വി.കെ.എന്‍ ന്റെ ദുഷ്യന്തന്‍ മാഷും പാഞ്ചാലി ടെക്‌സ്‌റ്റൈല്‍സും

മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാളാണ് വി.കെ.എന്‍. അദ്ദേഹത്തിന്റെ 'ദുഷ്യന്തന്‍ മാഷ്' എന്ന കഥയെ വിശകലനം ചെയ്യുന്നു.

Update: 2022-09-22 11:09 GMT
Click the Play button to listen to article

മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാളാണ് വി.കെ.എന്‍. അദ്ദേഹത്തിന്റെ 'ദുഷ്യന്തന്‍ മാഷ്' എന്ന കഥയെ വിശകലനം ചെയ്യുകയാണ് ഇവിടെ. ഒരുപാട് മികച്ച എഴുത്തുകാര്‍ നമുക്കുണ്ടെങ്കിലും സ്വന്തം കാലഘട്ടത്തെ അറിയുകയും അതിനോട് വിമര്‍ശനാത്മകമായി പ്രതികരിക്കുകയും ചെയ്തവര്‍ കുറവാണ്. ആ നിലയില്‍ നമ്പ്യാര്‍, ആശാന്‍, ബഷീര്‍ എന്നിവരുടെ പരമ്പരയില്‍ വരുന്ന എഴുത്തുകാരനാണ് വി.കെ.എന്‍.

രവി മാഷും ദുഷന്തന്‍ മാഷും

മലയാളത്തിലെ നവോത്ഥാനാനന്തര-ആധുനിക കാലഘട്ടമാണ് അദ്ദേഹത്തിന്റേത്. വ്യാവസായിക ആധുനികതയുടെ ആദ്യഘട്ടമായും ഈ കാലത്തെ കണക്കാക്കാവുന്നതാണ്. ആധുനികതാവാദം തീക്ഷ്ണമായി നിലനിന്ന അറുപതുകളും എഴുപതുകളും ജാതീയ-ജന്മിത്ത മൂല്യങ്ങളെ വെല്ലുവിളിക്കുകയും നേര്‍പ്പിക്കുകയും ചെയ്ത നവോത്ഥാന ശ്രമങ്ങള്‍ക്കു ശേഷം കടന്നുവരുന്ന ഒരു കാലമായി കാണേണ്ടതുണ്ട്. അതിന്റേതായ സവിശേഷതകള്‍ അക്കാലത്തെ എഴുത്തുകളില്‍ പ്രതിഫലിക്കുകയും ചെയ്തിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇത് വിമോചന സമരം പോലുള്ള പ്രതിലോമകരമായ മുന്നേറ്റങ്ങളുടെ കൂടി കാലമാണ്. മതത്തിനും ജാതീയതയ്ക്കുമെതിരായി നടന്ന പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ജാതി-മത സംഘടനകള്‍ പ്രബലമായി തിരിച്ചു വരികയാണ് ഈ ഘട്ടത്തില്‍ സംഭവിക്കുന്നത്. ആ കാലത്തെ മതാധിഷ്ഠിത സമരങ്ങളില്‍ വൈദേശിക ധനസഹായം ഉണ്ടായിരുന്നതിനുള്ള തെളിവുകള്‍ പില്‍ക്കാലത്ത് പുറത്തു വന്നിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയുടെ പൊതുമേഖലാ വല്‍ക്കരണവുമായി ബന്ധപ്പെട്ട് ഇ.എം.എസ് മന്ത്രിസഭ തയ്യാറാക്കിയ ബില്ലിനെ എതിര്‍ത്തുകൊണ്ടാണ് വിമോചന സമരം പോലുള്ളവ ഉടലെടുത്തത്. ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങളുടെ സാഹിത്യമായിരുന്നു ഖസാക്കിന്റെ ഇതിഹാസം പോലുള്ള കൃതികള്‍. ഇവിടത്തെ ദുഷ്യന്തന്‍ മാഷിന് പകരം ഖസാക്കില്‍ രവി മാഷാണ്. അധ്യാപകനായെത്തുന്ന നായകന്‍ കുട്ടികളെ പഠിപ്പിക്കുന്നതിനു പകരം അവരെ അജ്ഞരായി നിലനിര്‍ത്തുകയും അവരുടെ അജ്ഞതയെ ചിലപ്പോള്‍ പരിഹസിച്ചും ചിലപ്പോള്‍ ചൂഷണം ചെയ്തും ചിലപ്പോള്‍ മഹത്വവത്കരിച്ചുമാണ് മുന്നോട്ടു പോകുന്നത്. ഇത്തരം രാഷ്ട്രീയ സാംസ്‌കാരിക സാഹചര്യങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നവയായിരുന്നു വി.കെ.എന്‍ കൃതികള്‍.


ഖസാക്ക് പുറത്തിറങ്ങിയ അതേ വര്‍ഷം പുറത്തിറങ്ങിയതും തികച്ചും വ്യത്യസ്തവും അധികാര വിമര്‍ശനം എന്ന നിലയില്‍ ഇന്നത്തെ നോവലുകള്‍ക്ക് പൂര്‍വ്വ മാതൃക എന്നു പറയാവുന്നതും ആയ കൃതിയാണ് ആരോഹണം. വ്യാവസായിക ആധുനികതയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു കൊണ്ട് ആധുനിക നോവലിന്റെ തുടക്കം എന്നു പറയാവുന്ന കൃതി. ഗവണ്‍മെന്റിന്റേയും അമേരിക്ക പോലുള്ള രാജ്യങ്ങളുടെയും ധനസഹായത്താല്‍ ചെറ്റപ്പുരകളെ അതായിത്തന്നെ നിലനിര്‍ത്തി സംരക്ഷിക്കുന്ന സാമൂഹിക പ്രവര്‍ത്തകരുടെ കഥയാണ് 'ആരോഹണം.' ഖസാക്കിനെ അതിന്റെ അജ്ഞതയോടെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന രവിയുടെ ഉള്ളിലെ യാഥാര്‍ഥ്യങ്ങളാണ് വി.കെ.എന്‍ വിമര്‍ശിക്കുന്നത്. ഉപരിവര്‍ഗ്ഗ സംരക്ഷണയില്‍ അപ്പുക്കിളിയെപ്പോലെ പയ്യനാക്കപ്പെടുന്നതിന്റെ യഥാര്‍ഥ്യമാണ് വി.കെ.എന്നിന്റെ പയ്യന്‍ കഥകള്‍. വളര്‍ച്ചയില്ലാത്ത അപ്പുക്കിളി രോഗമല്ല മഹത്വമാണ് എന്നു പറയുമ്പോള്‍ (രോഗമാണെന്ന് വി.പി ശിവകുമാര്‍ 'അമ്മ വന്നു' എന്ന കഥയില്‍ പറയുന്നുണ്ട് ) ജനതയെ ചുരുക്കിയെടുക്കുകയാണ്. ദുരന്തങ്ങളെ മഹത്വവത്കരിക്കുകയാണ്. മതവും വ്യാവസായിക മതവും ഇണചേര്‍ന്ന കാലത്ത് മനുഷ്യനുണ്ടായ പയ്യത്തരമാണ് വി.കെ.എന്‍ വിമര്‍ശന വിധേയമാക്കുന്നത്.

