ഹാർവാഡിലെ ബിരുദദാന ചടങ്ങിൽ ഫലസ്തീൻ അനുകൂല പ്രതിഷേധക്കാരെ പിന്തുണച്ച് ഇന്ത്യൻ വംശജ
ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ പ്രതിഷേധിച്ച 13 വിദ്യാർഥികളെ ബിരുദം സ്വീകരിക്കുന്നതിൽനിന്ന് യൂണിവേഴ്സിറ്റി വിലക്കിയിരുന്നു.
വാഷിങ്ടൺ: ഹാർവാഡ് യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങിൽ ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യൻ വംശജയായ വിദ്യാർഥി. എഴുതിത്തയ്യാറാക്കിയ പ്രസംഗം മാറ്റിവച്ചാണ് പ്രതിഷേധക്കാരെ ബിരുദദാന ചടങ്ങിൽനിന്ന് വിലക്കിയ കോളജ് അധികൃതർക്കെതിരെ ശ്രുതി കുമാർ എന്ന ഇന്ത്യൻ വംശജയായ വിദ്യാർഥി ആഞ്ഞടിച്ചത്.
ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ പ്രതിഷേധിച്ച 13 വിദ്യാർഥികളെയാണ് ബിരുദം സ്വീകരിക്കുന്നതിൽനിന്ന് വിലക്കിയത്. ഇതിനെതിരെയാണ് ശ്രുതി രൂക്ഷമായ വിമർശനമുന്നയിച്ചത്. ''ഇവിടെ നിൽക്കുമ്പോൾ ഞാൻ എന്റെ സഹപാഠികളെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു. 2024 ബിരുദക്ലാസിലെ 13 വിദ്യാർഥികൾക്ക് ഇന്ന് ബിരുദം ലഭിക്കില്ല. അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള അസഹിഷ്ണുതയും അവരുടെ വിയോജിക്കാനുള്ള അവകാശം നിഷേധിക്കുന്നതും എന്റെ നിരാശയാക്കുന്നു. ജനാധിപത്യ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നത് പൗരാവകാശമാണ്. വിദ്യാർഥികൾക്ക് സംസാരിക്കണം. അധ്യാപകർക്ക് സംസാരിക്കണം. ഹാർവാഡ് നിങ്ങൾ ഇത് കേൾക്കുന്നില്ലേ?''-എഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് വിദ്യാർഥികൾ ശ്രുതിയുടെ പ്രസംഗത്തെ സ്വീകരിച്ചത്. എതാനും അധ്യാപകരും ശ്രുതിക്ക് പരസ്യമായ പിന്തുണ നൽകി.
ശ്രുതിയുടെ പ്രസംഗത്തിന് പിന്നാലെ ആയിരത്തിലധികം വിദ്യാർഥികൾ വേദിയിൽനിന്ന് ഇറങ്ങിപ്പോയി പ്രതിഷേധിച്ചു. പലരും ഫലസ്തീൻ കൊടികളും വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലെക്കാർഡുകളും ഉയർത്തിപ്പിടിച്ചിരുന്നു. ഹാർവാഡിലെ ആർട്‌സ് ആൻഡ് സയൻസ് അധ്യാപകരിലെ ഭൂരിഭാഗം പേരും വിദ്യാർഥികൾ ബിരുദം നൽകുന്നതിനെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്. എന്നാൽ യൂണിവേഴ്‌സിറ്റി ഭരണസമിതിയായ ഹാർവാർഡ് കോർപ്പറേഷൻ ബിരുദം നൽകുന്നതിനെ എതിർക്കുകയായിരുന്നു.
പ്രതിഷേധത്തിന്റെ പേരിൽ യൂണിവേഴ്‌സിറ്റി നയങ്ങൾ ലംഘിച്ചതുകൊണ്ടാണ് വിദ്യാർഥികളെ ബിരുദം സ്വീകരിക്കുന്നതിൽനിന്ന് വിലക്കിയതെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതർ നൽകുന്ന വിശദീകരണം. കാരക്ടർ മോശമായ വിദ്യാർഥികൾ ബിരുദത്തിന് അർഹരല്ലെന്നാണ് ഹാർവാഡ് കോളജ് സ്റ്റുഡന്റ് ഹാന്റ് ബുക്കിൽ പറയുന്നത്. അതനുസരിച്ചാണ് 13 പേർക്ക് ബിരുദം നൽകേണ്ടതെന്ന തീരുമാനമെടുത്തതെന്നും ഹാർവാഡ് കോർപ്പറേഷൻ വിശദീകരിക്കുന്നു.