ഒരേ ഗുളിക, ഭൂമി
കവിത
Update: 2022-09-22 12:04 GMT
വെയില്‍ ഒരു ചീട്ട് കാണിക്കുന്നു,
അപ്പോള്‍ത്തന്നെ കാര്‍മേഘം മറ്റൊരു ചീട്ടുകാണിക്കുന്നു.
രണ്ട് ചീട്ടുകളിലും ഒരേ കോമാളീചിത്രം. എന്റെ ഛായ.
കരിവളകളിട്ട കൈകളിളക്കി കാറ്റ് ചീട്ടുകള്‍ കശക്കിക്കുത്തുന്നു.
അതിലൊന്നെടുത്തെന്റെ നേര്‍ക്ക് നീട്ടിപ്പിടിക്കുന്നു.
അതിലവളുടെതന്നെ മുഖം തെളിയുന്നു.
മാമരങ്ങള്‍ പിടിച്ചുലച്ചപോലെ മുടികളുളളവള്‍.
ഇപ്പൊഴേ മഴതുടങ്ങി.
മഴയില്‍ക്കുളിച്ച കോമാളീചിത്രം ഞാന്‍.
മഴയില്‍ക്കുളിച്ച കാമുകീചിത്രം നീ.
ആകാശം ഒന്നനങ്ങിയപ്പോഴേക്കും,
എനിക്കിങ്ങനെയൊക്കെ എഴുതാന്‍ തോന്നി.
രോഗം കവിത.
മിഴിനീരില്‍ച്ചാലിച്ച ഒരേ ഗുളിക, ഭൂമി.