ടോര്‍ച്ച് ലൈറ്റടിക്കുന്ന പെണ്‍കുട്ടി

'ദുഷ്യന്തന്‍ മാഷ്' എന്ന കഥയിലെ അതേ പേരുള്ള കേന്ദ്ര കഥാപാത്രം ഒരേസമയം ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുന്‍പു ജീവിച്ചിരുന്ന ദുഷ്യന്തനും അതേ സമയം ആധുനിക രാഷ്ട്ര സംവിധാനത്തിലെ ഒരു മാഷുമാണ്. ദുഷ്യന്തനെ മാഷാക്കുകയും മാഷിനെ പയ്യനാക്കുകയും ചെയ്യുന്ന വി.കെ.എന്‍ രചനാതന്ത്രം ഈ കഥയിലും നമുക്ക് കാണാനാകും. പഴയ ദുഷ്യന്തന്റെ കഥ തന്നെയാണ് ഇതില്‍ പറയുന്നതെങ്കിലും നൂറ്റാണ്ടുകള്‍ ചാഞ്ചാടിക്കൊണ്ടിരിക്കുന്നു. വര്‍ത്തമാനകാലത്തെ രാഷ്ട്രീയവും സാഹിതീയവുമായ സാഹചര്യങ്ങള്‍ ഇതേത് നൂറ്റാണ്ടാണെന്ന് സംശയം ജനിപ്പിക്കുന്നവയായതുകൊണ്ടു തന്നെ അവയെ വിമര്‍ശന വിധേയമാക്കുക എന്ന ഉദ്ദേശമാണ് ഇതിനുള്ളത്. ടി.പത്മനാഭന്റെ 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി' എന്ന കഥയെ പരിഹസിക്കുന്ന രീതിയില്‍ 'ടോര്‍ച്ച് ലൈറ്റടിക്കുന്ന പെണ്‍കുട്ടി' എന്ന പ്രയോഗം ഈ കഥയില്‍ കാണാം. ഒറ്റപ്പെടലിനെ ചിത്രീകരിക്കുന്നതായിരുന്നു അക്കാലത്തെ എഴുത്തുകളില്‍ ഭൂരിഭാഗവും. പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന കഥയില്‍ ഇടിഞ്ഞു പൊളിഞ്ഞ ഒരു കോട്ടയും അതില്‍ ഒറ്റപ്പെടുന്ന ഒരാളുമാണുള്ളത്. ആ ഒറ്റപ്പെടലില്‍ നിന്ന് അയാള്‍ രക്ഷപ്പെടുന്നത് ഒരു പെണ്‍കുട്ടിയുടെ സഹായത്താലാണ്. സിനിമാ തിയേറ്ററിലേക്ക് നടക്കുന്ന ഇയാളോട് പലരും അയാളുടെ തൊഴിലിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ബീഡി തെറുക്കുന്നതാണോ പണി എന്നൊക്കെയുള്ള ചോദ്യങ്ങളില്‍ അപകര്‍ഷതയനുഭവിക്കുന്ന അയാള്‍ ഒരു ഇംഗ്ലീഷ് സിനിമയുടെ കഥ ചോദിക്കുന്ന പെണ്‍കുട്ടിയാല്‍ താന്‍ വിദ്യാസമ്പന്നനെന്ന് തിരിച്ചറിയപ്പെടുന്നതിലൂടെയാണ് 'രക്ഷ' നേടുന്നത്.


ജന്മിത്ത കാലത്ത് ജാതീയമായി ലഭിക്കുന്ന ഉന്നതസ്ഥാനം പില്‍ക്കാലത്ത് നഷ്ടപ്പെട്ട ഉപരിവര്‍ഗ്ഗ മനസ്സ് വ്യാവസായികതയോട് ഒട്ടിച്ചേരുകയും സംസ്‌കൃതമുപേക്ഷിച്ച് ഇംഗ്ലീഷിനോട് പറ്റിച്ചേരുകയുമാണ് ചെയ്തത്. ബീഡി തെറുക്കേണ്ടി വരുന്ന അപകര്‍ഷതയും ഒറ്റപ്പെടലും ഇംഗ്ലീഷ് കൊണ്ട് പരിഹരിക്കപ്പെടുന്നു. എണ്‍പതുകളിലെയും മറ്റും സിനിമകളില്‍ തൊഴിലെടുക്കാന്‍ തയ്യാറല്ലാതെ ആഢ്യ സമ്മര്‍ദങ്ങള്‍ അനുഭവിക്കുന്ന സവര്‍ണ നായകരെ കാണാം. ഉയര്‍ന്ന ജാതിക്കാരനായതു കൊണ്ട് തൊഴിലെടുക്കുന്നത് മാനക്കേടായി മാറുന്നു. ഇതിന്റെ മുന്നോടിയായി എഴുപതുകളിലെ സാഹിത്യത്തിലും ഇത്തരം പാത്രനിര്‍മിതികള്‍ പ്രബലമായിരുന്നു. ഇങ്ങനെയുള്ള ഒരു കാലത്തെ ഒറ്റപ്പെടല്‍ എന്ന കല്‍പനയെ പാരഡിയായി അവതരിപ്പിക്കാനും കാലത്തോട് നേരിട്ട് സംവദിക്കുവാനുമാണ് വി.കെ.എന്‍ ഇതിലൂടെ ശ്രമിക്കുന്നത്. ആധുനികരുടെ ഒറ്റപ്പെടല്‍ ഇല്ലാതാക്കിയ പ്രകാശം ഒരു വ്യാവസായിക ഉല്‍പന്നമായിരുന്നു, ടോര്‍ച്ച് ലൈറ്റായിരുന്നു. പഴയ പ്രകാശത്തെയും, ദിവ്യത്വങ്ങളെയും ടോര്‍ച്ചാക്കുന്ന, പുതിയ ഉല്‍പന്നമാക്കുന്ന ഒരു രീതി വി.കെ.എന്നിലുണ്ട്. എന്തിനെയും ദുഷ്യന്തന്‍ മാഷ് ആക്കും. പഴയ രാജാവിനെയും പുതിയ മാഷിനെ അടുത്തു കൊണ്ടു വരുന്നു. ഇതാണ് പൊതുവേ വി.കെ.എന്‍ രീതി

