കാച്ചെണ്ണ ഗന്ധങ്ങള്‍ | Short Story

| കഥ

Update: 2024-10-21 14:43 GMT
Advertising

നാളുകള്‍ നീണ്ട ആശുപത്രിവാസം ഇന്നവസാനിയ്ക്കുകയാണ്. ഇത്രയുംദിവസം മനസ്സിലടക്കിവച്ചിരുന്ന ആഗ്രഹം വീണ്ടും വളര്‍ന്നുയര്‍ന്നുവരുന്നു. നാട്ടിലോട്ടുപോയി അമ്മയെക്കാണണം. കുറച്ചധികം നാളുകളായി അമ്മയെക്കണ്ടിട്ട്.

ഡിസ്ചാര്‍ജ് സമ്മറി വായിച്ചുനോക്കിയിട്ടു യാന്ത്രികമായി ബാഗിനുള്ളില്‍ തിരുകി. മനസ്സില്‍ നിര്‍വികാരതയുടെ ഉണങ്ങിയ തേക്കിലകള്‍ വീണു പരന്നു കിടക്കുമ്പോള്‍ വൈകാരികതകള്‍ക്കെന്തു പ്രസക്തി.

കവലയില്‍ ബസിറങ്ങി വീട്ടിലേയ്ക്കു നീളുന്ന നാട്ടിടവഴിയിലൂടെ നടക്കുമ്പോള്‍ പോക്കുവെയില്‍ ചിരപരിചിതനെപ്പോലെ കൂടെപ്പോന്നു. എതിര്‍വശത്തുനിന്നു വന്നുരുമ്മിപ്പോയ കാറ്റിനു വൃശ്ചികത്തിന്റെ കുളിരും അമ്മയുടെ കാച്ചെണ്ണയുടെ ഗന്ധവും ഉണ്ടായിരുന്നു. ഇത്തിരിയകലെയുള്ള പുലാപ്പറ്റക്കാവില്‍നിന്നും ഒഴുകിവരുന്ന അയ്യപ്പ ഭക്തിഗാനം ചെവിയിലേയ്ക്കു കടന്നു ഹൃദയത്തിലേയ്ക്കല്‍പ്പം ഭക്തി ചേറിയിട്ടു.

ചേമന്‍കുളത്തില്‍ മുങ്ങിക്കുളിച്ച് കറുപ്പുടുത്ത കുട്ടിയയ്യപ്പന്മാര്‍ ഉറക്കെ ശരണം വിളിച്ച് എന്നെക്കടന്നുപോയി.

അച്ഛന്റെ ഒറ്റവിരല്‍ത്തുമ്പു പിടിച്ച് ഇതുപോലെ കുളിക്കഴിഞ്ഞു ശരണം വിളിച്ച് പോയിരുന്ന ബാല്യം ചെറിയൊരു നഷ്ടബോധത്തോടെ ഓര്‍ത്തുപോയി. അച്ഛന്റെ മരണശേഷം അമ്മ ആളാകെ മാറിയിരുന്നു. അടുക്കളയുടെ വളച്ചുകെട്ടലുകള്‍ക്കുള്ളില്‍ സ്വയം സമര്‍പ്പിച്ചതാണമ്മ. അച്ഛനെത്ര സ്വാതന്ത്ര്യം കൊടുത്തിട്ടും ആ നിഴലില്‍ ഒതുങ്ങുകയായിരുന്നു.

പക്ഷെ, അകാലത്തില്‍ കൂട്ടുപിരിഞ്ഞ അച്ഛനെ അമ്മ തന്നിലേയ്ക്കാവാഹിച്ചെടുത്തു. അല്ലെങ്കില്‍ അച്ഛന്‍

അമ്മയിലേയ്ക്ക് പുനര്‍ജനിക്കുകയായിരുന്നു. മനഃപൂര്‍വമായിരുന്നുവോ എന്നറിയില്ല അച്ഛന്റെ ശരീരഭാഷകളും പെരുമാറ്റരീതികളും ഒരു പരിധിവരെ അമ്മയെടുത്തണിഞ്ഞു. ഒരുപക്ഷെ അച്ഛന്‍ ഞങ്ങളെ വിട്ടുപോയിട്ടില്ല എന്ന് സ്വയം വിശ്വസിയ്ക്കാന്‍ കണ്ടെത്തിയ മാര്‍ഗമാകാമത്.

