വിപണി കീഴടക്കാൻ സഫാരി; വില 14.69 ലക്ഷം മുതൽ
ടാറ്റയുടെ ആദ്യ എസ്‍യുവികളിലൊന്നായ സഫാരി 2019 ലാണ് നിരത്തൊഴിയുന്നത്
ടാറ്റയുടെ മുൻനിര എസ്.യു.വിയായ സഫാരി രാജ്യത്ത് അവതരിപ്പിച്ചു. 14.69 ലക്ഷം മുതലാണ് വില. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഗ്രാവിറ്റാസിനെയാണ് സഫാരി എന്ന പേരിൽ ടാറ്റ വിപണിയിലെത്തിക്കുന്നത്. ആറ്, ഏഴ് സീറ്റുകളിൽ വാഹനം ലഭ്യമാണ്.
ടാറ്റയുടെ ആദ്യ എസ്‍യുവികളിലൊന്നായ സഫാരി 2019 ലാണ് നിരത്തൊഴിയുന്നത്. സഫാരി എന്ന പേരിന്റെ ജനപ്രീതി പുതിയ എസ്‌യുവിക്ക് ഒരു മുതൽകൂട്ടാകും എന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്.
നഗര യാത്രകൾക്കും ഹൈവേ ക്രൂസിങ്ങിനും അൽപ്പം ഓഫ്റോഡിങ്ങിനുമൊക്കെ ഇണങ്ങുന്ന രീതിയിലാണ് വാഹനം തയ്യാറാക്കിയിരിക്കുന്നതെന്നാണ് ടാറ്റ സഫാരിയെപറ്റി അവകാശപ്പെടുന്നത്. ഹാരിയറിലേതുപോലെ 170 എച്ച്പിയും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ക്രയോടെക് ടർബോ-ഡീസൽ എഞ്ചിനാണ് സഫാരിക്ക് കരുത്തുപകരുന്നത്.
ഗിയർബോക്സ് ഓപ്ഷനുകളും ഹാരിയറിന് സമാനമാണ്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുകൾ സഫാരിയിലുണ്ട്. 2741 എം.എം വീൽ ബേസ്, ഓയിസ്റ്റർ വൈറ്റ് ഇൻറീരിയർ അതോടൊപ്പമുള്ള ആഷ് വുഡ് ഫിനിഷ് ഡാഷ് ബോർഡ്, പനോരമിക് സൺ റൂഫ്, 8.8 ഇഞ്ച് ഫ്ലോട്ടിങ് ഐലൻറ് ഇൻഫോടെയ്മെൻറ് സിസ്റ്റം എന്നിവ വാഹനത്തിന്‍റെ മുഖ്യ സവിശേഷതകളാണ്.
സുരക്ഷക്കും സഫാരിയിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ഡിസ്ക് ബ്രേക്സ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, 14 ഫംഗ്ഷണൽ സാധ്യതകളോടെ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നിവ ലഭ്യമാക്കിയിരിക്കുന്നു.