കണ്വാശ്രമവും വാല്മീകിയുടെ ആശ്രമവും

ഇവിടെ, ശാകുന്തളത്തെക്കുറിച്ച് ഇതുവരെ ഉണ്ടായ രചനകളെയെല്ലാം ഉപജീവിച്ച് മറ്റൊരു പാഠം നിര്‍മിക്കുകയാണ് ചെയ്യുന്നത്. കുട്ടികൃഷ്ണ മാരാരുടെ ശാകുന്തള വിമര്‍ശനം, ശാകുന്തളംആട്ടക്കഥ, സിനിമ, എഴുത്തച്ഛന്റെ കൃതി തുടങ്ങിയ എല്ലാ കൃതികളും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. വാസ്തവത്തില്‍ രാഷ്ട്രീയവും സാംസ്‌കാരികവുമായ രംഗത്താണ് വി.കെ.എന്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചത്. പക്ഷെ, അതിന് അദ്ദേഹം ഉപാധിയാക്കിയത് വാക്കുകളെയാണ്. അതെങ്ങനെ ഈ കഥയില്‍ കടന്നു വരുന്നു എന്നതുകൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. 'അലഹബാദ് സര്‍വകലാശാലയില്‍ നിന്ന് നാടക രാഷ്ട്ര മീമാംസയില്‍ ഒന്നാം ക്ലാസില്‍ ഒന്നാം റാങ്കില്‍ മുന്‍ ബഞ്ചിലിരുന്ന് പഠിച്ച് ജയിച്ച് ദുഷ്യന്തന്‍ യഥാവിധം ബിരുദമെടുത്തു' : എന്ന് പറഞ്ഞുകൊണ്ടാണ് ഈ കഥ ആരംഭിക്കുന്നത്. വാക്കുകളും വാചകങ്ങളും ഒരു പ്രത്യേക രീതിയില്‍ ഉപയോഗിക്കുന്നു എന്നതാണ് വി.കെ.എന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളില്‍ ഒന്ന്. ഇവിടെ യഥാകാലം രാജാവ് രാജ്യം ഭരിച്ചു എന്നു പറയുമ്പോലെ യഥാകാലം ബിരുദമെടുത്തു എന്നു പറഞ്ഞിരിക്കുന്നു. രണ്ട് കാലങ്ങളുടെ ചേര്‍ച്ച ഈ മിശ്ര ഭാഷയിലൂടെയാണ് സാധ്യമാകുന്നത്.

പൗരാണിക നന്മയും വ്യാവസായിക കാല നന്മയും വികെഎന്‍ ചേര്‍ത്തു വയ്ക്കുന്നത് അങ്ങനെയാണ്.

അധഃസ്ഥിത വിരുദ്ധമായ എന്നാല്‍, അധഃസ്ഥിത പക്ഷമെന്നു തോന്നിപ്പിക്കുന്ന ഒരു നന്മ, 'ഒരു പാവപ്പെട്ടവന്‍' ആധുനികതാവാദകാലത്ത് രൂപപ്പെടുന്നുണ്ട്. ഖസാക്ക് പോലുള്ള പാവപ്പെട്ടവരുടെ സ്ഥലം, ചെറ്റപ്പുരകള്‍ നിറഞ്ഞ സ്ഥലം ഉപരിവര്‍ഗത്തിനു വേണ്ടി സംരക്ഷിക്കപ്പെടുന്ന സ്ഥലം അതിനെയാണ് വി.കെ.എന്‍ പ്രധാനമായും ആക്രമിച്ചത്. ഇത് പഴയ കാല ആശ്രമത്തിന്റെ ആവര്‍ത്തനമാണ്. രാജകീയ സംരക്ഷണയില്‍ അവര്‍ക്ക് വേണ്ടിയുള്ള കാടന്‍ ജീവിതങ്ങള്‍. ഇതിന്റെ ചേര്‍ച്ചയാണ് വി.കെ.എന്‍ തന്റെ ഭാഷാ മിശ്രത്തിലൂടെ അവതരിപ്പിക്കുന്നത്. ദുഷ്യന്തന്‍ മാഷ് ഒരേ സമയം രാജാവുമാണ് മാഷുമാണ്. ഖസാക്കിലെ രവി മാഷുമാണ് വ്യാവസായിക കാലത്തെ ഒരു രാജാവുമാണ്. അമേരിക്കയില്‍ ഗവേഷണ സാധ്യത ഉള്ള ആളാണ്, ഉപനിഷത്തിലും ആസ്‌ട്രോഫിസിക്‌സിലും നിപുണനുമാണ്. രവി മാഷ് ഇവിടെ ദുഷ്യന്തന്‍ മാഷായി മാറുന്നു. ദുഷ്യന്തന് നേഷന്‍ സ്റ്റേറ്റില്‍ ജാതിമതങ്ങള്‍ ഉണ്ടായിരുന്നില്ല. പഴയ രാജാക്കന്മാരുടെ ഭരണകാലത്ത് പട്ടിണിയില്ല ശിശുമരണമില്ല എന്നൊക്കെ പറയും പോലെ ദുഷ്യന്തന്‍ മാഷിന്റെ കാലത്ത് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരെ ഇറക്കുമതി ചെയ്യണമായിരുന്നു എന്നാണ് വര്‍ണിക്കുന്നത്. എന്നാല്‍, പണ്ടുള്ളവര്‍ ഒരു പ്രാന്തിനുണ്ടാക്കിയ എല്ലാ ജാതിക്കാരും ഉണ്ടായിരുന്നു എന്നും പറയുന്നു. വര്‍ണനയിലെ ഈ വൈരുധ്യം തന്നെയാണ് ഇവിടെ പറയുന്ന നന്മയുടെ സവിശേഷത. സാഹിത്യാദികളില്‍ കമ്പം കലശലായിരുന്നു എന്നും ദുഷ്യന്തന്‍ മാഷിനെക്കുറിച്ചു പറയുന്നു.

