മെഴുകുതിരി അത്താഴങ്ങള്‍

കഥ

Update: 2022-09-22 10:56 GMT
Click the Play button to listen to article

ചോറിന് ഒരു കാന്താരിച്ചമ്മന്തിയും കുപ്പിക്കടിയിലെ ഇത്തിരി കടുമാങ്ങാ അച്ചാറും നാലു കഷ്ണം ഉണക്കമുള്ളനും മാത്രമാണുണ്ടായിരുന്നത്. അതില്‍ അവിടെയാര്‍ക്കും പരാതിയൊന്നുമില്ല. വല്ലപ്പോഴും കൊണ്ടുവരുന്ന ഇത്തിരി മീനോ പന്നിയിറച്ചിയോ ഒക്കെയാണവിടുത്തെ ഏറ്റവും വലിയ മെഴുകുതിരി അത്താഴങ്ങള്‍...!

ഊണു കഴിച്ച്, അവന്‍ ബൈബിളെടുത്തു ഉമ്മറത്തിണ്ണയിലേക്കിരുന്ന് പകുത്തു വായിച്ചു.

എന്തോ, ഈയിടെയായി ദൈവവിശ്വാസമിത്തിരി കൂടിട്ടൊണ്ട്. ധ്യാനം കൂടാന്‍ പോയിട്ടൊന്നുമല്ല. എന്നാലും... മനുഷ്യന്‍ സന്യാസിയാവാന്‍ ഒരു ചെറു നേരത്തെ ചിന്ത തന്നെ ധാരാളം.

'അപ്പാ വിരിച്ചു കഴിഞ്ഞു..... കെടക്കാന്‍ വാ..''

മെറീന മോളുടെ കൈ പിടിച്ചുള്ള വലികള്‍. മക്കളുടെ ആ കുഞ്ഞിളം കൈവലികള്‍ക്കും ഒരു സുഖമുണ്ടല്ലോ..? കാണും.

അവന്‍ വേദപുസ്തകം മടക്കി. എണീറ്റു.

മോള്‍ കൈപ്പിടി വിട്ടില്ല; മക്കളങ്ങനെയാണ്. വേദപുസ്തകം, പോകും വഴി കര്‍ത്താവിനെ തൂക്കിയതിനു താഴെയുള്ള മരത്തില്‍ തട്ടിലേക്ക് വച്ചു. ശുഭരാത്രി പറഞ്ഞു. അന്നേരം കര്‍ത്താവ് ചിരിക്കുന്നതായവന് തോന്നി. പതിവില്ലാത്തൊരു ചിരി. അല്ലെങ്കിലും ദൈവം ഗൗരവക്കാരനൊന്നുമല്ലല്ലോ..!

കഴുകിയ പാത്രങ്ങള്‍ അടുക്കളയുടെ പുറം തിണ്ടിലവള്‍ കമിഴ്ത്തി കിടത്തി. ഈ കഴുകിയ പാത്രങ്ങള്‍ കമിഴ്ത്തണം എന്ന നിയമം ആരാണാവോ കണ്ടെത്തിയത്..? അവളതൊന്നും ചിന്തിക്കാന്‍ നിന്നില്ല. അല്ലെങ്കില്‍ തന്നെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിക്കുകയും ആവശ്യമുള്ള കാര്യങ്ങള്‍ ചിന്തിക്കാതിരിക്കുന്നതുമാണിവിടുത്തെ പല പ്രശ്‌നങ്ങളും.

ഒന്നു നടു നിവര്‍ത്തിയവള്‍. നാലാളായാലും നാല്‍പ്പതാളായാലും പെണ്ണിന് അടുക്കള ഒരു യുദ്ധക്കളം തന്നെയാണ്. തീയിനോടും പുകയോടും പാത്രങ്ങളോടുമായി തുടരുന്ന യുദ്ധം. മരണം വരെ നീളുന്ന മഹായുദ്ധം. അവള്‍ മഴ നനയാതിരിക്കാന്‍ തലയില്‍ ചുറ്റിയിരുന്ന പഴയ തോര്‍ത്തിന്‍ കഷ്ണം നിവര്‍ത്തിക്കുടഞ്ഞ് അഴയിലേക്കിട്ടു. അതിലെ കീറി പറിഞ്ഞ ഓട്ടകള്‍ക്കിടയിലൂടെ ഇറ വെള്ളം നോക്കിക്കണ്ട്, അവളുടെ ആ ദിവസയുദ്ധത്തിന്റെ കര്‍ട്ടണ്‍ വീണതാസ്വദിച്ചവള്‍.

