വാല്മീകിയുടെ രാമനും ഫാഷിസ്റ്റുകളുടെ രാമനും: മാരാരുടെ ലേഖനത്തെക്കുറിച്ച്

തന്നോട് പ്രണയാഭ്യര്‍ഥന നടത്തുന്ന ശൂര്‍പ്പണഖയെ ലക്ഷ്മണനടുത്തേക്ക് പറഞ്ഞുവിടുന്ന രാമന്‍ പിന്നീടതിനെ ഒരു നേരമ്പോക്കെന്നാണ് വിശേഷിപ്പിക്കുന്നത്. രാമായണത്തിലെ രാമന്‍ അങ്ങനെ ഒരു തമാശക്കാരന്‍ അല്ല എന്നാണ് മാരാര്‍ വിശദീകരിക്കുന്നത്. വാസ്തവത്തില്‍ ഇത് ശൂര്‍പ്പണഖയോടുള്ള രാമന്റെ വികലമായ താല്‍പര്യമാണ് കാരണമെന്നാണ് മാരാര്‍ പറയുന്നത്.

Update: 2022-09-22 11:49 GMT
Click the Play button to listen to article

കുട്ടികൃഷ്ണമാരാരുടെ വളരെ പ്രഖ്യാതമായ ലേഖനമാണ് 'വാല്മീകിയുടെ രാമന്‍'. അതാണിവിടെ വായനയ്‌ക്കെടുക്കുന്നത്. രാമായണത്തെയും മഹാഭാരതത്തെയും മുന്‍നിര്‍ത്തി നിലവധി വിമര്‍ശനചിന്തകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് മാരാര്‍. അദ്ധ്യാത്മരാമായണം കിളിപ്പാട്ടിനെ മുന്‍നിര്‍ത്തി എഴുത്തച്ഛന്‍ ഒരു കവി തന്നെയല്ല എന്ന അഭിപ്രായം മാരാര്‍ പ്രകടിപ്പിക്കുന്നുണ്ട്. സംസ്‌കൃതത്തിലെ അദ്ധ്യാത്മരാമായണം എന്ന ആധ്യാത്മിക പേക്കോലത്തിന്റെ വികൃതമായ അനുകരണമാണ് എഴുത്തച്ഛന്‍ നടത്തിയെതെന്നും അദ്ദേഹം ഒരു മികച്ച വിവര്‍ത്തകന്‍ പോലുമല്ലെന്നും മാരാര്‍ പറഞ്ഞു. എഴുത്തച്ഛന്റെ രചന നല്ല കവിതയല്ലെന്നും ഒരു നിലവാരം കുറഞ്ഞ ഭക്തികാവ്യം മാത്രമാണെന്നും തുടര്‍ന്ന് പറയുന്നുണ്ട്. എഴുത്തച്ഛന്റെ കൃതിയില്‍ ജീവിതമില്ല എന്നദ്ദേഹം പറയുന്നു. മാരാര് മാത്രമല്ല പലരും അങ്ങനെ പറഞ്ഞിട്ടുണ്ട്.

പല രാമായണങ്ങള്‍

നിരവധി രാമായണ പാഠങ്ങള്‍ ലോകത്താകമാനം നിലനില്‍ക്കുന്നു എന്ന് ഇന്ന് നമുക്കറിയാം. ആദിവാസി രാമായണവും മാപ്പിള രാമായണവും ഉണ്ട്. ലോകത്താകമാനം രാമായണ കഥകള്‍ ഉണ്ട്. പല സ്ഥലത്തും രാമനുണ്ടെന്നും പല സ്ഥലത്തും രാമായണത്തിലെ സ്ഥലങ്ങള്‍ ഉണ്ടെന്നും ഇന്നു നമ്മുക്കറിയാം. ഈ പല രാമായണങ്ങളില്‍ ഒന്നു മാത്രമാണ് അദ്ധ്യാത്മ രാമായണം. പ്രധാനമായും രാമായണത്തിന്റെ ആത്മീയവായനയായിരുന്നു അത്. അതിനെയാണ് മാരാര്‍ ഖണ്ഡിച്ചത്. മാരാര്‍ക്കു ശേഷം പല പഠനങ്ങള്‍ വരുന്നുണ്ട്. ചരിത്രപരവും നരംവശശാസ്ത്രപരവുമായ അനേകം പഠനങ്ങള്‍ രാമായണത്തെ കേന്ദ്രീകരിച്ച് രൂപപ്പെടുന്നുണ്ട്. നിത്യചൈതന്യ യതിയുടെ 'സീത നൂറ്റാണ്ടുകളിലൂടെ' എന്ന പുസ്തകം ഇത്തരത്തില്‍ ഒരു ചരിത്ര പഠനമാണ്. ആര്യരാജാവായ രാമന്റെയും ദ്രാവിഡപുത്രിയായ സീതയുടെയും വിവാഹം. ആര്യ ദ്രാവിഡ വേഴ്ചയുടേതായിരുന്നു അത്, ഒട്ടും ഉറപ്പില്ലാത്തതും അടികളുടേയും തിരിച്ചടികളുടേയും ഇടയില്‍ ജീവിക്കേണ്ടി വന്ന ഒരു ബന്ധമായിരുന്നു അത് എന്നു രാമായണത്തെ സംബന്ധിച്ച് യതി ചൂണ്ടിക്കാട്ടുന്നു.