'ജീവല്‍ സാഹിത്യം വായിച്ചു മടുത്തപ്പോള്‍ ഒരു മാറ്റത്തിനു വേണ്ടി ഇനി അസാര നായാട്ടാകം എന്ന് നിരീച്ച് അതിന്റെ പര്യായമായ മൃഗയാ വിനോദത്തിനായി ദുഷ്യന്തന്‍ കാട്ടിലോട്ട് തിരിച്ചു. കാടേ ഗതി നമുക്കെന്ന് അക്കാലത്താരും എഴുതിയിരുന്നില്ല. നളചരിതം കഥകളി കൊട്ടകയില്‍ വന്നിരുന്നെങ്കില്‍ ദുഷ്യന്തന്‍ കാടില്‍ നിന്നും വഴിമാറി വേറെ വല്ലിടത്തും പോയേനേ. അതുണ്ടായില്ല. പട്ടാളവും നാവിക വായുസേനാ വിഭാഗവും അദ്ദേഹത്തെ അനുഗമിച്ചു'. ഇത്തരത്തില്‍ കാലത്തെ മറിച്ചും തിരിച്ചും പ്രയോഗിച്ചുകൊണ്ട് ഇത് ഒരേ സമയം പഴയ ദുഷ്യന്തന്റെ കാലമാണെന്നും അതേ സമയം ആധുനിക കാലമാണെന്നും ബോധ്യപ്പെടുത്തുന്നു. അഥവാ, നിങ്ങളുടെ ആധുനികത ദുഷ്യന്തകാലം തന്നെ എന്നു പറയുന്നു. ദുഷ്യന്തന്‍ പോണ വഴിക്ക് 1943 ലെ ശാന്താറാമിന്റെ ശകുന്തളയിലെ പാട്ടും കേള്‍ക്കുന്നുണ്ട്. 'മാലിനിനദിയില്‍ കണ്ണാടി നോക്കും മാനേ പുള്ളിമാനേ... ഇതെന്തു ഗാനാലാപം എന്നു മാഷ് വിസ്മയിച്ചു സിനിമാ ഷൂട്ടിംഗ് എന്ന പടം പിടിവല്ലതും നടക്കുന്നുണ്ടോ, എതെങ്കിലും ടാക്കീസില്‍ സിനിമ കളിക്കുന്നുണ്ടോ അത്ഭുതപ്പെട്ട് അദ്ദേഹം നാലുപാടും നോക്കി. അപ്പോള്‍ കുടവുമായി ഒരു പെണ്ണ് പുഴ മുറിച്ചുകടന്ന് അക്കരെ ഒരു ആശ്രമത്തില്‍ മറയുന്ന കണ്ടു' എന്നു പറയുകയാണ്.



ഇങ്ങനെ കാലത്തെ മറിച്ചിടുന്നതെന്തുകൊണ്ട് എന്നതാണ് ചോദ്യം. സുന്ദരമായ കാടിന്റെ നടുക്കു മാനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു ഒരു വാക്യം ഉണ്ട്. സിനിമയിലും ഒരു ഉപദ്രവുമില്ലാത്ത നല്ല സാഹിത്യത്തിലും ഒക്കെ സുന്ദരമായ കാട്, ആശ്രമം കാണാം. ആശ്രമം എന്നത് ഹിംസയുടെ വക്താക്കളായ ക്ഷത്രിയരെ ഉപയോഗിച്ച് അധികാരം നിലനിര്‍ത്തുന്ന ബ്രാഹ്മണര്‍ ഉണ്ടാക്കിയെടുക്കുന്ന ക്രിത്രിമമായ നന്മയുടെ സ്ഥലമാണ്. ദുഷ്യന്തന്‍ മാനിനെ കൊല്ലാതിരിക്കുന്നത് അതൊരു ആശ്രമ മൃഗമാണെന്ന പറച്ചില്‍ കേട്ടാണ്. ആശ്രമ മൃഗമല്ലെങ്കില്‍ ഹിംസ സാധുവുമാണ്. ബ്രാഹ്മണമതത്തിന്റെ ശാസനകള്‍ ക്രൂരമായി നടപ്പാക്കുമ്പോള്‍ തന്നെ അവര്‍ അതിന്റെ മറയായി മുന്നോട്ട് വച്ച വ്യാജ നന്മയുടെ ഇടമായിരുന്നു ആശ്രമം. പ്രണയം ആശ്രമ വിരുദ്ധ വികാരമാണെങ്കിലും പ്രണയം രാജാവിനോടാകുമ്പോള്‍ സ്വീകാര്യമാകുന്നു. മറ്റൊരു സ്ഥലത്ത് പ്രണയം ശപിക്കപ്പെടുമ്പോഴും രാജകീയ മുദ്രമോതിരം ഉണ്ടെങ്കില്‍ ശാപമോക്ഷം കിട്ടുന്നു. മുല്ല വല്ലിയെയും തേന്മാവിനെയും സ്‌നേഹിക്കുന്ന ആ ശ്രമത്തിലുള്ളവര്‍ രാജാവുപേക്ഷിക്കുമ്പോള്‍ ശകുന്തളയെ ഉപേക്ഷിക്കുന്നു. രാജാവുപേക്ഷിച്ച പെണ്ണിനെ വാല്മീകിയുടെ അശ്രമം സ്വീകരിച്ചു, കണ്വാശ്രമം സ്വീകരിക്കുന്നില്ല. അതായത് ഈ ആശ്രമം പൗരോഹിത്യത്തിന്റെ അടയാളമാണ്. രാജകീയമായ ഒരു പാവനപ്പെട്ട സ്ഥലമാണ് ഈ ആശ്രമം. സിനിമയിലും പുതിയ കാല പുരോഗമന സാഹിത്യത്തിലുമുള്ള അധികാരപക്ഷമായ നന്മയാണ് മാനുകള്‍ മാത്രമുള്ള കാട് എന്നു പറയുന്നതില്‍ ഉള്ളത്.