'എന്നാ മഴയാ കര്‍ത്താവേ...'

മാക്‌സി കുത്തഴിച്ച് പറഞ്ഞു തിരിഞ്ഞവള്‍. വാതില്‍ ചാരി സുരക്ഷിതത്വത്തിന്റെ ഒറ്റ കൊളുത്തിട്ടു. ആഢംബര പൂട്ടൊന്നുമല്ലാത്തതിനാല്‍ നിമിഷ നേരത്തിനുള്ളില്‍ ആ ജോലി കഴിഞ്ഞു. അല്ലെങ്കില്‍ തന്നെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഈ ചെറ്റക്കുടിലിന്നെന്തിനാണിപ്പോ ഒരു പൂട്ടും താക്കോലും. അവള്‍ ഉളളിലൊരു നൊമ്പര ചിരി ചിരിച്ചു, ചിലര്‍ ചിരിച്ചു കൊണ്ടാണല്ലോ പലതും നേരിടുന്നത്.

'മഴക്കാലത്ത് പിന്നെ മഴ പെയ്യണ്ടായോ..'

അവനൊരു തമാശയായി പറഞ്ഞു.

'ഓ... പെയ്‌തോട്ടേയ്......'

അവളും കളിയാക്കി പറഞ്ഞു.

പിന്നെ മുടി പിന്നിയിടാന്‍ തുടങ്ങി. ഈ പിന്നിയിടലിനിടയിലാണ് പല പെണ്ണുങ്ങളും നാളെത്തെ ചില സുപ്രധാന കാര്യങ്ങള്‍ ഭര്‍ത്താവിനെ ഓര്‍മിപ്പിക്കുക. മുടിയിഴക്കുള്ളിലാണോ ഇവറ്റകളുടെ തലച്ചോറിരിക്കുന്നതെന്ന് അവന് പലപ്പോഴും തോന്നിയിട്ടിട്ടുണ്ട്. ചോദിക്കാന്‍ പോയില്ല. തലച്ചോറേ ഇല്ലാത്ത വര്‍ഗത്തിനോടിനി ഈ കാര്യത്തിലൊരു ശണ്ഠ കൂടിയാലും ജയിക്കാന്‍ പോണില്ല, പിന്നെന്തിനാ വെറ്‌തെ..? അവനത് വിട്ടു പിടിച്ചു.


മക്കള്‍ രണ്ടു പേരും അപ്പനെ വരിഞ്ഞു കിടന്നു കഴിഞ്ഞു. ഇന്ന് സ്‌ക്കൂളില്ലാത്തതിനാല്‍ വഴക്കു കൂടിയതിന്റേയും വികൃതി കാട്ടിയതിന്റേയും കണക്കുകളുടെ കേസ് രജിസ്റ്റര്‍ നിവര്‍ത്തി കഴിഞ്ഞിരുന്നു അവര്‍ രണ്ടാളും. ഈ പരാതിയാണ് ശരിക്കും മക്കള്‍..! അല്ലേ...?

മെറീന തന്റെ കുഞ്ഞു കൈ വിരലുകളിലെണ്ണി ഓരോ സംഭവവും ഓര്‍ത്തെടുത്തു. പറയാന്‍ ശ്രമിച്ചപ്പോള്‍ പ്രത്യാക്രമണമെന്നോണം അല്ലെങ്കില്‍ പ്രതിരോധമെന്നോണം 'എല്ലാറ്റിന്റേയും തുടക്കം അവള്‍ എന്റെ ഉടുപ്പിലേക്ക് കാലുകൊണ്ട് വെള്ളം തട്ടിത്തെറിപ്പിച്ചപ്പോഴായിരുന്നു' എന്നുള്ള മൈക്കിളിന്റെ ഉത്തരത്തിനെതിരെ അപ്പന്‍ കണ്ണുരുട്ടി. കാരണം മറ്റൊന്നുമായിരുന്നില്ല. തലേ ദിവസം പനി വന്ന് ഡോക്ടറുടെയടുത്ത് പോയി വന്നയാളാ മഴ നനഞ്ഞിരിക്കുന്നത്.

