തകര്‍ന്ന നേപ്പാള്‍ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി
നാല് ഇന്ത്യക്കാരുൾപ്പെടെ 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്
കാഠ്മണ്ഡു: നേപ്പാളില്‍ നാല് ഇന്ത്യക്കാരുൾപ്പെടെ 22 പേരുമായി പറക്കുന്നതിനിടെ കാണാതായ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മസ്താങ് ജില്ലയിലെ സനോസ്‌വെയറിലാണ് വിമാനം തകര്‍ന്നത്.
താര എയര്‍ലൈന്‍സിന്‍റെ 9എന്‍-എഇടി വിമാനമാണ് പൊഖാറയിൽ നിന്ന് ജോംസോമിലേക്ക് പറന്നുയർന്ന ശേഷം കാണാതായത്. വിമാനവുമായുള്ള ബന്ധം പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നുവെന്ന് ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസർ നേത്ര പ്രസാദ് ശർമ പറഞ്ഞു. ഇന്നലെ രാവിലെയാണ് സംഭവം. പറന്നുയര്‍ന്ന് 15 മിനിറ്റിനകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
അശോക് കുമാർ ത്രിപാഠി, ഭാര്യ വൈഭവി ബന്ദേക്കർ, മക്കളായ ധനുഷ്, റിതിക എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാര്‍. മഹാരാഷ്ട്രയിലെ താനെ സ്വദേശികളാണിവര്‍. നാല് ഇന്ത്യക്കാരെ കൂടാതെ 13 നേപ്പാളികളും 3 ജപ്പാന്‍കാരും 2 ജര്‍മന്‍കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
കാണാതായ വിമാനത്തിനായുള്ള തിരച്ചിലിനായി നേപ്പാൾ ആഭ്യന്തര മന്ത്രാലയം മസ്താങ്ങിൽ നിന്നും പൊഖാറയിൽ നിന്നും രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകൾ വിന്യസിച്ചിരുന്നു. മഞ്ഞുവീഴ്ച കാരണം തിരച്ചില്‍ ദുഷ്കരമായി. വിമാനം തകർന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിമാനം കണ്ടെത്തി പരിശോധനകൾ നടത്തിയാൽ മാത്രമേ അപകട കാരണം അറിയാൻ കഴിയൂ.