മാമ്പഴം
കഥ | അജേഷ് വേലായുധന്‍
'അമ്മേ.... നമ്മടെ മാവ് പൂത്തൂട്ടോ'
സ്‌കൂളില്‍ നിന്ന് വരുന്ന വഴി കണ്ട കാഴ്ച, ഓടിവന്നാണ് ചിന്നു അമ്മയോട് പറഞ്ഞത്. ആ വഴി നടന്നിരുന്നെങ്കിലും ഭാമയത് ശ്രദ്ധിച്ചിരുന്നില്ല. മാവിലേക്കെന്നല്ല ആ ഭാഗത്തേയ്ക്ക് തന്നെ തല തിരിക്കാതെ മാത്രമേ അവള്‍ നടക്കാറൊള്ളു.
'ഉവ്വോ' ചിന്നുവിന്റെ ഉത്സാഹം കെടാതിരിക്കാന്‍ വേണ്ടി മാത്രം അവള്‍ പ്രതികരിച്ചു.
''ഇപ്രാവശ്യമെനിക്ക് മാമ്പഴം അമ്മമാര്‍ക്കൊക്കെ കൊടുക്കണം, എല്ലാവര്‍ക്കും കൊടുക്കണം' അവള്‍ ആവേശത്തോടെ പറഞ്ഞു. കവലയിലുള്ള പള്ളിവക അഗതിമന്ദിരത്തിലെ അംഗങ്ങളെയാണ് അവളുദ്ദേശിച്ചത്. ഭാമ സ്‌നേഹത്തോടെ അവളെ നോക്കി.
'അമ്മയെന്താ ഒന്നും മിണ്ടാത്തെ' ചിന്നു ചോദിച്ചു.
'പൂത്തതിലെത്ര പഴമാകുമെന്ന് നമുക്ക് നോക്കാം, എന്നിട്ടല്ലേ അമ്മമാര്‍ക്ക് കൊണ്ടുപോകുന്ന കാര്യം'.
പ്രതീക്ഷിക്കാത്തതെന്തോ നടന്നേക്കാമെന്നൊരു ദുസ്സൂചന ചിന്നുവിന് കൊടുക്കാന്‍ വേണ്ടിത്തന്നെയാണ് അവളങ്ങനെ പറഞ്ഞത്. അത് മനസ്സിലാക്കിയിട്ടെന്ന പോലെ ചിന്നുവും നിശബ്ദയായി. അച്ഛനിനിയില്ലെന്ന് പറഞ്ഞു മനസ്സിലാക്കിയതില്‍പിന്നെ ചിലപ്പോഴൊക്കെ അവളിങ്ങനെയാണ്, മുതിര്‍ന്നവരെപ്പോലെ നിര്‍വികാരമായൊരു മുഖഭാവം.
പിറ്റേന്ന് സ്‌കൂളില്‍ പോകുന്ന വഴി, അവളുടെ സുന്ദരിമാവങ്ങനെ പൂത്തുലഞ്ഞു നിക്കുന്നത് ചിന്നു കണ്ണ് നിറയെ കണ്ടു. ചിന്നുവിപ്പോള്‍ താമസിക്കുന്നിടത്തു നിന്നും അല്‍പം മാത്രം ദൂരെയാണ് മാസങ്ങള്‍ മുന്‍പ് അവളുടേതായിരുന്ന ആ വീട്. മുറ്റത്തേയ്‌ക്കൊന്ന് കയറാന്‍ അവള്‍ക്ക് കൊതിയുണ്ട്. എന്നാലും ധൈര്യപ്പെട്ടില്ല. ചിന്നുവിന്റെ കളിക്കൂട്ടുകാരിയായിരുന്നു അവള്‍. സഹോദരങ്ങളില്ലാത്ത ചിന്നു എല്ലാ ദിവസവും ഉറക്കമുണരുമ്പോള്‍ത്തന്നെ അവളുടെ തണലിലേക്ക് പായും. ഓട്ടവും ചാട്ടവും ഒളിച്ചുകളിയും എല്ലാമെല്ലാം അവളുടെ തണലില്‍ തന്നെ. കഴിഞ്ഞ ഓണത്തിന് ചിന്നുവിന്റെ കൊച്ചച്ചന്‍ കെട്ടിക്കൊടുത്ത ഊഞ്ഞാല്‍ അറുത്തു മുറിച്ച നിലയില്‍ ആ ചില്ലകളില്‍ കാണാം. കഴിഞ്ഞ വര്‍ഷത്തെ പള്ളിപ്പെരുന്നാളിന് അച്ഛന്‍ വാങ്ങിക്കൊടുത്ത മയിലിന്റെ രൂപത്തിലുള്ള പറക്കും ബലൂണ്‍, ചരട് പൊട്ടി പൊന്തിയുയര്‍ന്ന്, അവളുടെ ചില്ലയിലുരഞ്ഞ് പൊട്ടിച്ചുരുങ്ങിയത് ഇപ്പോഴും അവിടെ പറ്റിച്ചേര്‍ന്ന് കിടക്കുന്നു. അച്ഛനുണ്ടായിരുന്നപ്പോഴെത്തെ ഓരോ ഓര്‍മകളും മനസ്സിലേക്ക് ഓടിയെത്തവേ ചിന്നുവിന് സഹിക്കാന്‍ കഴിഞ്ഞില്ല.
