'ഇമ്രാൻ വീണാൽ അടുത്ത പ്രധാനമന്ത്രി'; ആരാണ് ഷഹബാസ് ഷരീഫ്
ഇമ്രാൻ ഖാനെതിരെ പാക് പാർലമെന്റിൽ അവിശ്വാസപ്രമേയം അവതരിപ്പിച്ചത് പ്രതിപക്ഷനേതാവായ ഷഹബാസ് ഷരീഫാണ്. സഹോദരനായ നവാസ് ഷരീഫ് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് സ്ഥാനഭ്രഷ്‌നാക്കപ്പെട്ട ശേഷം പാകിസ്താൻ മുസ്‌ലിം ലീഗ്- എൻ വിഭാഗത്തിന്റെ പ്രസിഡന്റാണ് ഷഹബാസ്.
അവിശ്വാസപ്രമേയത്തിൽ ഇമ്രാൻ ഖാൻ പരാജയപ്പെട്ടാൽ പ്രതിപക്ഷനേതാവ് ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയാവുമെന്ന് സൂചന. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനാണ് ഷഹബാസ്. പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോയാണ് ഈ സൂചന നൽകിയത്.
''ഇമ്രാൻ ഖാന് ഇപ്പോൾ തന്നെ ഭൂരിപക്ഷം നഷ്ടപ്പെട്ടു കഴിഞ്ഞു. ഇനി അധികകാലം അധികാരത്തിൽ തുടരാനാവില്ല. നാളെ നടക്കുന്ന വോട്ടെടുപ്പിൽ ഈ കാര്യം തീരുമാനമാവും. നമുക്ക് സുതാര്യമായ തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യം പുനഃസ്ഥാപിക്കാനും സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാനുമുള്ള യാത്ര തുടങ്ങാം''- ബിലാവൽ പറഞ്ഞു. ഷഹബാസ് എത്രയും പെട്ടെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇമ്രാൻ ഖാനെതിരെ നാഷണൽ അസംബ്ലിയിൽ അവിശ്വാസപ്രമേയം അവതരിപ്പിച്ചത് പ്രതിപക്ഷനേതാവായ ഷഹബാസ് ഷരീഫാണ്. സഹോദരനായ നവാസ് ഷരീഫ് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് സ്ഥാനഭ്രഷ്‌നാക്കപ്പെട്ട ശേഷം പാകിസ്താൻ മുസ്‌ലിം ലീഗ്- എൻ വിഭാഗത്തിന്റെ പ്രസിഡന്റാണ് ഷഹബാസ്.
പഞ്ചാബ് പ്രവിശ്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തികൂടിയാണ് ഷഹബാസ്. 1997-ലാണ് അദ്ദേഹം ആദ്യമായി പഞ്ചാബിൽ മുഖ്യമന്ത്രിയായത്. 1999ൽ പർവേസ് മുഷറഫ് പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചതിനെ തുടർന്ന് രാജ്യം വിട്ട ഷഹബാസ് എട്ട് വർഷം സൗദി അറേബ്യയിൽ അഭയാർഥിയായി കഴിഞ്ഞു.
2007ൽ സഹോദരൻ നവാസ് ഷരീഫിനൊപ്പം പാകിസ്താനിലേക്ക് തിരിച്ചെത്തിയ ഷഹബാസ് 2008ലെ തെരഞ്ഞെടുപ്പിൽ വീണ്ടും പഞ്ചാബ് മുഖ്യമന്ത്രിയായി. 2013ൽ വീണ്ടും അദ്ദേഹം മുഖ്യമന്ത്രിയായി. 2018ൽ പിഎംഎൽ-എൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് അധികാരത്തിൽ നിന്ന് പുറത്തായത്.