ഒ.എന്‍.വി യുടെ സ്വയംവരം പോലുള്ള കവിതകളിലും ചില പുതിയ കാല കവിതകളിലും ഇത്തരത്തില്‍ വിശ്രമസ്ഥലമെന്നോണം കാടിനെ അവതരിപ്പിക്കുന്നുണ്ട്. ഇത്തരം കാപട്യങ്ങളേയും മൂല്യങ്ങളേയുമാണ് വി.കെ.എന്‍ വിമര്‍ശിക്കുന്നത്. ക്രൂരന്മാരായ രാജാക്കന്മാര്‍ക്ക് ആയുധങ്ങള്‍ അഴിച്ചു വച്ചു കയറാനുള്ള നന്മസ്ഥലമായി പ്രകൃതി മാറുന്നതിനെയാണ് ഇവിടെ വിമര്‍ശിക്കുന്നത്. ഈ നന്മ ശാകുന്തള കാലത്തും പുതിയ കാലത്തും ഒരുപോലെ പ്രത്യക്ഷപ്പെടുന്നതിനെ വിമര്‍ശിക്കാനാണ് ഈ ആഖ്യാന ഘടന ഉപയോഗിക്കുന്നത്. ചെറ്റപ്പുര എന്ന കഥയിലും ഇത് കാണാം. നല്ല രീതിയില്‍ ചെറ്റപ്പുരകള്‍ സംരക്ഷിക്കുന്നതാണ് നല്ല സാമൂഹിക പ്രവര്‍ത്തനം. ജനങ്ങളുടെ ചെറ്റപ്പുരയുടെ അവസ്ഥ ഇല്ലാതാക്കുന്നതല്ല, അതോടെ സംരക്ഷിക്കുന്നതാണ് സന്നദ്ധ സംഘ പ്രവര്‍ത്തനം. എന്തിനെയും സന്നദ്ധ സംഘ പ്രവര്‍ത്തനമാക്കും അതാണ് ഇന്നത്തെ മാധ്യമരീതി. പ്രളയകാലത്ത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതായ ഒരു ചിത്രം രാക്ഷാപ്രവര്‍ത്തനം നടത്തുന്ന ഒരാളുടെ മുതുകില്‍ ചവിട്ടി വള്ളത്തിലേക്ക് കയറുന്ന സ്ത്രീയുടേതാണ്. പിന്നീട് അനുമോദിക്കപ്പെടുന്ന അയാള്‍ പറയുന്നത് തന്നേക്കാള്‍ കഷ്ടപ്പെട്ട ധാരാളം പേര്‍ അവിടെയുണ്ടായിരുന്നുവെന്നാണ്. സ്വയം നഷ്ടപ്പെടുത്തി നടത്തുന്ന അതിജീവനങ്ങളെ രക്ഷാപ്രവര്‍ത്തനമാക്കി മാറ്റുന്നു. പിന്നീട് രക്ഷപ്പെട്ട പണക്കാര്‍ ഡ്രസ് വാങ്ങി പാവപ്പെട്ട തൊഴിലാളികളെ സഹായിക്കുന്ന പരസ്യചിത്രമാക്കി അതിനെ തല തിരിച്ചിടുന്നു. ഇത്തരത്തിലുള്ള രാജവാഴ്ചയുടെയും വ്യാവസായിക ആധുനികതയുടെയും കാലത്തെ അധഃസ്ഥിത വിരുദ്ധ രക്ഷാപ്രവര്‍ത്തനങ്ങളെയാണ് വി.കെ.എന്‍ നിശിതമായി വിമര്‍ശിച്ചത്.

വാക്കുകള്‍ ഉടയ്ക്കുമ്പോള്‍

മറ്റൊരു കാര്യം വാക്കുകളുടെ സവിശേഷമായ ഉപയോഗമാണ്. വാക്കുകളെ പല നിലയില്‍ ഉപയോഗിച്ച് വ്യത്യസ്തമായ അര്‍ഥതലങ്ങള്‍ നിര്‍മിക്കുന്ന രീതി നിലവിലുണ്ട്. എന്നാല്‍, വാക്കുകളെത്തന്നെ മുറിച്ചെടുക്കുന്ന രീതി വി.കെ.എന്‍ പിന്‍തുടരുന്നുണ്ട്. കട്ടകള്‍ ചേര്‍ത്ത് വച്ചുകെട്ടിടം പണിയുന്നവരുണ്ട്, താജ്മഹല്‍ ഉണ്ടാക്കുന്നവരുണ്ട്. പക്ഷെ, കട്ടകള്‍ തന്നെ മുറിച്ചിട്ട് ചേര്‍ത്തുവയ്ക്കുകയാണിവിടെ. ഉത്തരാധുനിക ചിത്രകലയെ അനുസ്മരിപ്പിക്കുന്ന രീതിയാണിത്. സംസ്‌കാരത്തെയും രാഷ്ടീയത്തെയും ശേഖരിച്ചു വച്ചിരിക്കുന്ന വാക്കുകളെ ഉടയ്ക്കുമ്പോള്‍ സംസ്‌കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും പൊട്ടിക്കലും പുനര്‍നിര്‍മാണവുമാണ് നടക്കുന്നത്. ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിംകിം ഡുകിനെ പോലുള്ളവര്‍ ശരീരത്തിലേല്‍പിക്കുന്ന മുറിവുകള്‍ ചരിത്രത്തിലേല്‍പിക്കുന്ന മുറിവുകളായി അവതരിപ്പിക്കുന്നുണ്ട്. അതിനു സമാനമായി വാക്കുകളെ നിര്‍മിത ശരീരമായി കാണുകയും അതിലേല്‍പിക്കുന്ന മുറിവുകള്‍ ചരിത്രത്തിലേല്‍പിക്കുന്ന മുറിവുകളായി മാറുകയുമാണ് വി.കെ.എന്നില്‍. പ്രാചീന കാലത്തെയും വ്യാവസായിക കാലത്തെയും ഒരു രീതിയില്‍ ബന്ധിപ്പിച്ചു കൊണ്ടു അതിനെ മറിച്ചിട്ട് ഹാസ്യം നിര്‍മിക്കുകയാണ് വി.കെ.എന്‍ ഇങ്ങനെ ഉടയ്ക്കുന്ന വാക്കുകളിലൂടെ.

