'ട്രംപിന്റെ സമ്മർദങ്ങൾക്ക് വഴങ്ങില്ല, അമേരിക്കയുടെ ഭാഗമാവില്ല': കാനഡയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മാർക്ക് കാർണി
അമേരിക്ക സന്ദർശിക്കാനും ട്രംപിനെ കാണാനും പദ്ധതിയില്ലെന്നും കാര്‍ണി
ഒട്ടാവോ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ലെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി. കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ധേഹം.
ജസ്റ്റിൻ ട്രൂഡോ രാജിവെച്ചതോടെയാണ് കാനഡയുടെ 24ാമത് പ്രധാനമന്ത്രിയായി സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ മാർക് കാർണി അധികാരമേറ്റത്. കാനഡ അമേരിക്കയുടെ 51ാമത് സംസ്ഥാനമാകണമെന്നായിരുന്നു ട്രംപും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും പറഞ്ഞിരുന്നത്. എന്നാല്‍ ഡൊണാൾഡ് ട്രംപിന്റെ പരാമർശം അസംബന്ധമെന്ന് കാര്‍ണി വ്യക്തമാക്കി.
'' കനേഡിയൻ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തും. അമേരിക്കൻ വെല്ലുവിളി ചെറുക്കുന്നതിനാണ് മുൻഗണന. കാനഡ അമേരിക്കയുടെ ഭാഗമാകില്ല. അമേരിക്ക സന്ദർശിക്കാനും ട്രംപിനെ കാണാനും പദ്ധതിയില്ലെന്നും''- കാര്‍ണി വ്യക്തമാക്കി.
അതേസമയം 24 അംഗ മന്ത്രി സഭയിൽ രണ്ട് ഇന്ത്യൻ വംശജരും ഉള്‍പ്പെട്ടിട്ടുണ്ട്. അനിതാ ആനന്ദ് കമാൽ ഖേര എന്നിവരാണ് ഇന്ത്യൻ വംശജര്‍. അമേരിക്കയുമായി വ്യാപാരത്തർക്കം മുറുകുന്നതിനിടെയാണ് കാനഡയിൽ നേതൃമാറ്റം സംഭവിക്കുന്നത്. അതേസമയം തന്റെ നിലപാടുകളില്‍ കണിശത കാണിക്കുന്ന ട്രംപ്, കാനഡയുടെ പുതിയ തീരുമാനത്തെ എങ്ങനെ നേരിടുമെന്നാണ് അറിയേണ്ടത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ലിബറല്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന ജസ്റ്റിന്‍ ട്രൂഡോ തന്റെ രാജി പ്രഖ്യാപിച്ചത്. ഒമ്പതുവര്‍ഷത്തിലേറെ ഭരണത്തിലിരുന്നശേഷമായിരുന്നു ട്രൂഡോ സ്ഥാനമൊഴിഞ്ഞത്. ഇതിനുപിന്നാലെയാണ് ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ ലിബറല്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് നടത്തിയത്. തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡിനെയാണ് കാര്‍ണി പരാജയപ്പെടുത്തിയത്