രാമായണത്തിന്റെ കാലഘട്ടത്തെക്കുറിച്ചും പല വീക്ഷണങ്ങള്‍ ഉണ്ട്. ബി.സി രണ്ടാം നൂറ്റാണ്ടിനും എ.ഡി രണ്ടാം നൂറ്റാണ്ടിനുമിടയില്‍ രൂപപ്പെട്ട രചനകളുടെ സമാഹാരമാണ് രാമായണം എന്ന് ഗുരൂജ് എന്ന പഠിതാവ് ചൂണ്ടിക്കാട്ടുന്നുണ്ട്. പല ചരിത്രസന്ധികളിലൂടെ, പലയിടങ്ങളിലൂടെ പലതരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായ ഒന്നാണ് ഇന്നത്തെ രാമായണം എന്ന ബൃഹദാഖ്യാനം. പുരോഹിതന്മാരും യോദ്ധാക്കളും സഖ്യം ചേര്‍ന്ന് കര്‍ഷകരായ ആര്യവൈശ്യരെയും അടിമയായ അനാര്യരെയും അമര്‍ച്ച ചെയ്തു ചൂഷണം ചെയ്തു എന്നു ഏതാണ്ട് ഈ കാലത്തെക്കുറിച്ചു ഡി.ഡി. കൊസാംബി നിരീക്ഷിക്കുന്നുണ്ട്. അത്തരമൊരു ചരിത്രസന്ദര്‍ഭത്തിന്റെ അടയാളം എന്ന നിലയിലും രാമായണം വായിക്കപ്പെട്ടിട്ടുണ്ട്. രാമായണത്തിലെ വാനരന്മാരും രാക്ഷസന്മാരും വിന്ധ്യപ്രദേശങ്ങളിലേയും മധ്യേന്ത്യയിലേയും ആദിവാസികളായ അനാര്യ ഉപജാതികളായിരുന്നു എന്ന് ഫാദര്‍ കാമില്‍ ബുല്‍കെ അഭിപ്രായപ്പെടുന്നു. ജടായുവും വാനരനും രാവണനും ഒക്കെ മൃഗങ്ങളേയും പക്ഷികളേയും മരങ്ങളേയും പൂജിച്ചിരുന്ന വിശേഷ വിഭാഗങ്ങളായിരുന്നു എന്ന് ആര്‍.വി റസല്‍ പറയുന്നുണ്ട്. ചരിത്ര ജീവിതത്തിന്റെ മിത്തിക്കല്‍ അവതരണങ്ങളാണ് രാമായണ കഥ എന്നാണ് ഇതിലൂടെ സ്ഥാപിതമാവുന്നത്.


രാമന്‍ ദൈവമായതെന്ന്?

