ചതുരവടിവുകളും പ്രകൃതിവട്ടവും

ഡോ. എ. നുജും എഴുതിയ 'വട്ടവും ചതുരവും' എന്ന സാംസ്‌കാരിക പഠന ഗ്നന്ഥത്തിന്റെ വായന.

Update: 2022-09-22 11:47 GMT
Click the Play button to listen to article

മലയാളത്തിലെ സംസ്‌കാരപഠനത്തിന് നവചിന്തയുടെ തെളിച്ചം നല്‍കുന്ന കൃതിയാണ് ഡോ. എ. നുജും എഴുതിയ 'വട്ടവും ചതുരവും'. അതിഗഹനമായ സൈദ്ധാന്തിക ചിന്തകളെ ലളിതമായി അവതരിപ്പിച്ചതിലൂടെ അക്കാദമികമായ മാനങ്ങള്‍ക്കൊപ്പം പൊതുസമൂഹത്തിനും മികച്ച വായനാനുഭവം നല്‍കുന്നു ഈ പുസ്തകം. ഫെമിനിസം, ഫോക്ലോര്‍, കല, സാഹിത്യം, ചരിത്രം, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളില്‍ ചരിത്രാത്മകമായും സംവാദാത്മകമായും ഇടപെടുന്നുണ്ടത്. വേട്ടയുടെ രീതിശാസ്ത്രത്തിലൂന്നി വികസിച്ച നാഗരികത എപ്രകാരമാണ് പ്രകൃതിയുടെയും മാനവികതയുടെയും നൈസര്‍ഗിക വിനിമയങ്ങളെ പ്രതിസന്ധിയിലെത്തിച്ചതെന്ന ചിന്തയ്ക്ക് നവപാരിസ്ഥിതിക പശ്ചാത്തലത്തില്‍ ഏറെ പ്രസക്തിയുണ്ട്. പെണ്‍ലോകവീക്ഷണത്തെ മുന്‍നിര്‍ത്തി ഈ പ്രതിസന്ധിയെ സര്‍ഗാത്മകമായി മറികടക്കാമെന്ന നിരീക്ഷണം ശക്തമായി മുന്നോട്ടുവെയ്ക്കുന്നുണ്ട് ഈ പുസ്തകം. പെണ്മയുടെ നൈസര്‍ഗികമായ ക്രിയാശേഷികൊണ്ടും വൈകാരികക്ഷമതകൊണ്ടും പ്രകൃതിയേയും മനുഷ്യനേയും വ്യവസ്ഥിതികളേയും സമതുലിതമാക്കാമെന്ന ചിന്തയെ ചരിത്രാതീതകാലം മുതലുള്ള ഉദാഹരണങ്ങളിലൂടെ സാധൂകരിക്കുന്നുണ്ട്. ഭാഷയും ലിംഗസംസ്‌കൃതികളും, പെണ്മയും കൂട്ടറിവും, വട്ടവും ചതുരവും, ഗോത്രം നാഗരികത സംസ്‌കാരം, അമരിന്ത്യന്‍ വഴക്കങ്ങളിലെ ഗോത്രപാഠങ്ങള്‍, ഫോക്‌ലോറിന്റെ അര്‍ഥാന്തരങ്ങള്‍, കൂട്ടറിവും നാട്ടറിവും, പ്രകൃതിയും പരിസ്ഥിതിയും, പാരിസ്ഥിതിക പലായനങ്ങള്‍, എഴുത്തിലെ ഗോത്ര - അബോധം, വായനയിലെ സര്‍ഗാത്മകത എന്നീ അധ്യായങ്ങളിലൂടെയാണ് ഈ പുസ്തകം വികസിക്കുന്നത്.


പെണ്‍ലോകവീക്ഷണത്തിലൂടെ പുനര്‍നിര്‍ണയിക്കപ്പെട്ട ചിന്തകളാണ് വട്ടവും ചതുരവും എന്ന കൃതി മുന്നോട്ടുവെക്കുന്നത്. പ്രകൃതിജന്യമായ ചതുരങ്ങള്‍ ഒന്നുംതന്നെ ലോകത്ത് കാണാനാവില്ല. നാഗരികതയുടേയും ആധിപത്യത്തിന്റെയും വേട്ടയുടേയും തത്ത്വശാസ്ത്രങ്ങളെയാണ് ചതുരം പ്രതീകവല്‍ക്കരിക്കുന്നത്. കോണ്‍രഹിതമായ വട്ടമാണ് നൈസര്‍ഗികപ്രകൃതി. പ്രകൃതിസഹജമായ അതിജീവനക്ഷമതയും സമൂഹനന്മക്കനുഗുണമായ വൈകാരികക്ഷമതയും സ്വന്തമായിട്ടുള്ളത് പെണ്‍മയ്ക്കാണ്. പെണ്‍വട്ടത്തിലുള്ള മൂല്യങ്ങളെ മുന്‍നിര്‍ത്തി അക്കാദമിക ചതുരങ്ങളായ ഗോത്രം, ഫോക്‌ലോര്‍, നാട്ടറിവ്, സംസ്‌കൃതി, വേട്ട, പെറുക്കല്‍, അനുഷ്ഠാനം, പുരാവൃത്തം, കല, സാഹിത്യം, ശാസ്ത്രം, തത്ത്വചിന്ത, നാഗരികത, ജാതി, മതം, കോളനിവത്കരണം, പരിസ്ഥിതി, വിദ്യാഭ്യാസം, ലിഖിതഭാഷ, കൃഷി, സ്‌പോര്‍ട്‌സ്, പെണ്‍വാദം, ലിംഗഭേദം, ഗണിതം തുടങ്ങിയ ചരിത്രസംബന്ധിയായ പരികല്പനകളെയെല്ലാം സാംസ്‌കാരികമായ പുനര്‍നിര്‍ണയത്തിന് വിധേയമാക്കുകയാണ് ഈ കൃതി. പുതുചിന്തയാല്‍ സാംസ്‌കാരികപഠന മേഖലയ്ക്ക് ഊര്‍ജവും വട്ടത്തിന്റെ മൂല്യാധിഷ്ഠിതമായ അധ്യാരോപത്താല്‍ പ്രാകൃതികവും സാംസ്‌കാരികവുമായ അനവധി അധഃപതനങ്ങള്‍ക്ക് അതിജീവനമന്ത്രവുമാകുന്നുണ്ട് 'വട്ടവും ചതുരവും'.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. നിത്യ പി. വിശ്വം

Writer, Poetess

Similar News

കടല്‍ | Short Story