'അപ്പന്റെടുത്ത് കാശില്ലാന്നറിയാലോ... ഇനി ഡോക്ടറെടുത്ത് പോവാന്‍...?'

അവന്‍ തലയാട്ടി. പിന്നെ പതുക്കെ ചോദിച്ചു:

'എത്ര പൈസായി ഡോക്ടറെ കാണിക്കാന്‍..?'

'ഡോക്ടറുടെ ഫീസ് ഇരുനൂറ്... പിന്നെ മരുന്ന് ഇരുനൂറ്റിയെമ്പത്....ഓട്ടോയ്ക്ക് നൂറ്റമ്പത്... മൊത്തം അഞ്ഞൂറ്റിമുപ്പത്. എന്നതാ കാര്യം...?

'എനിക്കും പഠിച്ചേച്ച് വല്യ ഡോക്ടറാവണം... അപ്പോ ഒരുപാട് കാശ് കിട്ടത്തില്യോ...? പിന്നെ ചോരാത്ത നല്ലൊരു വീടുണ്ടാക്കണം...'

എട്ടുവയസുകാരന്‍ തന്റെ കൊടുമുടി സ്വപ്നങ്ങള്‍ക്ക് ഛായമടിക്കാന്‍ തുടങ്ങി.

'മെറീന മോള്‍ക്ക് ആരാകണം വലുതാവുമ്പോ... പറഞ്ഞാട്ടെ.?'

'എനിക്ക് വിമാനമോടിക്കണം...'

അവള്‍ തന്റെ കളിക്കോപ്പിലെ, മുത്തശ്ശന്‍ പള്ളി പെരുന്നാളിന് വാങ്ങിച്ചു കൊടുത്തയാ കൊച്ചു വിമാനം അപ്പന്റെ ദേഹത്തൂടെ ഓടിച്ചു. കുട്ടികളുടെ ആദ്യ കളിസ്ഥലം അപ്പന്റെ നെഞ്ചും പുറവും തന്നെയാണല്ലോ..?!

'പൈലറ്റോ.. ? കൊള്ളാലോ കൊച്ചേ.'

''രണ്ടാളും നല്ലോണം പഠിച്ചേച്ചാ ഇതൊക്കെയാകാന്‍ പറ്റും.'

അതും പറഞ്ഞ് പിന്നിയിട്ട കാര്‍കൂന്തല്‍ പിന്നിലേക്ക് ഒരു മിഠായി കടലാസ് വലിച്ചെറിയുന്ന ലാഘവത്തോടെയെറിഞ്ഞ് അമ്മച്ചി ശലോമിയും വന്നു, ആ വീട്ടിലെ ആകെയുള്ള ആര്‍ഭാടമായ ആ പഴഞ്ചന്‍ നാലടി വീതി കട്ടിലിലേക്ക്. കിടക്കയെന്നു പറയാനാകുമോ എന്നറിയില്ല. എങ്കിലും പഴയ സാരികളും മുണ്ടുകളും മറ്റും കൂട്ടിത്തുന്നി അവളുണ്ടാക്കിയ ഒരു കെട്ട് പല നിറമുള്ള പഴന്തുണികളുടെ കൂടിച്ചേരല്‍. അതാണവരുടെ എട്ടിഞ്ച് കനമുള്ള കിടക്ക...! സന്തോഷവും സമാധാനമുള്ളവന് എവിടെയും ഉറങ്ങാനാവുമല്ലോ.?

വേവലാതികളുടെ ആശങ്കകളില്ലാത്തതിനാല്‍, ഉപ്പും മുളകും മാത്രമുണ്ടെങ്കിലും ഉണ്ണാന്‍ അറിയാവുന്നരാകയാല്‍ ഇവര്‍ക്ക് ഉറക്കം ഊഞ്ഞാലിലാടുമ്പോലെയാണ്. സുഖകരം.

'കുറിക്കാരന്‍ വന്നിരുന്നു...'

കട്ടിലിലേക്കിരുന്ന് അവള്‍ പതുക്കെ പറഞ്ഞു.

'അടുത്ത ആഴ്ച ഒന്നിച്ചു കൊടുക്കാന്നേയ്'

അവനും പതുക്കെപ്പറഞ്ഞു.

