അബൂ ഉബൈദയുടെ കണ്ണുകളെക്കുറിച്ച് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം
ഒക്ടോബർ ഏഴിലെ ഓപ്പറേഷൻ ഫ്‌ളഡിന് ശേഷം ഗസ്സയിലെ വാർത്തകളറിയാൻ ലോകം കാതോർക്കുന്നത് അബൂ ഉബൈദയുടെ വാക്കുകൾക്കാണ്.
ജറുസലേം: അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദയുടെ കണ്ണുകളെക്കുറിച്ച് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം. അവസാനം പോസ്റ്റ് ചെയ്ത വീഡിയോയിൽ അബൂ ഉബൈദയുടെ കണ്ണുകൾ തമ്മിൽ വലിപ്പ വ്യത്യാസമുണ്ടെന്നാണ് ഇസ്രായേൽ പ്രതിരോധസേന പറയുന്നത്. വ്യോമാക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റിരിക്കാമെന്ന സംശയത്തിലാണ് ഇസ്രായേൽ. അല്ലെങ്കിൽ കാഴ്ചക്കാരുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടി ചെയ്തതാണോ എന്നും സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ഇസ്രായേലിനെ രൂക്ഷമായി വിമർശിക്കുന്ന ഒരു വീഡിയോ അബൂ ഉബൈദ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയിലും അദ്ദേഹം കഫിയ്യ കൊണ്ട് മുഖം മറച്ചിട്ടുണ്ടെങ്കിലും കണ്ണുകളുടെ വലിപ്പ വ്യത്യാസം തങ്ങൾ കണ്ടെത്തിയെന്നാണ് ഇസ്രായേൽ അവകാശവാദം. അബൂ ഉബൈദയെ സൂക്ഷമമായി നിരീക്ഷിക്കുന്ന ഒരാൾക്ക് ഈ മാറ്റം കണ്ടെത്താനാവും. ഒരു കണ്ണ് രണ്ടാമത്തേതിനെക്കാൾ വലുതാണ്. അത് അസാധാരണമാണെന്നും ഇസ്രായേൽ പ്രതിരോധസേനയെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഇസ്രായേലിന്റെ നിഷ്ഠൂരമായ ആക്രമണത്തെ കുറിച്ചും ഹമാസിന്റെ പ്രതിരോധത്തെ കുറിച്ചും അറിയാൻ ഫലസ്തീൻ ജനത കാതോർക്കുന്നത് അബൂ ഉബൈദയുടെ വാക്കുകൾക്കാണ്. ഒക്ടോബർ ഏഴിലെ ആക്രമണങ്ങൾക്ക് ശേഷം അദ്ദേഹം നിരന്തരം മാധ്യമങ്ങൾക്ക് മുന്നിലെത്താറുണ്ട്. പട്ടാള യൂണിഫോമിൽ കണ്ണ് മാത്രം പുറത്തേക്ക് കാണുന്ന വിധത്തിൽ ചുവന്ന കഫിയ്യ കൊണ്ട് മുഖം മറച്ചാണ് അബൂ ഉബൈദ മാധ്യമങ്ങളെ കാണാറുള്ളത്.
യുദ്ധഭൂമിയിൽനിന്ന് ഇസ്രായേൽ അനുകൂല വാർത്തകൾ മാത്രം പുറംലോകത്തെത്തുന്ന വേളയിലാണ് അബൂ ഉബൈദയുടെ വാർത്താസമ്മേളനങ്ങളും റെക്കോർഡിങ് സംഭാഷണങ്ങളും ശ്രദ്ധ നേടിയത്. ഖസ്സാം ബ്രിഗേഡ് തകർത്ത ഇസ്രായേൽ ടാങ്കുകളുടെയും ആയുധങ്ങളുടെയും എണ്ണമടക്കം വസ്തുനിഷ്ഠമായ വിവരങ്ങളാണ് അദ്ദേഹത്തിന്റെ വാർത്താസമ്മേളനങ്ങളുടെയും സംഭാഷണങ്ങളുടെയും സവിശേഷത.