ദേവൂട്ടീടെ മോള്

കഥ

Update: 2022-09-21 15:58 GMT
Click the Play button to listen to article

നാല്‍പത്തഞ്ച് കൊല്ലം...

ടൈല്‍സിന്റെ തണുപ്പില്‍ വെള്ള പുതച്ചു കിടക്കുമ്പോള്‍ ബുഷറയുടെ ഉമ്മ പറയുന്നത് പതിഞ്ഞ ശബ്ദത്തില്‍ അവള്‍ കേട്ടു. അത് കുറച്ചു വല്യ സംഖ്യയാണെന്ന് അവര്‍ സംസാരിച്ച ഈണത്തില്‍ നിന്ന് അവള്‍ക്ക് മനസ്സിലായി. പൂച്ച കണ്ണുള്ള ബുഷറ...'ന്ത് രസാന്നറിയോ അവളുടെ കണ്ണുകള്‍ക്ക്, കൃഷ്ണമണിക്ക് ചുറ്റും നീല പടര്‍ന്ന പോലെ...' അതിങ്ങനെ നോക്കിയിരിക്കാന്‍ ബീന അവളെ മുന്നിലിരുത്തും. അത് ശ്രദ്ധിക്കാതെ ബുഷറ എണീറ്റ് പോകാനൊരുങ്ങുമ്പോള്‍ ബീനക്ക് ദേഷ്യം വരും, അന്നേരം അവള് ബുഷറക്ക് ഒരു നുള്ള് വെച്ചു കൊടുക്കും. അപ്പോള്‍ അവള് ഉച്ചത്തില്‍ കരയാന്‍ തുടങ്ങും. അവളുടെ ഉമ്മ ഓടി വരും, തൊണ്ട കീറി ബീനയെ വഴക്ക് പറയും. അതൊന്നും എന്തിനാണെന്ന് മനസ്സിലാവില്ലെങ്കിലും അവസാനത്തെ വരികള്‍ മനസ്സിലുടക്കും.

'പൊട്ടത്തി ബീന...ബുഷറാ ഓള് മന്ദബുദ്ധിയാ, ഓളുടെ അടുത്തിരുന്നാ ഓളിത് പോലെ നിന്നെ വേദനിപ്പിക്കും.'

പുതിയ പറമ്പത്തെ ശാന്തേച്ചിയുടെ വീട്ടില്‍ ടിവി കാണാന്‍ പോകുമ്പോഴായിരുന്നു തുടര്‍ച്ചയായി പലരില്‍ നിന്നും അവള്‍ക്കാ വിളികള്‍ കേക്കേണ്ടി വന്നത്. 'മഹാഭാരതം' സീരിയല്‍ കാണാന്‍ ഒരുപാട് ആളുകള്‍ അവിടെ വരും. വലിയവരും, ചെറിയവരും കുട്ടികളും വയസ്സായവരും... പല തരത്തിലുള്ള, പല നിറത്തിലുള്ള കുപ്പായമിട്ടോര്. അവരില്‍ നിന്നാണ് അവള്‍ നിറങ്ങള്‍ കണ്ട് പഠിച്ചത്. മനുഷ്യരെ കണ്ടോണ്ടിരിക്കാന്‍ ആയിരുന്നു അവള്‍ അവിടെ പോയിരുന്നത്. എല്ലാരും സീരിയല്‍ കാണും, അവള് ചുറ്റുമുള്ള മനുഷ്യരേം. ഒരു ദിവസം അടുത്തിരിക്കുന്ന രശ്മിയുടെ കയ്യില്‍ അവള്‍ തടവി നോക്കി, 'ന്ത് മിനുസാ...' രശ്മി കൈ കുടഞ്ഞു മാറ്റി. ഇത്തരം ഒഴിഞ്ഞു മാറല്‍ അവള്‍ക്ക് ഇഷ്ടമല്ല, പ്രതിഷേധമായി അവള്‍ രശ്മിക്ക് ഒരടി കൊടുത്തു. പിന്നൊരു ദിവസം അവള്‍ ഷീജയെ നോക്കിയിരുന്നു. സീരിയല്‍ കാണുന്ന ഷീജയുടെ മുഖത്ത് ന്തോരം ഭാവങ്ങളാണ് നിറയുക ന്നറിയോ, അത് കാണാന്‍ അവള്‍ ഷീജയോട് കൂടുതല്‍ ചേര്‍ന്നിരുന്നു. ഷീജക്കാണെങ്കില്‍ അതിഷ്ടമല്ല, അവളത് മുഖത്ത് പ്രകടമാക്കും. അപ്പോഴും ബീന അവളെ നുള്ളും. ഇത്രേം ഗമ കാണിക്കാമോ എന്നോട്? എന്ന ഭാവത്തോടെ. ശാന്തേച്ചിയുടെ വീട്ടിലെ ടിവിക്ക് എതിരെ പുറംതിരിഞ്ഞിരുന്ന് അവള്‍ വസന്തേച്ചിയെയും പുഷ്‌പേച്ചിയെയും കരുണന്‍മാഷെയും അഗീഷിനെയും പേരറിയാത്ത കൊറേ മനുഷ്യരെയും നോക്കിയിരുന്നു. അവരൊക്കെ അവളെ കണ്ടതായി പോലും നടിച്ചില്ല.