അവളൊന്ന് പതുക്കെ തലയാട്ടി. ചിലരുടെ ജീവിതമങ്ങനെയാണ് ഒരു ദാരിദ്ര്യകുപ്പയില്‍ നിന്നും അതിനേക്കാള്‍ വലിയ ദാരിദ്ര്യകുപ്പയിലേക്കെടുത്തെറിയപ്പെടും. പക്ഷേ, ഇതൊന്നും കാര്യമാക്കാതെ ഇല്ലായ്മയുടെ നീണ്ട നടവരമ്പിലൂടെ ദൂരെ കാണുന്ന സന്തോഷത്തുരുത്തിലേക്ക് നടന്നടുക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ മുഖങ്ങളാണിവര്‍. എങ്കിലും, എത്ര സ്വരുക്കൂട്ടി വച്ചിട്ടും ഒന്നും ബാക്കിയാക്കാനാവാതെ പോവുന്നല്ലോ എന്നോര്‍ത്തു പോകാറുണ്ട് ചില നേരങ്ങളില്‍. സാരമില്ല, ചില്ലറത്തുട്ടുകള്‍ വലിയ തുകയാകാന്‍ സമയമെടുക്കുമല്ലോ..? അവള്‍ ആശ്വാസം കണ്ടെത്തി.

എങ്കിലും, വ്യാകുല വഴികള്‍ ഞങ്ങള്‍ക്കു മാത്രമാണോ എന്നു ചിന്തിച്ചപ്പോ അവള്‍ക്കു നേരിയ സങ്കടം വന്നു. പിന്നെ, ആ ഹിസ്റ്ററിക്കാരി ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്ന ഹൈദരാബാദിന്റെ അധീശനായിരുന്ന നൈസാം ഓസ്മാന്‍ അലിഖാനെ ഓര്‍ത്തു. രത്‌നക്കല്ലുകളും സ്വര്‍ണ്ണാഭരണങ്ങളും മറ്റും ചാക്കില്‍ കെട്ടിനിറച്ച് നിലവറയില്‍ സൂക്ഷിച്ച്, അതിടയ്ക്കിടയ്ക്ക് ആരും കാണാതെ പുറത്തെടുത്ത് കാണുന്നതില്‍ സംതൃപ്തിയും സന്തോഷവും കണ്ടെത്തിയിരുന്നയാളെ. വില കുറഞ്ഞ സിഗരറ്റ് മാത്രം വലിച്ചിരുന്ന, വില കുറഞ്ഞ ഷര്‍ട്ടും മുട്ടുവരെ എത്തുന്ന പൈജാമയും മുപ്പത്തഞ്ചു വര്‍ഷത്തെ പഴക്കമുള്ള തൊപ്പിയുമണിഞ്ഞ് ജീവിച്ചയാ അറു പിശുക്കനെ.

തന്റെ സ്വത്തുക്കള്‍ എങ്ങനെ സൂക്ഷിക്കണമെന്ന ചിന്ത കൊണ്ട് ആശങ്കപ്പെട്ട് ഹൃദയമിടിപ്പ് കൂട്ടിക്കൂട്ടി നടന്നയാള്‍ക്ക്, നാട്ടുരാജ്യങ്ങളുടെ സംയോജന വേളയില്‍ ഇന്ത്യാ ഗവണ്‍മെന്റ് വസ്തുവകകള്‍ കണ്ടു കെട്ടി, തന്റെ നിധികളടങ്ങിയ പെട്ടികള്‍ കയറ്റിയ വണ്ടികള്‍ കൊട്ടാരത്തില്‍ നിന്നു വെളിയിലേക്ക് നീങ്ങിയപ്പോള്‍, ജീവിതം ആസ്വദിക്കാനറിയാതെ പോയ ആ ഭരണാധികാരിക്ക് ഒരു പൈതലിനെ പോലെ വാവിട്ടു കരയാനെ കഴിഞ്ഞുള്ളൂ. ചില നേരങ്ങളില്‍ നമ്മള്‍ വെറും കാഴ്ചക്കാര്‍ മാത്രമാവുമല്ലോ..!?