നവോത്ഥാനപൂര്‍വ്വകാലത്തെ രാമായണവായനകളെ വിമര്‍ശനാത്മകമായി പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍ മാരാര്‍ ചെയ്യുന്നത്. രാമയണം നിലനിന്നത് പുരാവൃത്ത സ്വഭാവത്തില്‍ ആണെങ്കിലും വാല്മീകി രാമായണത്തിന്റെ ഉള്ളില്‍ പ്രവേശിക്കുമ്പോള്‍ അങ്ങനെയാണ് എന്നു പറയാനാവില്ല. രാമന്‍ ആദ്യകാലങ്ങളില്‍ ദൈവ സ്വരൂപനായിരുന്നില്ല എന്ന് പലരും നിരീക്ഷിക്കുന്നുണ്ട്. വിഷ്ണു തന്നെ ദൈവമായി മാറുന്നത് എ.ഡി. അഞ്ചാം നൂറ്റാണ്ടിലാണെന്ന് പി.എന്‍.പൈ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്ത്രീകളെയും അവര്‍ണരേയും പുറം തള്ളുന്ന രാമന്റെ പ്രവൃത്തികളെ വിമര്‍ശന രൂപേണ കാണുന്നവയാണ് കാളിദാസന്റെയും ഭവഭൂതിയുടേതുമടക്കം കൃതികള്‍. എഴാം നൂറ്റാണ്ടുവരെ രാമന്റെ പ്രവൃത്തികള്‍ ചോദ്യം ചെയ്യപ്പെടാതെ പോയിട്ടില്ല എന്നും രാമനെ ദൈവമായി കണക്കാക്കിയിരുന്നില്ല എന്നും രാമായണത്തിന്റെ പ്രഖ്യാതപഠിതാവായ സങ്കാലിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബാലകാണ്ഡത്തിന്റെ രൂപവത്കരണകാലത്ത് രാമന്‍ ദൈവമായിരുന്നില്ല എന്ന് ബുല്‍കയും പറയുന്നു. ഒരു പ്രത്യേക കാലഘട്ടത്തില്‍ മാത്രം കൈവരുന്ന ദൈവികപദവിയെ പ്രത്യക്ഷത്തില്‍ ചിരിത്രപരമായി അഭിസംബോധന ചെയ്യുന്നില്ല എങ്കിലും മാരാരുടെ 'വാല്മീകിയുടെ രാമന്‍' എന്ന ലേഖനം രാമന്റെ അമാനുഷിക വ്യക്തിത്വത്തെ പൊളിച്ചെഴുതുകയാണ്. 1938-40 കളില്‍ എഴുതിയ ലേഖനമാണിത്. രാമനെ ദൈവമാക്കി രൂപപ്പെടുത്താനിടയാക്കിയ ആര്യ മൂല്യങ്ങളെ മാരാര്‍ ഇതില്‍ നിഷേധിക്കുന്നു. ബ്രാഹ്മണാധീശത്വത്തിന്റെ ചരിത്ര നിര്‍മിതിക്കിടയാക്കിയ മൂല്യങ്ങള്‍ വിചാരണ ചെയ്തു. അതികാമം/കാമം, ത്യാഗം/ഭോഗം, ഏകപത്‌നീ വ്രതം/ബഹുഭാര്യത്വം, പാതിവ്രത്യം/വേശ്യാത്വം ഏന്നിങ്ങനെയുള്ള മൂല്യ ദ്വന്ദ്വനിര്‍മിതികളെ മാരാര്‍ വിമര്‍ശനവിധേയമാക്കുന്നു. രാമന്‍ നിഷ്‌കാമ ആര്യമൂല്യമായി കാണപ്പെടുന്നു. അതിന്റെ വിപരീതമായ പത്തു തലയുള്ള അതികാമരൂപമായി രാവണന്‍ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍, വിപരീതങ്ങളെന്ന് പൊതുവെ കണക്കാക്കുന്ന മൂല്യങ്ങളുടെ പരസ്പര പൂരകത്വമാണ് മാരാര്‍ വെളിവാക്കുന്നത്. വാസ്തവത്തില്‍ ഇവ വിപരീതങ്ങളല്ല എന്നും പ്രത്യേക ഉദ്ദേശങ്ങളെ മുന്‍നിര്‍ത്തി ബ്രാഹ്മണമതം നിര്‍മിച്ചെടുക്കുന്ന ദ്വന്ദ്വങ്ങളാണെന്നും അദ്ദേഹം പറയാതെ പറയുന്നു.

