'രാജി വെക്കില്ല, അവസാന പന്ത് വരെ കളിക്കും'- ഇമ്രാൻ ഖാൻ

അവിശ്വാസപ്രമേയ ചര്‍ച്ച നടക്കാനിരിക്കേ പാകിസ്താന്‍ ദേശീയ അസംബ്ലി ഏപ്രില്‍ മൂന്നുവരെ പിരിഞ്ഞു

Update: 2022-03-31 16:39 GMT
Editor : abs | By : Web Desk
Advertising

രാജി വെക്കില്ല, അവസാന പന്ത് വരെ കളിക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിക്കെതിരെ വിദേശ ശക്തികൾ പ്രവർത്തിക്കുകയാണ്. പാകിസ്താനിൽ അധികാരമാറ്റം വരുത്താനുള്ള വിദേശ താൽപര്യത്തിന് പ്രതിപക്ഷം ശിങ്കിടിപ്പണി ചെയ്യുന്നു. നീതിയും മനുഷ്യത്വവും ആത്മാഭിമാനവുമായിരുന്നു തന്റെ ലക്ഷ്യമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പാരമ്പര്യമുള്ളയാളല്ല, എനിക്ക് എല്ലാം തന്ന ദൈവത്തോട് നന്ദി. അമേരിക്ക പാകിസ്താനെ ആവശ്യാനുസരണം വിനിയോഗിച്ചു പിന്നെ വഞ്ചിച്ചു. സഹിച്ച ത്യാഗങ്ങൾക്ക് പാകിസ്താന് പ്രതിഫലം കിട്ടിയിട്ടില്ല. യുഎസ് ഡ്രോൺ ആക്രമണത്തിൽ പാകിസ്താൻ പൗരന്മാർ കൊല്ലപ്പെട്ടപ്പോൾ പാകിസ്താനിലെ രാഷ്ട്രീയ നേതൃത്വം പ്രതികരിച്ചില്ല. ഇന്ത്യാവിരുദ്ധ നിലപാടെടുത്തിട്ടില്ല, കശ്മീരിന്റെ പദവി മാറ്റിയപ്പോഴാണ് പ്രതികരിച്ചതെന്നും ഇമ്രാൻ പറഞ്ഞു.

അതേസമയം, അവിശ്വാസപ്രമേയ ചര്‍ച്ച നടക്കാനിരിക്കേ പാകിസ്താന്‍ ദേശീയ അസംബ്ലി ഏപ്രില്‍ മൂന്നുവരെ പിരിഞ്ഞു. വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സഭ പിരിഞ്ഞത്. പ്രമേയത്തിലുള്ള ചർച്ച ഞായറാഴ്ച നടന്നേക്കും. അവിശ്വാസപ്രമേയം പിന്‍വലിക്കുന്നതിന് പ്രതിപക്ഷവുമായി ഒരു ധാരണയിലെത്താന്‍ ഇമ്രാന്‍ ഖാന്‍ നീക്കംനടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് പ്രമേയത്തില്‍ നടക്കേണ്ട ചര്‍ച്ച ഞായറാഴ്ചത്തേക്ക് മാറ്റിയത്. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News