പക്ഷേ, ഞങ്ങള്‍ പിശുക്കരൊന്നുമല്ല. എന്നാല്‍ പിശുക്കാതെ തരവുമില്ല. സംതൃപ്തി തേടി അലയേണ്ടി വന്നിട്ടില്ലിതുവരെ. ഈയുള്ളതിലൊക്കെ ഞങ്ങള്‍ സംതൃപ്തി നുകര്‍ന്നിട്ടുമുണ്ട്. പിന്നെ ജീവിതം സമ്പൂര്‍ണ്ണമായവരാരുമില്ലല്ലോ..? അവള്‍ ഒരോരോ ചോദ്യങ്ങള്‍ സ്വമനസ്സിനോടു തന്നെ ചോദിച്ചു കൊണ്ടിരുന്നു. ഉത്തരങ്ങള്‍ പുനഃപരിശോധന നടത്തി. സത്യത്തില്‍, പല തരം ചോദ്യചിഹ്നങ്ങള്‍ കൂടിചേര്‍ന്ന ഒരു വലിയ ചോദ്യചിഹ്നമാണല്ലോ നമ്മുടെയൊക്കെ ജീവിതം...!

''ശലോമീ, കെടക്ക്ണില്യോടീ...?'

ചോദ്യം കേട്ടവള്‍ ഹൈദരാബാദ് നൈസാമില്‍ നിന്ന് പുത്തന്‍ചിറയില്‍ ജോണിക്കുട്ടിയിലേക്ക് തിരിച്ചു വന്നു.

''എന്നാ ആലോചിക്ക്ണത്..? നീയും പിള്ളേരെ പോലെ പലതും ആകാന്‍ കൊതിച്ചു കാണും ല്യോടീ..?'

'ഓ പിന്നേ... എന്നാ പറയാനാ... ജീവിതത്തീ എന്തെങ്കിലും ആഗ്രഹല്ലാത്തോരുണ്ടാവോ ഇച്ചായാ..?'

അവള്‍ മക്കളെ ചേര്‍ത്തു പിടിച്ചു.

'എനിക്കിനി ഈ വീടൊന്നു നന്നായി കിട്ടണം.. പിന്നെ എന്റെ മക്കള്‍ വലുതായി നല്ല നെലയില്‍ കല്യാണൊക്കെ കഴിച്ചേച്ച് അവര്‌ടെ കൊച്ചുങ്ങളേം കളിപ്പിച്ചങ്ങനെ കഴിയണം.''

'കൊള്ളാം..'

'അപ്പയ്‌ക്കെന്താവാനാ ആഗ്രഹം...?'

മോന്റെ ചോദ്യം കേട്ടയാള്‍ ചിരിച്ചു.

ഒരായിരം ആഗ്രഹങ്ങളുടെ സംഗമഭൂമിയാണ് ഒരപ്പന്‍ എന്നവരോടയാള്‍ പറയാതെ പറഞ്ഞത് ആ ചിരിയിലുണ്ടായിരുന്നു.

'നിങ്ങടെ അപ്പയാണെന്നറിയപ്പെടണം... അതാ.... അതാ അപ്പയുടെ വല്യ ആഗ്രഹം..''

മോഹങ്ങളുടെ കൂട്ടിക്കിഴിക്കലുകള്‍ക്കിടയില്‍ കറന്റ് കണ്ണടച്ചു. ഇടിമിന്നലുകള്‍ മോന്തായം തൊട്ടു കളിക്കാന്‍ ആവേശം കാട്ടിക്കൊണ്ടിരുന്നു. ഇതിനിടയില്‍ എവിടുന്നോ പറന്നു വന്ന് വീശിയടിച്ച കാറ്റില്‍, മഴവെള്ളം ചരലെടുത്തെറിഞ്ഞ പോലെ ഷീറ്റിട്ടതിന്‍ മുകളില്‍ ചിന്നിച്ചിതറി കരണം കുത്തി മറിഞ്ഞു. തെക്കുഭാഗത്തെ തെങ്ങ് ധ്യാനം കൂടിയ വിശ്വാസിയെ പോലെ ഉറഞ്ഞു തുള്ളി. തെങ്ങ് ചതിക്കില്ലാന്നാ പറയാറ്. എന്നാലും ഒന്ന് ചരിഞ്ഞാല്‍, താങ്ങി നിര്‍ത്താന്‍ മാത്രം കെല്‍പ്പൊന്നും അവന്റെയീ കൊട്ടാരത്തിനില്ലല്ലോ...!

ചിലപ്പോള്‍ എന്ത് ആധിക്കിടയിലും അറിയാതെ നമ്മള്‍ മയങ്ങി പോവും. മഴക്കോളിന്നാവലാതികളറിയാതെ അവരും ഉറങ്ങി...