രാമനും ഔറംഗസീബും

രണ്ട് സന്ദര്‍ഭങ്ങളാണ് ഈ ലേഖനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ത്യാഗത്തിന്റെയും ഏകപത്‌നീ വ്രതത്തിന്റെയും മൂല്യങ്ങളാണ് ഇവിടെ ചര്‍ച്ചയ്‌ക്കെടുക്കുന്നത്. രാമന്‍ സിംഹാസനമുപേക്ഷിച്ച് ഒരു ഭാവവ്യത്യാസവുമില്ലാതെ നടത്തുന്ന പലായനമെന്ന ത്യാഗത്തെ കാപട്യമെന്നാണ് മാരാര്‍ വിശേഷിപ്പിക്കുന്നത്. അഭിഷേക വിച്ഛേദത്തില്‍ അത്യധികമായി മനം നൊന്ത രാമനെയാണ് കാനനത്തില്‍ കാണാന്‍ കഴിയുന്നത് എന്ന് മാരാര്‍ ചൂണ്ടിക്കാട്ടുന്നത്. ബുദ്ധിഭ്രമം പിടിപെട്ട ദശരഥന്റെ പ്രവൃത്തിയാണ് ഇത്തരമവസ്ഥയ്ക്ക് കാരണമായതെന്ന് രാമന്‍ ലക്ഷ്മണനോട് പറയുന്നു. സീത അപഹരിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ ലക്ഷ്മണനോടുള്ള സംഭാഷണത്തിലും കൈകേയിയോടുള്ള പകയും അച്ഛനോടുള്ള ഈര്‍ഷ്യയും പ്രതിഫലിക്കുന്നു. ഇത്തരം വൈരുദ്ധ്യങ്ങള്‍ മറച്ചുപിടിച്ചുകൊണ്ടാണ് രാമന്റെ ദൈവികവല്‍കരണം നടക്കുന്നത്. രാമന്റെ ത്യാഗത്തെ കൊലപാതകങ്ങളിലൂടെ അധികാരം നേടിയെടുക്കുന്ന ഔറംഗസീബിന്റെ രാജ്യലോഭത്തോട് മാരാര്‍ ബന്ധിപ്പിക്കുന്നു. കൊലപാതകത്തിനും അതികാമത്തിനും തുല്യമായി തീരുന്ന, എന്നാല്‍ അതിന്റെ എതിരറ്റത്ത് നില്‍ക്കുന്ന നിഷ്‌കാമം. ഇത്തരത്തിലുള്ള രാജ്യലോഭവും രാജ്യമോഹവും തന്നെയാണ് രാമനുള്ളതെന്നു മാരാര്‍ പറയുന്നു. എല്ലാവരുടേയും സമ്മതിയോടെയുള്ള രാജാധികാരം എന്ന ചിന്തയാണ് രാമനെ നയിക്കുന്നത്. വേണമെങ്കില്‍ രാമനുള്ളത് ഉത്കൃഷ്ടമായ രാജ്യലോഭമെന്നു വിളിച്ചോളൂ എന്നാണ് മാരാര്‍ പറയുന്നത്. ഉന്നതം/നീചം, വിശുദ്ധം/അയിത്തം, നിഷ്‌കാമം/അതികാമം ഇത്തരം ബ്രാഹ്മണമതം തീര്‍ത്ത ദ്വന്ദ്വങ്ങളെയാണ് മാരാര്‍ മറിച്ചിടുന്നത്.