ദുഷ്യന്തന്‍ മാഷ് എന്ന കഥയില്‍ ദുഷ്യന്തനും ശകുന്തളയും തമ്മില്‍ കണ്ടുമുട്ടുന്നതും ദുഷ്യന്തന്‍ വിവാഹാഭ്യര്‍ഥന നടത്തുന്നതുമായ രംഗത്തെ അങ്ങേയറ്റം ഹാസ്യാത്മകമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ദുഷ്യന്തന്‍ ശകുന്തളയെ കാണുന്നു, സംസാരിക്കുന്നു. എന്നിട്ട് തന്നെ കെട്ടണമെന്ന് പറയുന്നു. 'കളവാണിയായ നീയിപ്പോള്‍ അനാഘ്രാതയായ കുസുമമാണെന്നു ഞാന്‍ കാണ്മു. അതുകൊണ്ടു കല്യാണിയായ നീയെന്നെ കെട്ടണം പിടിച്ചുപൂട്ടണം. എന്തു വേണേലും തരാം. പാലയ്ക്കാമോതിരം പട്ടുസാരി ചോളി സ്റ്റഡ് കാതിലോല നല്ല താളി കുതിരപ്പവന്‍ അല്ലെങ്കില്‍ അല്ലെങ്കില്‍ ഇവ അച്ചടിച്ചെടുക്കാവുന്ന സെക്യൂരിറ്റി പ്രസ് എന്റെ രാജ്യം അയല്‍ രാജ്യം സോവിയറ്റ് യൂണിയന്‍ എന്തു വേണേലും ചോദിക്കൂ. എന്താണ് ഒന്നും മിണ്ടാത്തത് മിണ്ടാത്തതെന്ത് തത്തേ തത്തേ ചരതികാരമ്യ' എന്നിങ്ങനെ പല സ്ഥലങ്ങളിലുള്ള സംഭാഷണങ്ങള്‍ ചേര്‍ത്തുവച്ച് അസംബന്ധമെന്ന് തോന്നുന്ന രീതിയിലേയ്ക്ക് പോകുന്നത് ഈ പ്രണയത്തിന്റെ അസംബന്ധതയെ സൂചിപ്പിക്കാനാണ്. എന്താണ് പ്രണയം എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നു. ശകുന്തള പറയുന്നത് എത്രയും പെട്ടെന്ന് ദര്‍ഭ പുല്ല് വിരിച്ച് ഗാന്ധര്‍വം ഉദ്ഘാടനം ചെയ്യാം എന്നാണ്.

പ്രണയം എന്ന വ്യവസ്ഥ തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. എന്റെ ശരീരത്തെ പ്രാപിക്കണമെങ്കില്‍ തങ്ങളുടെ മകന്‍ രാജാവാകണം എന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയാണ് ഇവിടെ ശകുന്തള. ശാകുന്തളയെ അബലയായി ചിത്രീകരിച്ചിരിക്കുന്നു എന്നൊക്കെയുള്ള വാദങ്ങള്‍ മുണ്ടശ്ശേരിയടക്കം ഉയര്‍ത്തിയിട്ടുണ്ട്. മഹാഭാരത ശകുന്തളയെ വാഴ്ത്തിയിട്ടുമുണ്ട്. എന്നാല്‍, വി.കെ.എന്നിന്റെ ശകുന്തള ദുഷ്യന്തന്‍ പ്രജയല്ലല്ലോ എന്ന് ചോദിക്കുന്ന, 'ഫുള്‍ ടൈം രാജാവ്' എന്നുറപ്പിക്കുന്ന വ്യക്തിയാണ്. അതിനു ശേഷം മാത്രം 'കുമാര സംഭവ വിദ്യ' സ്വീകരിക്കാം എന്നു കരുതുന്ന ആളാണ്. ഇടയിലിടയില്‍ ലജ്ജിക്കുന്ന കാളിദാസ ശകുന്തളയും ശരീരം വച്ചു വില പേശുന്ന മഹാഭാരത ശകുന്തളയും ഒരു പോലെ ഇവിടെ ഹാസ്യവത്കരത്തിലൂടെ മറിച്ചിടപ്പെടുന്നു.'കുമാര സംഭവ വിദ്യ സ്വീകരിക്കാം, ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും' എന്നൊക്കെ അസംബന്ധമെന്ന് തോന്നിക്കുന്നവ ശകുന്തളയെ കൊണ്ടു പറയിക്കുന്നത് ധീരമെന്നോ പ്രണയമെന്നോ നിരീക്ഷിക്കപ്പെടുന്ന ഈ സന്ദര്‍ഭത്തിലെ വൈകാരികമായ ഏകാഗ്രതയെ ചിതറിച്ചു കളയുന്നതിനാണ്. ഭാഷയില്‍ ഒരു പാടു അനൗചിത്യങ്ങള്‍ കൊണ്ടുവരുന്നത് നമ്മള്‍ ഔചിത്യമെന്നു കരുതുന്ന അനൗചിത്യങ്ങളെ ഇല്ലാതാക്കാനാണ്. 'പാത്രാ ന്നപൂര്‍ണ്ണേശ്വരി ' എന്ന കഥയില്‍ 'ഇതിനകം ', 'ഇതിനോടകം' എന്നിങ്ങനെ രണ്ടു വാക്കുകള്‍ ഉണ്ട്. പക്ഷെ, ഇതിനോടകം എന്നതെടുത്താല്‍ ഒരക്ഷരം കൂടി ഉപയോഗിക്കാമല്ലോ എന്നു പറയുന്നുണ്ട്. ഇങ്ങനെ നമ്പ്യാരിലൊക്കെ കാണും പോലുള്ള അക്ഷരങ്ങളുടെ ധാരാളിത്തം വൈകാരികമായ ഏകാഗ്രതയെ അട്ടിമറിക്കാനാണ് ഉപയോഗിക്കുന്നത്.

