അഫ്ഗാനിൽ ജനഹിത പരിശോധന വേണം; മര്‍ദക ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് താജികിസ്താൻ
പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സന്ദര്‍ശനത്തിനു തൊട്ടുമുന്‍പാണ് അഫ്ഗാന്‍റെ അയല്‍രാജ്യമായ താജികിസ്താന്‍ നിലപാട് വ്യക്തമാക്കിയത്
അഫ്ഗാനിസ്താനിൽ അടിച്ചമർത്തലിലൂടെ രൂപീകരിക്കപ്പെടുന്ന ഒരു ഭരണകൂടത്തെയും അംഗീകരിക്കില്ലെന്ന് അയൽരാജ്യമായ താജികിസ്താൻ. താലിബാൻ തങ്ങളുടെ വാഗ്ദാനങ്ങളെല്ലാം ലംഘിക്കുന്നതിന്‍റെ തെളിവുകളാണ് ലഭിക്കുന്നതെന്നും താജികിസ്താൻ കുറ്റപ്പെടുത്തി.
താജികിസ്താൻ നാഷനൽ ഇൻഫർമേഷൻ ഏജൻസി വാർത്താകുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. തലസ്ഥാനമായ ദുഷാംബെയിൽ താജിക് പ്രസിഡന്റ് ഇമാമലി റഹ്‌മാൻ പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിറകെയാണ് വാർത്താകുറിപ്പ് പുറത്തുവരുന്നത്. അടുത്ത ദിവസം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും താജികിസ്താൻ സന്ദർശിക്കുന്നുണ്ട്. അഫ്ഗാനിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദർശനമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മറ്റു രാഷ്ട്രീയ കക്ഷികളെക്കൂടി ചേർത്ത് വിശാല പങ്കാളിത്തത്തോടെ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നായിരുന്നു താലിബാൻ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, വാഗ്ദാനങ്ങളെല്ലാം താലിബാൻ ഉപേക്ഷിക്കുന്നതിന്‍റെ തെളിവുകളാണ് പുറത്തുവരുന്നത്. അഫ്ഗാനിൽ ഇസ്‍ലാമിക് എമിറേറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിലാണ് അവരുള്ളത്-വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി.
ജനഹിത പരിശോധനയിലൂടെയാണ് അഫ്ഗാന്റെ പുതിയ ഭരണകൂടരൂപം തീരുമാനിക്കേണ്ടത്. അടിച്ചമർത്തലിലൂടെ രൂപീകരിക്കുന്ന സർക്കാരിനെ അംഗീകരിക്കില്ല. ന്യൂനപക്ഷങ്ങളടക്കം മുഴുവൻ അഫ്ഗാന്‍ ജനതയുടെയും അഭിപ്രായം കണക്കിലെടുക്കാതെയുള്ള നീക്കത്തെ അംഗീകരിക്കാനാകില്ല. രാജ്യത്ത് രാഷ്ട്രീയസ്ഥിരത തിരിച്ചുകൊണ്ടുവരാനായി എല്ലാ പിന്തുണയുമുണ്ടാകുമെന്നും താജികിസ്താൻ വ്യക്തമാക്കി.
അഫ്ഗാനുമായി 1,300 കി.മീറ്റർ ദൂരത്തിൽ അതിർത്തി പങ്കിടുന്ന രാജ്യമാണ് താജികിസ്താൻ. നേരത്തെ, അഫ്ഗാനിൽ സാധാരണക്കാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ താജിക് ഭരണകൂടം അപലപിക്കുകയും ചെയ്തിരുന്നു.