ശൂര്‍പ്പണഖയും തമാശക്കാരനായ രാമനും

ഏകപത്‌നീവ്രതത്തെയും അതിന്റെ വിപരീതത്തെയും വിചാരണ ചെയ്യുന്നതാണ് മറ്റൊരു സന്ദര്‍ഭം. ശൂര്‍പ്പണഖയുടെ രാമനോടുള്ള പ്രണയാഭ്യര്‍ഥനയാണ് സന്ദര്‍ഭം. തന്നോട് പ്രണയാഭ്യര്‍ഥന നടത്തുന്ന ശൂര്‍പ്പണഖയെ ലക്ഷ്മണനടുത്തേക്ക് പറഞ്ഞുവിടുന്ന രാമന്‍ പിന്നീടതിനെ ഒരു നേരമ്പോക്കെന്നാണ് വിശേഷിപ്പിക്കുന്നത്. രാമായണത്തിലെ രാമന്‍ അങ്ങനെ ഒരു തമാശക്കാരന്‍ അല്ല എന്നാണ് മാരാര്‍ വിശദീകരിക്കുന്നത്. വാസ്തവത്തില്‍ ഇത് ശൂര്‍പ്പണഖയോടുള്ള രാമന്റെ വികലമായ താല്‍പര്യമാണ് കാരണമെന്നാണ് മാരാര്‍ പറയുന്നത്. ഫ്രോയ്ഡിന്റെ 'സെക്‌സ് വേരിയേഷന്‍' എന്ന മനഃശാസ്ത്ര ആശയമാണ് വാസ്തവത്തില്‍ ഇവിടെ ഉപയുക്തമാക്കുന്നത് എന്നു പറയാം. ഒരാള്‍ മറ്റൊരാളോട് ഇഷ്ടമാണ് എന്നു പറയുമ്പോള്‍ പല ഉത്തരം പറയാം. ഇഷ്ടമല്ല, പിന്നീട് പറയാം, ഇഷ്ടമാണ് എന്നൊക്കെ മറുപടി പറയാം. എന്നാല്‍, എന്റെ കൂട്ടുകാരന്‍ അല്ലെങ്കില്‍ സഹോദരന്‍ വെറുതെ ഇരിക്കയാണ് അയാളുടെ അടുത്തു ചെല്ല് എന്നു പറയുമോ എന്നതാണ് ചോദ്യം. ഇത്തരത്തിലുള്ള വിചിത്രമായ പെരുമാറ്റത്തിനു കാരണം രാമന്റെ ലൈംഗിക വ്യതിയാനമാണ്, ശൂര്‍പ്പണഖ അവിടത്തന്നെ നില്‍ക്കാനും അങ്ങനെ കാണുന്നതില്‍ സന്തോഷം അനുഭവിക്കാനുമാണെന്നാണ് മാരാര്‍ വിശദീകരിക്കുന്നത്. കാണുന്നതില്‍ മാത്രം സന്തോഷം കണ്ടെത്തുന്നതാണ് 'സെക്‌സ് വേരിയേഷന്‍.' ലക്ഷ്മണന്റെ അടുത്തേയ്ക്ക് ശൂര്‍പ്പണഖയെ പറഞ്ഞു വിടുന്നത് താന്‍ ഭാര്യാസമേതനാണ്, ലക്ഷ്മണന്‍ അങ്ങനെയല്ല എന്നു പറഞ്ഞു കൊണ്ടാണ്. എന്നാല്‍, ലക്ഷ്മണനും വിവാഹിതനാണ്. ഭാര്യ കൂടെയില്ലെന്നേ ഉള്ളൂ. അപ്പോള്‍ സീതയില്ലായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു. രാമന്റെ കപട സദാചാരത്തെയാണ് മാരാര്‍ വെളിപ്പെടുത്തുന്നത്.