അതുപോലെ ഇവിടത്തെ ശകുന്തളയുടെ ധീരത മാധ്യമ വ്യവസായകാലത്ത് മറ്റൊന്നായി മാറുന്നു. 'മാഡം നീ വാര്‍ത്ത സൃഷ്ടിക്കുകയാണോ ഏതു പത്രത്തിലെ സ്റ്റാഫാണ് എനിക്ക് നിന്നെ പിടിവള്ളി കിട്ടുന്നില്ല, വള്ളിത്തിരുമണം എന്നു കേട്ടിട്ടുണ്ട് ' എന്നു ശകുന്തളയോട് ചോദിക്കുമ്പോള്‍ പത്രത്തിലെ സ്ത്രീ പീഡന വാര്‍ത്തകളുടെ അസംബന്ധത ഇതിഹാസ ശാകുന്തളത്തോട് ചേര്‍ത്തു വയ്ക്കുന്നു. പൗരോഹിത്യത്തിന്റെ കാലത്തും മുതലാളിത്ത കാലത്തും വ്യത്യസ്ത രീതിയില്‍ ആവര്‍ത്തിക്കുന്ന അധികാര വിധേയമായ ബന്ധങ്ങളെ ഒരു പോലെ ആക്രമിക്കാനാണ് ഈ ശൈലി വി.കെ.എന്‍ സ്വീകരിക്കുന്നത്.

വികലനവും വിവര്‍ത്തനവും

വി.കെ.എന്‍ വാക്കുകളുടെ വികലന പ്രക്രിയ മാത്രമല്ല, വിവര്‍ത്തന പ്രക്രിയയും നടത്തുന്നുണ്ട്. കഥാസന്ദര്‍ഭങ്ങളെല്ലാം ഒരു പോലെയാണ്. അതു വിവരിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ കൊണ്ടാണ് മറ്റൊരു ശാകുന്തള കഥയായി ദുഷ്യന്തന്‍ മാഷ് മാറുന്നത്. വിശ്വാമിത്രന്‍ ദുര്‍വാശിക്കാരനും ഷഷ്ഠിതല്‍പുരുഷനുമാണ്. വിശ്വാമിത്രന്റെ മിത്തിക്കല്‍ പരിവേഷം ഈ അസംബന്ധ ചേരുവയിലൂടെ ഇല്ലാതാകുന്നു. എം.കെ സാനു പ്രദേശത്തിലൂടെ ദുഷ്യന്തന്‍ സഞ്ചരിച്ചു എന്ന പ്രയോഗത്തിലൂടെ സാനു എന്ന കാല്‍പനിക പ്രദേശം ഇല്ലാതാകുന്നു. ശകുന്തള നീയെന്റെ റാണി ലക്ഷ്മീഭായിയാണ് എന്ന പ്രയോഗവും ഇങ്ങനെയുള്ള വികലന പ്രക്രിയയിലൂടെ സഞ്ചരിക്കുന്നതാണ്. വ്യംഗ്യാര്‍ഥത്തെ ചോര്‍ത്തിക്കളഞ്ഞുകൊണ്ടുള്ള ഒരു വിസ്തരിക്കലും കഥയില്‍ കാണാം. 'കാതുകൂര്‍പ്പിക്കാന്‍ പിച്ചാത്തിയോ മറ്റോ കൊണ്ടുവരണോ' എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ഇതിന് ഉദാഹരണമാണ്. സമാന ശബ്ദപ്രയോഗങ്ങള്‍ കൊണ്ടു മറിച്ചിടല്‍ കൊണ്ട് വ്യംഗ്യാര്‍ത്ഥം ചോര്‍ത്തിക്കളഞ്ഞു കൊണ്ടുള്ള വിസ്തരിക്കല്‍ കൊണ്ട് ഒക്കെ വികലന പ്രക്രിയ സാധ്യമാക്കുന്നു. രാഷ്ട്രീയ വിമര്‍ശനമാണ് ലക്ഷ്യം. അതിനായി സവിശേഷമായ വിവര്‍ത്തന പ്രക്രിയയും വി.കെ.എന്‍ നടത്തുന്നുണ്ട്. മാനകഭാഷ ഭാഷാഭേദമാകുന്നു, ഇംഗ്ലീഷ് മലയാളമാകുന്നു. സംസ്‌കൃതം മലയാളമാക്കി മാറ്റുന്നു. ഇത് രണ്ടും ഉപയോഗിക്കുന്നു. കാള്‍ഗേളായ ശകുന്തള, ഫുള്‍ ടൈം രാജാവ് എന്നീ പ്രയോഗങ്ങള്‍, മേനകയെ മേനു എന്നു വിളിക്കുന്നത് ഒക്കെ ഉദാഹരണങ്ങള്‍ ആണ്. മറ്റ് കൃതി കൃതികളിലും ഈ രീതി തന്നെയാണ് കാണുന്നത്. വാക്കുകളെ ഇങ്ങനെ ഉടച്ചാല്‍ മൂല്യത്തെയും സംസ്‌കാരത്തെ ഉടയ്ക്കാം എന്നു വി.കെ.എന്‍ കരുതി. നവോത്ഥാന കാലത്തെ ചുടുകല്ല്, പ്രാചീന കാലത്തെ ഒരു പാറക്കഷണം, പുതിയ കാലത്തെ ഒരു സിമന്റ് കട്ട ഇവയൊക്കെ വ്യത്യസ്ത രീതിയില്‍ പൊട്ടിച്ച് ഇതുവരെയില്ലാത്ത വാക്കുകളുടെ പരുപരുത്ത ശില്‍പം ഉണ്ടാക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.