'നമ്മളാ വീടും സ്ഥലവും വിറ്റെന്നും, ഇനി മേലില്‍ അവിടത്തെ അപ്പൂപ്പന്റെ അനുവാദമില്ലാതെ അകത്തു കയറരുതെ'ന്നുമാണ് അമ്മ പറഞ്ഞിരിക്കുന്നത്. അച്ഛനുണ്ടായിരുന്നപ്പോള്‍ ഇങ്ങനെയൊരു ഗേറ്റോ മതിലോ ഉണ്ടായിരുന്നില്ല. അവള്‍ ഗേറ്റിനരികിലേയ്ക്ക് നടന്നു ചെന്ന് കുഞ്ഞുകണ്ണുകള്‍ ഗേറ്റിന്റെ ഇരുമ്പ് പട്ടയോട് ചേര്‍ത്ത് വച്ച് അകത്തേയ്ക്കു നോക്കി. ആ ദേഷ്യക്കാരനപ്പൂപ്പന്‍ ഇറയത്ത് തന്നെ ചാരുകസേരയില്‍ നീണ്ടു നിവര്‍ന്നു കിടപ്പുണ്ട്. തൊട്ടടുത്ത് നാക്ക് പുറത്തേക്കിട്ട് കണ്ണ് തുറിച്ചുകൊണ്ട് ടൈഗറും. അവന്റെ കഴുത്തിലെ തുടലിന്റെയറ്റം അപ്പൂപ്പന്റെ കയ്യിലാണ്. അയാളൊരിക്കല്‍പ്പോലും ചിന്നുവിനോട് മിണ്ടിയിട്ടില്ല. ആ പട്ടിക്കുട്ടനാണെങ്കിലോ കൂട്ടുകൂടുന്ന തരക്കാരനാണെന്ന് അവള്‍ക്ക് തോന്നിയിട്ടുമില്ല. നെഞ്ച് പിളര്‍ക്കുന്നൊരു കുരയും. ടൈഗര്‍ തന്നെ കണ്ടുവെന്ന് തോന്നിയപ്പോള്‍ അവള്‍ പേടിയോടെ പിന്നോട്ട് ചുവടുകള്‍ വച്ച് വെട്ടിത്തിരിഞ്ഞ് നിര്‍ത്താതെയോടി.
കഴിഞ്ഞകൊല്ലമായിരുന്നു ചിന്നുവിന്റെ മാവ് ആദ്യമായി പൂത്തത്. ആദ്യതവണയായതിനാല്‍ അധികമുണ്ടായില്ലെങ്കിലും, അവള്‍ക്ക് കഴിക്കാന്‍ പറ്റിയെങ്കിലും വീട്ടില്‍ വന്നവര്‍ക്കല്ലാതെ കൂട്ടുകാര്‍ക്കാര്‍ക്കും ഒരെണ്ണം കൊടുക്കാന്‍ കഴിഞ്ഞില്ല. വീടിന്റെ ജനലില്‍ കൂടുകെട്ടിയ തേന്‍കുരുവിയുടെ കുഞ്ഞിനെ കാണാന്‍ വലിഞ്ഞു കയറവെ, നിലത്തു വീണ് കാലിലെ അസ്ഥി പൊട്ടി കിടപ്പിലായിരുന്നു അവള്‍. ഇത്തവണ അങ്ങനെയുണ്ടാകാന്‍ പാടില്ലെന്ന് തീരുമാനിച്ച് കാത്തിരിക്കുകയായിരുന്നു ചിന്നു.