രാമന്റെ ഏകപത്‌നീവ്രതത്തിനു പിന്നില്‍ സ്‌നേഹമില്ല. വെറുതെയുള്ള ആര്‍ത്തിയേ ഉള്ളു. സീത അപഹരിക്കപ്പെടുന്നതിനു ശേഷം കാലം കടന്നു പോകുന്നല്ലോ എന്നും പത്‌നിക്ക് പ്രായമേറുന്നല്ലോയെന്നും ആകുലപ്പെടുകയാണ് രാമന്‍. സീതയ്ക്ക് ആപത്തുണ്ടാകുമോ എന്ന ആകുലതയല്ല. ഇതു തന്നെയാണ്, ഈ സ്‌നേഹവൈകല്യം തന്നെയാണ് സീതയുടെ ഉപേക്ഷിക്കലിലേയ്ക്ക് പിന്നീടു നയിക്കുന്നതു എന്നു മാരാര്‍ കൂട്ടിച്ചേര്‍ക്കുന്നു. (ഫോയിഡിന് ശേഷമ മാരാര്‍ക്ക് ഇങ്ങനെ വ്യാഖ്യാനിക്കാന്‍ കഴിയൂ, രതി സമ്രാജ്യം പ്രൂഫ് നോക്കിയത് മാരാരായിരുന്നു.) അതായതേ് ഏക പത്‌നീവ്രതം എന്നത് അതിന്റെ വിപരീതത്തില്‍ എത്തിച്ചേരുന്നു. ഈ രതി വ്യതിയാനമാണ് സ്ത്രീയെ ഉപേക്ഷിക്കാനും ആക്രമിക്കാനും പ്രേരിപ്പിക്കുന്നത്. ശൂര്‍പ്പണഖയോട് കാട്ടുന്ന അക്രമം ഈ രതിവ്യതിയാനമാണ്. രാമപക്ഷത്തെ മികച്ച മൂല്യമായ ഏകപത്‌നീവ്രതം സ്ത്രീയോടുള്ള അതിക്രമമാണെന്നു വെളിവാകുന്നു. സ്ത്രീയെ പൂജിക്കുന്നു എന്നു പറയുന്നതും സ്ത്രീയെ ഉപദ്രവിക്കുന്നു എന്നു പറയുന്നതും തമ്മിലുള്ള പൂരകത്വം വെളിവാക്കുമ്പോള്‍ ബ്രാഹ്മണമതത്തിന്റെ സ്ത്രീ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്നു. സ്ത്രീയെ പൂജിക്കുന്നയാളും ഉപദ്രവിക്കുന്നയാളും ഒരാള്‍ തന്നെ. രാമനും രാവണനും ഒന്നു തന്നെ. ഇതു കേരളീയ നവോത്ഥാനത്തിന്റെ ഒരു നിലപാടുകൂടിയാണ്. വിശുദ്ധനായ ബ്രാഹ്മണനാണ് അയിത്തജനതയെ സൃഷ്ടിച്ചത്. മറക്കുടയ്ക്കുള്ളിലെ വിശുദ്ധ സ്ത്രീയാണ് കീഴാള സ്ത്രീയെ നിര്‍മിച്ചത്. നിങ്ങള്‍ പറയുന്ന സന്യാസി/വിടന്‍, പതിവ്രത/വേശ്യ, മാതൃകാ പുരുഷന്‍/ചണ്ഡാളന്‍ എന്നിവര്‍ക്ക് പുറത്ത് ഒരു ജീവിതമുണ്ട് എന്നു പറഞ്ഞു കൊണ്ടു അധഃസ്ഥിത ജനതയോടു പക്ഷപാതം പ്രകടിപ്പിക്കുകയായിരുന്നു മാരാര്‍. 'പക്ഷവാദ നിരൂപണം' എന്നത് മാരാരുടെ പ്രഖ്യാതമായ ഒരു ആശയംകൂടിയാണ്.

മേഘവും നദിയും

മേഘസന്ദേശ നിരൂപണത്തിലും അതു തന്നെയാണു ചെയ്യുന്നത്. മനുസ്മൃതി മുന്നോട്ടുവച്ച വിശുദ്ധ സദാചാര ജീവിതം പുറം തള്ളിയ അധഃസ്ഥിത ജീവിതമാണ് മേഘസന്ദേശത്തിലെ നായകത്വം എന്നാണ് മാരാര്‍ നിരീക്ഷിച്ചത്. സമുദ്രത്തെയും നദിയേയും സ്ത്രീ-പുരുഷന്മാരായി അവതരിപ്പിക്കുന്ന രീതി കവികള്‍ പിന്‍തുടര്‍ന്നു പോന്നിരുന്ന ഒന്നാണ്. ഇതുപ്രകാരം നദി സ്ത്രീയും സമുദ്രം പുരുഷനുമാണ്. ഒന്നിലധികം നദികള്‍ സമുദ്രത്തില്‍ ചെന്നുചേരുന്നു. എന്നാല്‍, മറിച്ചുണ്ടാവുന്നില്ല. അസമത്വപൂര്‍ണമായ, രാജകീയമായ സ്ത്രീ-പുരുഷബന്ധത്തിന്റെ പ്രതീകകല്‍പനകളാണ് ഇവ. എന്നാല്‍, കാളിദാസന്റെ 'മേഘസന്ദേശം' എന്ന കൃതിയില്‍ മേഘം പുരുഷനും നദി സ്ത്രീയുമാണ്. നദി മേഘമാവുകയും മേഘം നദിയാവുകയും ചെയ്യുന്നു. പുരുഷന്‍ സ്ത്രീയുടെ അടുത്തും മറിച്ചും എത്തിച്ചേരുന്നു. രാജാവ്/പ്രജ എന്നീ ദ്വന്ദ്വത്തെ മറികടന്നു കൊണ്ട് ജനാധിപത്യത്തിന്റെ അധികാരസങ്കല്‍പമാണിവിടെ കൊണ്ടുവരുന്നത്. പഴയ സ്ത്രീപുരുഷ ബന്ധമാണ് സ്ത്രീയുടെ ഉപേക്ഷിക്കലുകളിലേയ്ക്ക് നയിക്കുന്നത്.