പ്രാചീന കാലം പടുത്തുയര്‍ത്തിയ എല്ലാ നിര്‍മിതികളെയും അടിച്ചുടയ്ക്കാനാണ് മിത്തുകളുടെ ലൗകികവത്കരണം വി.കെ.എന്‍ സൃഷ്ടിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയെ വിമര്‍ശിക്കുന്ന കൃതികള്‍ എന്നാണ് എസ് സുധീഷ് വി.കെ.എന്‍ രചനകളെ വിശേഷിപ്പിക്കുന്നത്. വി.കെ.എന്‍ ന്റെ കൃതികളെക്കുറിച്ച് 1977 ല്‍ തന്നെ ലേഖനമെഴുതി എസ് സുധീഷ് മോക്ക് എപ്പിക്കിന്റെ സ്വഭാവമാണ് വി.കെ.എന്‍ കൃതികള്‍ക്ക് എന്നു നിരീക്ഷിച്ചിട്ടുണ്ട്. ഇതിഹാസ സമാനമായ കാര്യങ്ങളെ ലൗകികമാക്കി അവതരിപ്പിക്കുന്ന രീതിയാണ് മോക്ക് എപ്പിക്കിന്റേത്. ഹാസ്യത്തിന്റെ രീതി കൂടിയാണത്. ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഹാസ്യത്തിന്റെ രീതിയാണ്. എവിടെ നിന്നു ആരു വീഴുന്നു എന്നതിനെ മുന്‍നിര്‍ത്തിയാണ് ഹാസ്യത്തിന്റെ മേന്മയെ നിര്‍ണ്ണയിക്കുന്നത്. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നു പറയുമ്പോള്‍, രാജകീയ ദീപസ്തംഭത്തെ മറിച്ചിട്ടാണ് ഹാസ്യം സൃഷ്ടിക്കപ്പെടുന്നത്. അതാണ് നമ്പ്യാരുടെ മേന്മ. മൂല്യച്യുതിയെയല്ല മൂല്യങ്ങളെ തന്നെ വിമര്‍ശിച്ചുകൊണ്ടാണ് ഹാസ്യം ഉണ്ടാക്കുന്നത് എന്നു വി.കെ.എന്നിനെക്കുറിച്ചു എസ് സുധീഷ് പറയുന്നുണ്ട്.

ദുഷ്യന്തന്‍ മാഷ് എന്ന സമാഹാരത്തില്‍ 'മുച്ചീട്ടുകളി ' എന്ന പാഞ്ചാലി വസ്ത്രാക്ഷേപം അവതരിപ്പിക്കുന്ന കഥ ഉണ്ട്. പാഞ്ചാലി വസ്ത്രാക്ഷേപത്തില്‍ വില്ലന്‍ ദുര്യോധനന്നും ദുശ്ശാസനനുമാണോ? ആ വ്യവസ്ഥയില്‍ അടിമയായിരിക്കുന്ന സ്ത്രീയോട് സാധാരണ ചെയ്യാവുന്ന കാര്യമേ ദുശ്ശാസനന്‍ ചെയ്യുന്നുള്ളൂ. പാണ്ഡവര്‍ക്ക് പാഞ്ചാലിയുടെ മേല്‍ ഉടമാവകാശം ഇല്ലെന്നു സമ്മതിച്ചാല്‍ പാഞ്ചാലിയെ വെറുതെ വിടാമെന്നും പറയുന്നുണ്ട്. മിണ്ടാതിരിക്കുന്ന ഭീഷ്മരും പാണ്ഡവരും അടങ്ങുന്ന ആ ധാര്‍മിക വ്യവസ്ഥയാണ് പാഞ്ചാലിയുടെ അവസ്ഥയ്ക്ക് കാരണം. വി.കെ.എന്‍ അത് അവതരിപ്പിക്കുമ്പോള്‍ വ്യാവസായിക കാലത്തോട് ബന്ധിപ്പിക്കുന്നു. അന്നത്തെ അടിമ ഉടമ വ്യവസ്ഥയെ മുതലാളിത്ത വ്യവസ്ഥയുമായി ബന്ധിപ്പിക്കുന്നു. പാഞ്ചാലി ടെക്‌സ്‌റ്റൈല്‍സ് എന്ന പേരില്‍ കൃഷ്ണന്‍ ഒരു ജൗളിക്കട നടത്തുന്നു. ടിയാന്‍ കുഴല്‍ വഴി വസ്ത്രങ്ങളയച്ചു പാഞ്ചാലിയെ രക്ഷിക്കുന്നു. പഴയ കാല രക്ഷാപ്രവര്‍ത്തനവും വ്യാവസായിക കാല രക്ഷാപ്രവര്‍ത്തനവും തമ്മില്‍ ബന്ധിപ്പിക്കുന്നു.' ചൂതാട്ടം' എന്ന കഥയില്‍ ഇതേ സന്ദര്‍ഭം ആവര്‍ത്തിക്കുന്നുണ്ട്. അതില്‍ വസ്ത്രാക്ഷേപ സമയത്ത് എല്ലാവരും മിണ്ടാതിരുന്നതിന് കാരണമായി പറയുന്നത് ശ്രീകൃഷ്ണന്‍ എല്ലാവര്‍ക്കും ഡ്രസ് വാങ്ങിക്കൊടുത്തതാണ്. സവാരി സ്യൂട്ട്, ഷര്‍ട്ട്, കോട്ട്, ളോഹ ഗാന്ധാരിക്ക് പട്ട് തുണി ഇങ്ങനെ ഉപഭോഗ സൗഭാഗ്യങ്ങളാണ് അനീതിയ്ക്ക് എതിരെ വായടയ്ക്കാന്‍ കാരണം. കാരുണ്യങ്ങളും ധര്‍മങ്ങളും മൂല്യങ്ങളും നന്മകളും മറിച്ചിട്ടു കൊണ്ടാണ് വി.കെ.എന്‍ ഹാസ്യം സൃഷ്ടിക്കുന്നത് അത് ഒരേ സമയം പ്രചീന മൂല്യങ്ങളുടെയും അവയുമായി സന്ധിചേര്‍ന്നുകൊണ്ടെത്തുന്ന മുതലാളിത്ത മൂല്യങ്ങളുടെയും വിമര്‍ശനമായി മാറുന്നു. അതുകൊണ്ടാണ് മലയാളത്തിലെ ഏറ്റവും മികച്ച ആധുനിക എഴുത്തുകാരനായി വി.കെ.എന്‍ മാറുന്നത്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. ഷൂബ കെ.എസ്‌

contributor

Similar News

കടല്‍ | Short Story