സ്‌കൂളിലേയ്ക്ക് പോകുമ്പോഴും വരുമ്പോഴുമെല്ലാം അവള്‍ പൂങ്കുലകളെ വാത്സല്യത്തോടെ നോക്കി. അതില്‍ നിന്നെങ്ങനെ തുടുത്ത മധുരമൂറുന്ന മാമ്പഴമുണ്ടാകുന്നുവെന്ന് അത്ഭുതപ്പെട്ടു. ക്ഷമ നശിച്ചൊരു ദിവസം അവളമ്മയോട് ചോദിച്ചു:
'ഇനിയെത്ര ദിവസം വേണം അത് മാമ്പഴമാകാന്‍'
അന്ന് രാവിലെ മുതല്‍ ഭാമ വല്ലാത്തൊരു പിരിമുറുക്കത്തിലാണെന്ന കാര്യം ശ്രദ്ധിക്കാതെയായിരുന്നു അവളുടെ ചോദ്യം.
'നിനക്കെന്താ ചിന്നു, കാര്യം പറഞ്ഞാ മനസ്സിലാവില്ലേ' ഭാമ ദേഷ്യപ്പെട്ടു:
'ആ വീടും പറമ്പും അച്ഛന്‍ മരിക്കുന്നതിന് മുന്‍പ് ആശുപത്രിച്ചെലവിനു വേണ്ടി നമ്മള് വിറ്റു. ഇനി മാമ്പഴം പോയിട്ട് ഒരില പോലും അവിടുന്ന് പറക്കാന്‍ പറ്റൂല്ല. ആ കാര്‍ന്നോരാണെങ്കിലോ, ഇങ്ങനെയൊരു ദുഷ്ടനെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. അയാളാ പട്ടിയോടല്ലാതെ വേറെയാരോടും മര്യാദക്ക് മിണ്ടുന്നത് ഞാന്‍ കണ്ടിട്ടില്ല''.
ചിന്നുവിനോട് എന്തിനാണിതെല്ലാം പറയുന്നതെന്നോര്‍ത്തിട്ടെന്ന പോലെ ഭാമ പെട്ടന്ന് നിര്‍ത്തി. ചിന്നുവിന്റെ കണ്ണ് നിറഞ്ഞു. ഇടറിക്കൊണ്ടവള്‍ പറഞ്ഞു:
'സ്ഥലോം വിറ്റു, വീടും വിറ്റു, എന്നു വച്ച്, മാമ്പഴം ആര്‍ക്കു വേണേലും പറക്കാലോ. അച്ഛനൊള്ളപ്പോ എല്ലാവരും വന്ന് മാമ്പഴം പറക്കിയതല്ലേ'.
ചിന്നുവിന് മറുപടി കൊടുക്കാന്‍ ഭാമയ്ക്ക് കഴിഞ്ഞില്ല. തുടര്‍ന്നുമെന്തൊക്കെയോ പറയാന്‍ മുതിര്‍ന്നെങ്കിലും അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കണ്ടപ്പോള്‍ ചിന്നു നിശബ്ദയായി. എന്നാലും തന്റെ തെറ്റ് എന്താണെന്ന് അവള്‍ക്ക് മനസ്സിലായില്ല.
അങ്ങനെ ദിവസങ്ങള്‍ കഴിയവേ, പൂങ്കുലകളില്‍ ദുര്‍ബലമായവ കൊഴിഞ്ഞു പോയി, മറ്റുള്ളവ തിടം വച്ച് കണ്ണിമാങ്ങയായി, പിന്നീട് അണ്ടിയുറച്ച് മൂത്തു, ചിലതെല്ലാം പഴുക്കാനും തുടങ്ങി. ഭാരത്താല്‍ മാവ് ചെറുതായൊന്ന് കുനിഞ്ഞെന്ന്, എല്ലാം റോഡില്‍ നിന്ന് നോക്കിക്കണ്ട ചിന്നുവിന് തോന്നി. ഒരു ദിവസം അവള്‍ സ്‌കൂള്‍ വിട്ടു വരുമ്പോള്‍, ഒന്നും ബാക്കിയില്ലാതെ ചില്ലകളെല്ലാം ഒഴിഞ്ഞു കിടക്കുന്നത് കണ്ടു. അവള്‍ വീട്ടിലേക്കോടി. എല്ലാം ചന്തയില്‍ നിന്നാളുകള്‍ വന്ന് ഒരുമിച്ച് പറിച്ചു കൊണ്ടുപോയെന്ന് അമ്മ അവളോട് പറഞ്ഞു. ഈ മാമ്പഴക്കാലം പെട്ടന്ന് തീര്‍ന്നതോര്‍ത്ത് ചിന്നുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്നാല്‍ വേനലവധിക്ക് സ്‌കൂളടയ്ക്കുന്നതിനു മുന്‍പുള്ള ദിവസം, റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന കൊമ്പില്‍ രണ്ടു മാമ്പഴം ബാക്കി കിടക്കുന്നത് അവള്‍ കണ്ടു.