സീതയെ ഉപേക്ഷിക്കുന്ന നടപടിയെ ചാക്കില്‍ കെട്ടി പൂച്ചയെ ഉപേക്ഷിക്കുന്നതിനോടാണ് മാരാര്‍ മറ്റൊരു ലേഖനത്തില്‍ ഉപമിക്കുന്നത്. സീതയോടു ഉപേക്ഷിക്കുന്നതിന്റെ കാരണങ്ങള്‍ പോലും പറയുന്നില്ല. രാജാവ് പ്രജയോട്, പുരുഷന്‍ സ്ത്രീയോട് സമഭാവനയോടെ കാര്യങ്ങള്‍ വിനിമയം ചെയ്യേണ്ട ആവശ്യമില്ല. പൂച്ചയോട് ഉപേക്ഷിക്കുന്നതിന്റെ കാരണം പറയേണ്ടതില്ല. സ്ത്രീയ്ക്കും പ്രജയ്ക്കും മൃഗേതരമായ അസ്തിത്വം ഇല്ല. നവോത്ഥാന കാല സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന നീതി സങ്കല്‍പമാണ് ഇത്തരം രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്താന്‍ മാരാരെ പ്രാപ്തമാക്കുന്നത്. വളരെ ക്രൂരമായാണ് സീതയെ ഉപേക്ഷിക്കുന്നത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ മസാല ദോശ ചിലര്‍ ആഗ്രഹിക്കുന്നതു പോലെ ഒരുമിച്ചു നടന്ന പഴയകാനനദേശങ്ങള്‍ കാണണമെന്നു സീത ആഗ്രഹിക്കുന്നു. അതിന്റെ പേരിലാണ് സീതയെ കാട്ടില്‍ ഉപേക്ഷിക്കുന്നത്. കാട്ടില്‍ സീതയെ ഒഴിവാക്കണമെന്നു നിര്‍ബന്ധമുണ്ടായിരുന്നെങ്കില്‍ കാട്ടില്‍ സീതയോടൊപ്പം രാമനും പോകാം. രാമനു വേണ്ടി സീത കാട്ടില്‍ കഴിഞ്ഞല്ലോ. എന്നിങ്ങനെയുള്ള യുക്തി മാരാര്‍ പ്രകടിപ്പിക്കുന്നു. ഇത്തരത്തില്‍ സ്ത്രീ/പുരുഷന്‍, ഭാര്യ/ഭര്‍ത്താവ്, ഭരണ കര്‍ത്താവ്/ജനം ഇവര്‍ക്കിടയിലെ അധീശത്വം നിറഞ്ഞ അധികാരത്തെ തകര്‍ക്കുകയാണ് മാരാര്‍ ചെയ്തത്. അധികാര വിമര്‍ശനവും മനഃശ്ശാസ്ത്ര വിമര്‍ശനവും ആണ് മാരാര്‍ പിന്‍തുടരുന്ന രീതി ശാസ്ത്രം.