നിഴലുകള്‍ക്കു നീളം കൂടിവന്നു. പോക്കുവെയില്‍ എന്നെ വിട്ട് പടിഞ്ഞാറോട്ടു ധൃതിയില്‍ നടന്നകന്നു. ഒരുകയറ്റം കയറിയെത്തുന്നിടത്തുനിന്നു നോക്കിയാല്‍ ദൂരെ വീടിന്റെ മുഖപ്പു കാണാം. കുറച്ചുനേരം കൊണ്ട് വീടിന്റെ പടിപ്പുര കടന്നു ഉള്ളിലെത്തി. പൂമുഖത്ത് തെളിഞ്ഞുകത്തുന്ന നിലവിളക്ക്, അച്ഛന്റെ ചാരുകസേരയില്‍ ചാഞ്ഞു കിടന്നു നാമം ചൊല്ലുന്നുണ്ടായിരുന്നു അമ്മ. കാല്‍പ്പെരുമാറ്റം കേട്ട് ജപം നിര്‍ത്തി പുരികക്കൊടികള്‍ക്കു മേലെ കൈവച്ച് നോക്കി. മുഖം സന്തോഷംകൊണ്ട് വിടരുന്നത് ഞാനറിഞ്ഞു.

''നീ എപ്പോ പോന്നു മോനെ''

''ഉച്ചയ്ക്കിറങ്ങിയമ്മേ. രാവിലെപോരണമെന്നു കരുതീതാ, പറ്റിയില്ല.''

അമ്മയുടെ അടുത്തുപോയി ഇരുന്നു.

''നീ നല്ലോണം മെലിഞ്ഞൂലോ കുട്ടാ. ഭക്ഷണമൊന്നും ശരിയ്ക്ക് കഴിക്കണുണ്ടാവില്ല. ഇങ്ങനെയായാ എന്താ കണ്ടേര്‍ക്കണെ നീ''

ഉത്തരം വേണ്ടാത്ത ചോദ്യത്തിന് ഞാന്‍ മൗനം പുരട്ടിയ ഒരുചിരികൊണ്ടു മറുപടിപറഞ്ഞു. കുറച്ചുനേരം പരസ്പരം വിശേങ്ങള്‍ പറഞ്ഞിരുന്നു.

''മോന്‍ പോയി കുളിച്ചിട്ടുവാ, തലേലിത്തിരി എണ്ണതേച്ചിട്ടുപോയ്‌ക്കോ.''

അമ്മപതുക്കെ കസേരയില്‍നിന്നും എണീറ്റുകൊണ്ടു പറഞ്ഞു.

''രാഘവാ, കുട്ടന് കുളത്തിലേക്കൊന്നുവെളിച്ചം കാണിച്ചേ. അവിടാകെ കാടും പടലവും പിടിച്ചുകിടക്കാ.''

അമ്മേടെ സഹായി രാഘവേട്ടന്‍ എന്നെനോക്കി പല്ലില്ലാത്ത മോണകാട്ടിച്ചിരിച്ചു.

''വേണ്ട രാഘവേട്ട ..ഞാന്‍ പൊയ്ക്കോളാം.''

അടുക്കളയില്‍കയറി ഇത്തിരി എണ്ണയെടുത്ത് ശിരസ്സിലിട്ടു മുറ്റത്തേക്കിറങ്ങി.

*********

വറുത്തരച്ച സാമ്പാറും തോരനും കൂട്ടി ഒരുപാടുണ്ടു. ഊണിനുശേഷം പൂമുഖത്തെ തിണ്ണയില്‍ ചാരിയിരി്ക്കുമ്പോള്‍ അമ്മ അടുത്തുവന്നിരുന്നു മുടിയിഴകളിലൂടെ വിരലുകളോടിച്ചു.

''നല്ല യാത്രാക്ഷീണം കാണുന്നു നിന്റെ മുഖത്ത്. പോയിക്കിടന്നുറങ്ങിക്കോളൂ. നാളെ സംസാരിയ്ക്കാം.''

ലാങ്കി ലാങ്കിപ്പൂവിന്റെ ഹൃദ്യസുഗന്ധം ശ്വസിച്ച് സുഖമായുറങ്ങിയ രാത്രി.

നല്ല കടുപ്പമുള്ള ഏലയ്ക്കാചായ മൊത്തിക്കുടിച്ച് രാഘവേട്ടന്‍ പശുവിനെ മാറ്റിക്കെട്ടുന്നത് ശ്രദ്ധിച്ചിരിയ്ക്കുമ്പോള്‍ അമ്മയുടെ ചോദ്യം.

''നിനക്കിന്നുതന്നെ പോണോ മോനെ''

രാഘവേട്ടനില്‍നിന്ന് ശ്രദ്ധതിരിച്ചു പറഞ്ഞു, ''വേണമ്മേ, പോയേ തീരൂ''

''നിനക്ക് ഫോണ്‍ ചെയ്യണമെന്നു വിചാരിച്ചിരിയ്ക്കായിരുന്നു ഞാന്‍. കൃത്യ സമയത്തുതന്നെ

നീയെത്തുകേം ചെയ്തു.''

ചോദ്യഭാവത്തില്‍ ഞാനമ്മയെനോക്കി.

''എനിക്കിത്തിരി സംസാരിയ്ക്കണം നിന്നോട്.''

അമ്മ മുഖവരയൊന്നും കൂടാതെ പറഞ്ഞു.

