ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ട സുവര്‍ണ്ണ നിമിഷങ്ങള്‍ സിനിമയാകുന്നു; 83യില്‍ നായകനാകുന്നത് രണ്‍വീര്‍ സിംഗ്
പ്രശസ്ത തെലുങ്ക് താരം അല്ലു അര്‍ജ്ജുനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
കപിലിന്റെ ചെകുത്താന്‍മാര്‍ ലോകകപ്പില്‍ ആദ്യമായി മുത്തമിട്ട നിമിഷങ്ങള്‍..ഇന്ത്യയുടെ യശസ് ഈ ലോകത്തോളം ഉയര്‍ന്ന ചരിത്ര മുഹൂര്‍ത്തം. 2011ല്‍ ഇന്ത്യ വീണ്ടും കപ്പുയര്‍ത്തിയെങ്കിലും 1983യിലെ ആ ചരിത്ര വിജയത്തെ അഭിമാനത്തോടെ ഓര്‍ക്കുന്നവരാണ് ഓരോ ക്രിക്കറ്റ് പ്രേമിയും. ഈ അഭിമാന നിമിഷങ്ങള്‍ സിനിമയാവുകയാണ്. '83’ എന്ന പേരില്‍ കബീര്‍ഖാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍വീര്‍ സിംഗാണ് കപില്‍ ദേവിന്റെ വേഷത്തിലെത്തുന്നത്.
പ്രശസ്ത തെലുങ്ക് താരം അല്ലു അര്‍ജ്ജുനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. ഒരു മെറ്റീരിയലും ഇല്ലാതെയാണ് ഞാനീ ജോലിയിലേക്ക് കടന്നത്. കാരണം 1983 ലോകകപ്പിനെക്കുറിച്ചുള്ള ഒരു പുസ്തകവും റഫറന്‍സിന് ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടാഴ്ചകളിലായി ഞാന്‍ ലോര്‍ഡ്സിലായിരുന്നു. ലോകകപ്പിനെക്കുറിച്ചുള്ള ഓരോ വിവരവും താന്‍ വളരെ ആവേശത്തോടെയാണ് കളക്ട് ചെയ്തതെന്നും കബീര്‍ പറഞ്ഞു. ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങുന്ന വെബ്സീരിസ് ഫോര്‍ഗോട്ടണ്‍ ആര്‍മിയുടെ ചിത്രീകരണം പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര നായകന്‍ സുഭാഷ് ചന്ദ്രബോസിന്റെ നാഷണല്‍ ആര്‍മിയെക്കുറിച്ചുള്ളതാണ് ഇത്. പുതുമുഖങ്ങളാണ് ഇതില്‍ അണിനിരന്നിരിക്കുന്നത്.
നേരത്തെ നിവിന്‍ പോളിയെ നായകനാക്കി 1983 എന്ന പേരില്‍ എബ്രിഡ് ഷൈന്‍ മലയാളത്തില്‍ ചിത്രമെടുത്തിരുന്നു. സച്ചിനും ക്രിക്കറ്റുമെല്ലാം വിഷയമായ ചിത്രത്തെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.