ചരിത്രപരമായ മറവിരോഗം

എന്നാല്‍, മാരാര്‍ വാല്മീകിയുടെ രാമന്‍ തിരുത്തി എഴുതുന്നുണ്ട്. നവോത്ഥാന മൂല്യങ്ങളുടെ ച്യുതി കേരളീയ സമൂഹത്തില്‍ പ്രകടമായിരുന്ന ആധുനികതാ പ്രസ്ഥാനത്തിന്റെ സന്ദര്‍ഭത്തിലാണത്. ഇത് മാരാരുടെ മറവിരോഗത്തിന്റെ കാലമാണ്. ഇത് രാഷ്ട്രീയമായ മറവിരോഗത്തിന്റെ കാലമാണ്. രാമമൂല്യങ്ങളുടെ പുനരുദ്ധാരണം നടക്കുന്ന കാലമാണ്. വിദേശ ധനകാര്യ ഇടപെടലുകളാല്‍ മത പുനരുദ്ധാനമുണ്ടാകുന്ന വിമോചന സമരത്തിന്റെ കാലമാണത്. 1968 ല്‍ സീതയെ ഉപേക്ഷിച്ചതിനെ ന്യായീകരിച്ചുകൊണ്ട് മാരാര്‍ ഭാഷാപോഷിണിയില്‍ എഴുതുന്നു. സീത വിദ്യയാണ്, സന്യാസിമാര്‍ വിദ്യയെ മോക്ഷത്തിനുള്ള ഉപാധിയാക്കുന്നു. എന്നാല്‍, അറിവ് നേടിക്കഴിഞ്ഞാല്‍ ഉപേക്ഷിക്കുന്നു. അതാണ് സീതയുടെ ഉപേക്ഷിക്കപ്പെടല്‍. പഴയ ലേഖനത്തെ തല കുത്തി നിര്‍ത്തുന്ന ഈ വായനയെ അംഗീകരിക്കുന്ന പലരുമുണ്ടായിരുന്നു. പഴയ 'വാല്മീകിയുടെ രാമന്‍' എന്ന ലേഖനം ഒഴിവാക്കേണ്ടതാണ് എന്ന് മാരാര്‍ ആവശ്യപ്പെടുന്നുണ്ട്. എം. ലീലാവതി, എം. തോമസ് മാത്യു തുടങ്ങിയവര്‍ പില്‍ക്കാലത്ത് ഈ കാലഘട്ടത്തിലെ മാരാരുടെ എഴുത്തുകളെ അനുകൂലിച്ചു. അതായത് മുതലാളിത്ത കാലം ബ്രാഹ്മണമതത്തിന്റെ മൂല്യങ്ങളെ പുനരുദ്ധരിക്കുന്നുണ്ട്.

അതുകൊണ്ടാണ് രാമമൂല്യങ്ങളെ ഉപയോഗിക്കുന്ന കോര്‍പ്പറേറ്റ്-ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ നമുക്ക് ലഭിക്കുന്നത്. യാഥാസ്ഥിതിക മാര്‍ക്‌സിസ്റ്റ് നിരൂപകര്‍ രാമായണ ബഹു പാഠങ്ങളെക്കുറിച്ചു വാചാലരായി രാമന്മാരെയും രാവണന്മാരെയും സ്വീകരിക്കും. യാഥാസ്ഥിതിക ദലിത് നിരൂപകര്‍ രാമന് പകരം രാവണന്മാരെ പ്രതിഷ്ഠിക്കും. രണ്ടിടത്തും രാമരാവണന്മാരുടെ പൂരകത്വത്തെ തിരിച്ചറിഞ്ഞു വിമര്‍ശന വിധേയമാക്കുന്നില്ല. വ്യവസായികള്‍ക്ക് റയിമണ്ട് സ്യൂട്ടിന്റെ പരസ്യത്തില്‍ പറയും പോലെ വിശുദ്ധിയുടെ രാമബിംബത്തെയും (കംപ്ലീറ്റ്‌മേന്‍) അതിഭോഗത്തിന്റെ പത്തു തലയുള്ള രാവണനെയും വേണം. രാമനെക്കാള്‍ രാവണനെയാണ് മുതലാളിത്തത്തിന് ഇഷ്ടം. തേയിലയുടെ പരസ്യത്തില്‍ രാവണനെ കാണാം. രാമന്‍ ഒരു ചായ കുടിക്കുമ്പോള്‍ രാവണന്‍ പത്തു ചായ കുടിക്കും അതുകൊണ്ട് സിനിമാക്കാര്‍ക്കും യാഥാസ്ഥിതിക ഫെമിനിസ്റ്റുകള്‍ക്കും രാവണപ്രഭുവിനെയാണ് ഇഷ്ടം. ദൈവമല്ലാത്ത രാമനും ഒരു തലയുളള രാവണനുമാണ് നവോത്ഥാനകാലം വായിച്ചെടുത്ത, നിര്‍മിച്ചെടുത്ത വാല്മീകിയുടെ രാമന്‍.

02.06.2022, മീഡിയവണ്‍ ഷെല്‍ഫ്

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. ഷൂബ കെ.എസ്‌

contributor

Similar News

കടല്‍ | Short Story