പ്രശസ്ത പാക് സ്‌നൂക്കര്‍ താരം ജീവനൊടുക്കി; വിഷാദരോഗമാകാം കാരണമെന്ന് സഹോദരന്‍
'മജീദിന് ചെറുപ്പം മുതലേ വിഷാദരോഗമുണ്ടായിരുന്നു. അടുത്തിടെ ഒരിക്കല്‍ കടുത്ത നിലയിലേക്കും കാര്യങ്ങള്‍ നീങ്ങിയിരുന്നു. പക്ഷെ ഒരിക്കലും അവന്‍ സ്വന്തം ജീവനെടുക്കുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. ഏറ്റവും വേദനിപ്പിക്കുന്ന നിമിഷമാണിത്,' സഹോദരന്‍ ഉമര്‍ പറഞ്ഞു.
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ യുവ സ്‌നൂക്കര്‍ താരം മജീദ് അലി ജീവനൊടുക്കി. ഏഷ്യന്‍ അണ്ടര്‍-21 വെള്ളി മെഡല്‍ നേടിയ മജീദ് അലിക്ക് 28 വയസായിരുന്നു.
കൗമാരക്കാലം മുതല്‍ മജീദിന് വിഷാദരോഗമുണ്ടായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. അതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഇവര്‍ കരുതുന്നു.
'മജീദിന് ചെറുപ്പം മുതലേ വിഷാദരോഗമുണ്ടായിരുന്നു. അടുത്തിടെ ഒരിക്കല്‍ കടുത്ത നിലയിലേക്കും കാര്യങ്ങള്‍ നീങ്ങിയിരുന്നു. പക്ഷെ ഒരിക്കലും അവന്‍ സ്വന്തം ജീവനെടുക്കുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. ഏറ്റവും വേദനിപ്പിക്കുന്ന നിമിഷമാണിത്,' സഹോദരന്‍ ഉമര്‍ പറഞ്ഞു.
പാകിസ്ഥാന്‍ ബില്യാര്‍ഡ്‌സ് ആന്റ് സ്‌നൂക്കര്‍ സംഘടനാ ചെയര്‍മാന്‍ അലംഗീര്‍ ഷെയ്ക്ക് മജീദിന്റെ മരണത്തില്‍ അനുശോചനമറിയിച്ചു. ഈ രംഗത്തുള്ള എല്ലാവരെയും ഏറെ വേദനിപ്പിക്കുന്നതാണ് ഈ വിയോഗമെന്നും അദ്ദേഹം പറഞ്ഞു.
'ഏറെ കഴിവുള്ളയാളായിരുന്നു മജീദ്. ചെറുപ്പവുമായിരുന്നു.അദ്ദേഹം പാകിസ്ഥാന് വേണ്ടി ഒരുപാട് മെഡലുകള്‍ നേടുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു,' അലംഗീര്‍ ഷെയ്ക്ക് പ്രതികരിച്ചു.
നിരവധി അന്തര്‍ദേശീയ മത്സരങ്ങളില്‍ പാകിസ്ഥാനെ പ്രതിനിധീകരിച്ച താരം അനവധി വിജയങ്ങളും സ്വന്തമാക്കിയിരുന്നു. പാകിസ്ഥാനിലെ എക്കാലത്തെയും ഏറ്റവും മികച്ച സ്‌നൂക്കര്‍ താരങ്ങളിലൊരാളായാണ് മജീദ് അലി അറിയപ്പെട്ടിരുന്നത്.