ബിൽ ഗേറ്റ്സും മെലിൻഡയും വഴി പിരിയുമ്പോൾ മക്കൾക്ക് കാര്യമായി ഒന്നും കിട്ടില്ല! കാരണമിതാണ്
ഇരുവർക്കും മൂന്ന് മക്കളാണ് ഉള്ളത്. 25 വയസ്സായ ജെന്നിഫർ കാതറിൻ ഗേറ്റ്‌സ്, 21 കാരൻ റോറി ജോൺ ഗേറ്റ്‌സ്, 19 കാരി ഫോബെ അഡെലെ ഗേറ്റ്‌സ്
മൈക്രോ സോഫ്റ്റ് സ്ഥാപൻ ബിൽ ഗേറ്റ്‌സും ഭാര്യ മെലിൻഡ ഗേറ്റ്‌സും 27 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വഴി പിരിയാൻ തീരുമാനിച്ചു എന്ന വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. മെയ് മൂന്നിനാണ് ഇരുവരും തങ്ങളുടെ തീരുമാനം ലോകത്തെ അറിയിച്ചത്. സ്വന്തം സാമൂഹിക മാധ്യമ അക്കൌണ്ടുകളില്‍ ഇരുവരും ആ വാർത്ത പങ്കുവയ്ക്കുകയും ചെയ്തു.
145 ബില്യൺ ഡോളറാണ് ലോകത്തെ ഏറ്റവും സമ്പന്നരായ ദമ്പതികളുടെ മൊത്തം ആസ്തി. ഏകദേശം പത്തു ലക്ഷം കോടി ഇന്ത്യൻ രൂപ വരുമത്. ഇതെങ്ങനെയാണ് ഇരുവരും വിഭജിക്കുക എന്ന് കൗതുകത്തോടെ നോക്കുകയാണ് ലോകം. സ്വത്ത് വിഭജിക്കുമെങ്കിലും ചാരിറ്റി പദ്ധതിയായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ തുടരുമെന്ന് ഇരുവരും പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോള തലത്തിൽ നിരവധി പദ്ധതികൾക്ക് ധനസഹായം നൽകുന്നതാണ് ഇരുവരുടെയും ഫൗണ്ടേഷൻ.
സ്വത്ത് വിഭജിക്കുമ്പോൾ മക്കൾക്ക് എന്തു കിട്ടും എന്നും പ്രധാന ചോദ്യമാണ്. ഇരുവർക്കും മൂന്ന് മക്കളാണ് ഉള്ളത്. 25 വയസ്സായ ജെന്നിഫർ കാതറിൻ ഗേറ്റ്‌സ്, 21 കാരൻ റോറി ജോൺ ഗേറ്റ്‌സ്, 19 കാരി ഫോബെ അഡെലെ ഗേറ്റ്‌സ്. സാമൂഹികമാധ്യമങ്ങളിൽ സജീവമാണ് ജന്നിഫർ.
മാതാപിതാക്കളുടെ വിവാഹമോചനത്തെ കുറിച്ച് ഇവർ ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടിരുന്നു. 'ഞങ്ങൾ കുടുംബാംഗങ്ങൾക്ക് ഏറെ കഠിനമായ സമയമായിരുന്നു ഇത്. ഈ സമയത്ത് എങ്ങനെയാണ് പിന്തുണ നൽകേണ്ടത് എന്നത് ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ്' - അവർ എഴുതി.
ഡോക്ടറാണ് ജെന്നിഫർ. മകൻ റോറി ബിരുദവിദ്യാർത്ഥിയാണ്. ഫോബെ നർത്തകിയും.
മക്കൾക്ക് എന്തു കിട്ടും
വിഭജിക്കപ്പെടുന്ന സ്വത്തിൽ നിന്ന് പത്തു ദശലക്ഷം യുഎസ് ഡോളർ മാത്രമേ മക്കള്‍ക്ക് കിട്ടൂ എന്നതാണ് ഏറെ കൗതുകകരം. സ്വത്തിന്റെ സിംഹഭാഗവും പോകുക ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനിലേക്കാകും.
എന്തു കൊണ്ട് കുട്ടികൾക്ക് കൂടുതൽ പണം ലഭിക്കില്ല എന്നതിന്റെ ഉത്തരം ഗേറ്റ്‌സ് 2017ൽ തന്നെ നൽകിയിട്ടുണ്ട്. 'കുട്ടികൾക്ക് വലിയ തോതിൽ പണം ഉണ്ടാകുന്നതിന് ഞാൻ എതിരാണ്. അവരുടെ സ്വന്തം വഴി കണ്ടെത്താൻ അതൊരു തടസ്സമായി മാറും'- എന്നാണ് ഗേറ്റ്‌സ് പറഞ്ഞിരുന്നത്.
1980കളിലാണ് ബിൽ ഗേറ്റ്സും മെലിൻഡയും തമ്മിൽ കണ്ടുമുട്ടുന്നത്. ബിൽ ഗേറ്റ്‌സിന്റെ മൈക്രോസോഫ്റ്റ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചപ്പോഴായിരുന്നു അത്. പ്രൊഡക്ട് മാനേജരായി 1987ലാണ് മെലിൻഡ മൈക്രോസോഫ്റ്റിലെത്തുന്നത്. പിന്നീട് അടുപ്പത്തിലായ ഇവർ 1994ലാണ് വിവാഹിതരായത്.