുല്ലയുടെ ഭാഗമായ അദ്ദേഹം ഇറാനിലാണ് മതപഠനം പൂർത്തിയാക്കിയത്.
ഹസൻ നസ്‌റുല്ലയുടെ ബന്ധുവായ സഫിയുദ്ദീനെ 2017 ൽ ഭീകരവാദിയായി യു.എസ് മുദ്രകുത്തിയിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരൻ അബ്ദുല്ല സഫിയുദ്ദീൻ ഹിസ്ബുല്ലയുടെ ഇറാൻ പ്രതിനിധിയാണ്.
ഇറാനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് സഫിയുദ്ദീൻ. ഇറാന്റെ കൊല്ലപ്പെട്ട മുൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ മകളെയാണ് സഫിയുദ്ദീന്റെ മകൻ വിവാഹം ചെയ്തത്.
ലബനാനിലെ തെക്കൽ ബെയ്റൂത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലായിരുന്ന ഹസൻ നസ്റുല്ല കൊല്ലപ്പെട്ടത്.ഇറാൻ പിന്തുണയുള്ള രാഷ്ട്രീയ പാർട്ടിയും സായുധ വിഭാഗവുമായ ഹിസ്ബുല്ലയെ കഴിഞ്ഞ 32 വർഷമായി അദ്ദേഹമാണ് നയിച്ചിരുന്നത്. 1992 ഫെബ്രുവരിയിലാണ് നസ്റുല്ല ചുമതലയേറ്റത്. ആക്രമണത്തിൽ നസ്റുല്ലയ്ക്ക് പുറമെ ഇറാൻ റവല്യൂഷണറി ഗാർഡിൻ്റെ ഡെപ്യൂട്ടി കമാൻഡർ ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫറൗഷാനും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ ആറ് കെട്ടിട സമുച്ചയങ്ങളാണ് നിലംപതിച്ചത്. ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍- ലബനാന്‍ സംഘര്‍ഷം രൂക്ഷമായിരിക്കയാണ്.