'നാളെ ഞാനാ അപ്പൂപ്പനോട് ചോദിച്ചിട്ട് അത് പറിയ്ക്കും'വൈകിട്ട് വീട്ടില്‍ ചെന്ന പാടെ ചിന്നു പ്രസ്താവിച്ചു. ഭാമയൊന്നും മിണ്ടിയില്ല.
പിറ്റേന്ന് രാവിലെ തന്നെ ചായ മാത്രം കുടിച്ചിട്ട് ചിന്നു മുറ്റത്തേക്കിറങ്ങിയതും, ഭാമ പറഞ്ഞു:
'മോളൊറ്റയ്ക്കു പോവണ്ട, ഞാനും വരാം'. അവള്‍ക്ക് സന്തോഷമായി.
ഗേറ്റു കടന്ന് ആ വീടിന്റെ മുറ്റത്തേയ്ക്ക് കാലെടുത്തുവച്ചതും ടൈഗര്‍ കുരച്ചുകൊണ്ട് മുന്നോട്ടാഞ്ഞു. എന്നാല്‍ ഇറയത്തു തന്നെ ഉണ്ടായിരുന്ന അപ്പൂപ്പന്‍ കസേരയുടെ കൈപ്പിടിയിലൊന്നാഞ്ഞടിച്ചതും അവന്‍ മിണ്ടാതായി.
'എന്താ വന്നത്' അയാള്‍ ചോദിച്ചു.
'ചിന്നൂന് ഒരു മാമ്പഴം കഴിക്കാന്‍ കൊതി. പറിച്ചോട്ടേന്ന് ചോദിയ്ക്കാന്‍.. '
ഭാമ നിലത്തേക്ക് നോക്കിക്കൊണ്ട് ചൂളി നിന്നു.
'അതിലിനിയൊന്നും ബാക്കിയില്ല, ഞാനെല്ലാം വിറ്റു. നല്ല വില കിട്ടി' അയാള്‍ പറഞ്ഞു.
'ഇല്ലപ്പൂപ്പാ, ആ കൊമ്പില്‍ രണ്ടെണ്ണം കിടപ്പൊണ്ട്'. ഒട്ടും മടിക്കാതെ ചിന്നു മാവിന്‍ ചുവട്ടിലേയ്‌ക്കോടി. തലേന്ന് പണിക്കാരുപയോഗിച്ച തോട്ടിയെടുത്ത് പെട്ടന്ന് തന്നെ രണ്ടെണ്ണവും പറിച്ചു താഴെയിട്ടു.
'നിനക്കൊരെണ്ണം പോരെടി, എന്തിനാ രണ്ടും പറിച്ചത്' അയാള്‍ ദേഷ്യത്തോടെ മുറ്റത്തേക്കിറങ്ങി മുണ്ട് മടക്കിക്കുത്തി.
'എനിക്കൊരെണ്ണം മതി' അവള്‍ കൊഞ്ചിക്കൊണ്ട് തുടര്‍ന്നു:
''ഇത് അപ്പൂപ്പനാ, അവര് പറിച്ചോണ്ട് പോയപ്പം അപ്പൂപ്പനും കിട്ടിയില്ലല്ലോ'.
എന്ത് പറയണമെന്നറിയാതെ അയാളൊരു നിമിഷം നിന്നു.
'ഇന്നാ തിന്നോ, നല്ല മധുരമാ' ചിന്നു തന്റെ കുഞ്ഞിക്കൈ നീട്ടിപ്പിടിച്ചു.
അയാള്‍ ഒന്ന് പുഞ്ചിരിച്ചു, പിന്നെ വാ തുറന്നു ചിരിച്ചു. അത് കണ്ണുകള്‍ നിറച്ചുകൊണ്ടുള്ളൊരു പൊട്ടിച്ചിരിയായി. ഒരു നിമിഷം കൊണ്ട്, എന്തൊക്കെയോ അയാളിലൂടെ പാഞ്ഞുപോയെന്നു തോന്നി ഭാമയ്ക്ക്. എടുത്തുപിടിച്ചിരുന്ന ഗംഭീരത വെടിഞ്ഞ് അയാള്‍ കൈ നീട്ടി ആ മാമ്പഴം വാങ്ങി.
എല്ലാവരും ഇറയത്തു തന്നെ ഒരുമിച്ചിരുന്ന് മാമ്പഴം കഴിക്കവേ, ഭാമ വേണ്ടെന്നു പറഞ്ഞിട്ടും, ചെറിയൊരു കഷ്ണം ചിന്നു ടൈഗറിനു മുന്നിലിട്ട് കൊടുത്തു. അവനൊന്ന് നക്കിയിട്ട് ചിന്നുവിനെ നോക്കി കണ്ണുചിമ്മി.