''നമ്മുടെ മരിച്ചുപോയ കുല്‍സു ടീച്ചറെ ഓര്‍മയില്ലേ നിനക്ക്. അവരുടെ മോന്‍ നിയാസിനെ നിനക്കറിയാലോ.

അവനു തീരെ സുഖമില്ല. രണ്ടു വൃക്കകളും തകരാറിലായി ആ കുട്ടി കുറച്ചൂസായി ആശുപത്രീലാ.''

''അയ്യോ''

ചെറിയൊരു ഞെട്ടലോടെ എന്നില്‍നിന്നും ആ രണ്ടക്ഷരം തെറിച്ചുവീണു. ഒരുതരിപ്പ് ശിരസ്സില്‍നിന്നും പുറപ്പെട്ട് കാല്‍പാദങ്ങളിലൂടിറങ്ങിപ്പോയി. ചില യാദൃശ്ചികതകളെ കുറിച്ചോര്‍ത്തപ്പോള്‍ മനസ്സ് മൂകമായി.

''എത്രേം പെട്ടെന്ന് വൃക്ക മാറ്റിവെക്കണമെന്നാ പറയുന്നേ, ആ കുട്ടീടെ വാപ്പയാണെങ്കി കിടപ്പിലുമാണ്.

നാട്ടുകാരൊക്കെക്കൂടി കര്‍മ്മസമിതി രൂപീകരിച്ചിട്ടുണ്ട്''.

ഇത്തിരി നേരത്തെ മൗനത്തിനുശേഷം അമ്മ തുടര്‍ന്നു.

''നീയെതിര്‍പ്പൊന്നും പറയരുത്. നിയാസിന് ഞാനെന്റെ ഒരു വൃക്ക കൊടുക്കാന്‍ തീരുമാനിച്ചു.

ക്രോസ്സ് മാച്ചിങ്ങും മറ്റു ടെസ്റ്റുകളും കഴിഞ്ഞു. എല്ലാം ഭാഗ്യവശാല്‍ ഒത്തുപോകുന്നുണ്ട്''.

ശക്തവും സംശയലേശമന്യേയുമുള്ള അമ്മയുടെ വാക്കുകളിലും കണ്ണുകളിലും ഞാനച്ഛനെക്കണ്ടു.

എനിക്കുമതേ അസുഖമാണ് വന്നുപെട്ടിരിക്കുന്നതെന്നു അമ്മയോട് ഈ സാഹചര്യത്തില്‍ ഞാനെങ്ങനെപറയും. വല്ലാത്തൊരു മാനസികാവസ്ഥയില്‍ക്കൂടെയാണ് ഞാനപ്പോള്‍ കടന്നുപോയത്.

''ഒരൂട്ടം കൂടിയുണ്ട് മോനെ''

അമ്മ തുടര്‍ന്നു,

''നമ്മുടെ പടിഞ്ഞാറേ കണ്ടത്തിനു മോളിലുള്ള ആ നാലു സെന്റ് ഭൂമിയില്ലേ. അതുനമ്മള്‍ വീടില്ലാത്ത ഒരു കുടുംബത്തിന് നല്‍കുന്നു. അവരതില്‍ വീടുപണിയട്ടെ. നിന്റച്ഛനും ഇതിലെതിര്‍പ്പുണ്ടാവില്ലെന്നു

എന്റെ മനസുപറയുന്നു. നിന്റെ സമ്മതംകൂടി വേണമെനിയ്ക്ക്''

അമ്മയോട് ഞാന്‍ പറയാന്‍വന്ന എന്റെ രോഗ വിവരങ്ങള്‍ തല്‍ക്കാലം മനസ്സില്‍ കുഴിച്ചിട്ടു.

അഭിമാനംകൊണ്ടെന്റെ മനസ്സുനിറഞ്ഞു. നിറയെ സ്‌നേഹത്തോടെ അമ്മയെ കെട്ടിപ്പിടിച്ചു രണ്ടു കവിളുകളിലും ഉമ്മകൊടുത്തു. അപ്പോളമ്മയുടെ കണ്‍കോണുകളില്‍ കണ്ണീര്‍ പൊടിഞ്ഞുയരുന്നുണ്ടായിരുന്നു. .

തിരിച്ചുപോകവേ ബസിന്റെ സൈഡ് സീറ്റിലിരുന്ന് തണുത്ത കമ്പിയില്‍ കവിള്‍ചേര്‍ത്തുകിടക്കവേ

മനസ്സിലേയ്ക്ക് പ്രതീക്ഷയുടെയും ശുഭാപ്തിവിശ്വാസത്തിന്റെയും നറുമഞ്ഞുതുള്ളികള്‍ പാറിയിറങ്ങാന്‍ തുടങ്ങി. 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സാബു ചോലയില്‍

Writer

Similar News

കടല്‍ | Short Story