നടുയാമം കഴിഞ്ഞപ്പോള്‍ നാടു നടുങ്ങി.

എങ്ങനെ തുടങ്ങണം..? എവിടുന്നു തുടങ്ങണം..? എന്നറിയാതെ പട്ടാളവും നാട്ടുകാരും തിരച്ചിലാരംഭിച്ചു. മാന്തലിനൊടുവില്‍ ജെ.സി.ബി യുടെ കൂര്‍ത്ത ആ ഡ്രാക്കുള നഖങ്ങള്‍ക്കിടയില്‍ ഒരു പുതപ്പു കൊളുത്തി വലിഞ്ഞു. പിന്നെ പതുക്കെപ്പതുക്കെ മാന്തിയപ്പോ തകര്‍ന്നൊടിഞ്ഞ കട്ടിലില്‍ ഒരു പുതപ്പിനുള്ളില്‍ കെട്ടിപ്പിടിച്ചുറങ്ങുന്ന മലപോലെ മോഹങ്ങളുള്ള ഒരു കുടുംബം.

ഉരുള്‍ പൊട്ടലിന്റെ കരുണയില്ലാത്തയീ മലവെള്ളപ്പാച്ചിലില്‍ ഒരാളെങ്കിലും രക്ഷപ്പെട്ടിരുന്നെങ്കില്‍...?! നാട്ടുകാര്‍ കണ്ണീര്‍ വാര്‍ത്തു.

എന്നിട്ടെന്തിനാ ..? അവര്‍ ഒരുമിച്ചു കണ്ട സ്വപ്നങ്ങള്‍ ഒരാള്‍ക്കെങ്ങനെ പൂര്‍ത്തിയാക്കാനാവും..? സങ്കടപ്പെടാതിരിക്കാം, കാരണം പൂര്‍ത്തീകരിക്കാനാവാത്ത ആഗ്രഹങ്ങളുടെ പറുദീസയാണല്ലോ ഈ ലോകം.

ഉടല്‍ വിറ കൊള്ളുകയും കാഴ്ച മങ്ങുകയും ഹൃദയതാളം തെറ്റുകയും ചെയ്യുന്ന അവസ്ഥയില്‍, മണ്ണിനടിയില്‍ നിന്നും കിട്ടിയ ചളി പുരണ്ടു തകര്‍ന്നയാ കുഞ്ഞു വിമാനവും പിടിച്ച് മഴവെള്ളം പോലെ വിതുമ്പിയ മുത്തശ്ശന്റെ വാക്കുകളിടറിത്തെറിച്ചു മുറിഞ്ഞു വീണു പിടഞ്ഞു.

'തണുപ്പായതോണ്ടാണോന്നറിയത്തില്ല..ന്റെ മക്കള് നന്നായി പുതച്ചിട്ടുണ്ടായിരുന്നു..'

ഹൃദയം പൊട്ടിത്തെറിക്കുമാറ് വേദനയില്‍ വിറങ്ങലിച്ചു കരഞ്ഞ ആ മുത്തശ്ശനെ ഞാന്‍ ക്യാമറക്കകത്താക്കി. പ്രളയതീവ്രതയുടെ കനം പേറി മുതുകു തൂങ്ങിയ പതിനായിരം മുഖങ്ങളിലൊരാളായി മാറി അയാളപ്പോള്‍ മുതല്‍.

എത്രയൊക്കെ ശ്രമിച്ചാലും ചില സ്വപ്നങ്ങള്‍, സ്വപ്നങ്ങള്‍ മാത്രമാണെന്ന് എനിക്കും തോന്നി. മരവിപ്പിന്റെ അറ്റം കണ്ട മനസ്സുമായി ക്യാമറയും തൂക്കി ഞാന്‍ തിരിച്ചിറങ്ങി... പക്ഷേ ക്യാമറയ്ക്കകത്തു നിന്നും ആ പടുവൃദ്ധന്റെ തേങ്ങലില്‍ പൊതിഞ്ഞു കെട്ടിയ വിങ്ങല്‍ അപ്പോഴും കേള്‍ക്കാമായിരുന്നു.

'തണുപ്പായതോണ്ടാണോന്നറിയത്തില്ല........'

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - രാജു സമഞ്ജസ

Writer

Similar News

കടല്‍ | Short Story