സന്ധ്യ വന്നിറങ്ങുന്നതും ഇരുള്‍ കണ്ണ് പൊത്തി കളിക്കുന്നതും ഒന്നും അവളെ ബാധിച്ചതേ ഇല്ല. പക്ഷെ എന്തു കൊണ്ടോ ഏട്ടന്മാര്‍ക്കും ഏട്ടത്തിമാര്‍ക്കും അതിഷ്ടപ്പെട്ടതേ ഇല്ല. അവരവളെ അടിച്ചു, വഴക്ക് പറഞ്ഞു എന്തിനാണ് ന്ന് മാത്രം അവള്‍ക്ക് മനസ്സിലായില്ല. ന്നിട്ടും അവള്‍ അത് തുടര്‍ന്ന് കൊണ്ടേ ഇരുന്നു. ഇടക്ക് കുളങ്ങള്‍ കണ്ടിടത്ത് ചെല്ലുകയും അതില്‍ കല്ലിട്ട് ഓളങ്ങള്‍ ണ്ടാവുന്നത് നോക്കി നില്‍ക്കുകയും ചെയ്തു.

ഒരു ദിവസം മാതുവേടത്തി

'മന്ദ ബുദ്ധി ആയാലെന്താ, അവര്‍ക്കാ ഉശിര് കൂടുക. കണ്ടില്ലേ തടിച്ചു കൊഴുത്തിരിക്കുന്നത്?' ന്ന് പറഞ്ഞേ പിന്നെയാണ് ദേവുയേടത്തി അവളെ പുറത്തേക്ക് വിടാതായത്. അന്ന് ദേവുയേടത്തി അവരുമായി വഴക്കിട്ടു. അന്ന് മാത്രമല്ല അതിന് മുമ്പും അതിന് ശേഷവും ദേവുയേടത്തി പലരോടും വഴക്കിട്ടു. ചിലപ്പോഴൊക്കെ ആ വഴക്ക് തനിക്ക് വേണ്ടി മാത്രമാണെന്ന് അവള്‍ക്ക് മനസ്സിലായി. പറമ്പില്‍ വിറക് അടുക്കി വയ്ക്കുന്ന ദേവുയേടത്തിയോട് അവള്‍ ഒരു ദിവസം ചോദിച്ചു,



' മന്ദബുദ്ധി ന്ന് പറഞ്ഞാല്‍ ന്താ അമ്മേ?'

'ബുദ്ധി കൂടുതലുള്ളൊരേം മനുഷ്യനെ മനുഷ്യനായി നോക്കി കാണുന്നോരേം അത് ചെയ്യാനറിയാത്തോര് കുശുമ്പ് കൊണ്ട് വിളിക്കുന്നതാ അങ്ങനെ' ന്ന് അവര്‍ മറുപടി പറഞ്ഞു. അതില്‍ പിന്നെ അങ്ങനെ ആര് വിളിച്ചാലും അവള്‍ക്ക് സന്തോഷം തോന്നി.

രശ്മി യെ 'രച്ചു' ന്ന് വിളിക്കുമ്പോ അതവളുടെ ഓമന പേരാണ് ന്ന് ആരോ പറഞ്ഞു കേട്ട ഓര്‍മയില്‍ അവള്‍ ചോദിച്ചു. 'പൊട്ടത്തി ബീന ന്ന് എന്റെ ഓമന പേരാണോ അമ്മേ?'

മറുപടി പറയാതെ ദേവുയേടത്തി അവളെ ചേര്‍ത്തു പിടിച്ചു തഴുകി കൊണ്ടിരുന്നു.

അവര്‍ അമ്മയും മോളും വീട്ടിലെ പണികളും ചെയ്ത് അകത്തും പുറത്തുമായി കുളം കര കളിച്ചു നടന്നു. അടുത്ത കളി കണ്ടു പിടിക്കാനുള്ള ഇടവേള അവള്‍ക്ക് കൊടുക്കാതെ ഒരു ദിവസം ദേവുയേടത്തി പറമ്പിലെ മാവിന്‍ ചോട്ടില്‍ തളര്‍ന്ന് വീണു.

'ചന്ത്രോത്തെ ദേവൂട്ടി മരിച്ചു' ന്ന് പലരും പറഞ്ഞു. വീട് ആളുകളെ കൊണ്ട് നിറഞ്ഞു. ആ ദിവസത്തിന് ശേഷം അവള്‍ പിന്നെ അമ്മയെ കണ്ടിട്ടില്ല. 'മരിക്കുക' എന്നാല്‍'കണ്ട് കിട്ടാത്ത വിധം കാണാതാവുക എന്നാണ്' ന്ന് അപ്പോഴാണ് അവള്‍ക്ക് മനസ്സിലായത്. അമ്മ മരിച്ചതിന് ശേഷം പാല്‍ കൊടുക്കാന്‍ അവള്‍ പോയി തുടങ്ങി. പോകുമ്പോഴും വരുമ്പോഴും തോട്ടിലെ മീനിനെ അവള്‍ നോക്കി നിന്നു. സന്ധ്യ വന്നിറങ്ങുന്നതും ഇരുള്‍ കണ്ണ് പൊത്തി കളിക്കുന്നതും ഒന്നും അവളെ ബാധിച്ചതേ ഇല്ല. പക്ഷെ എന്തു കൊണ്ടോ ഏട്ടന്മാര്‍ക്കും ഏട്ടത്തിമാര്‍ക്കും അതിഷ്ടപ്പെട്ടതേ ഇല്ല. അവരവളെ അടിച്ചു, വഴക്ക് പറഞ്ഞു എന്തിനാണ് ന്ന് മാത്രം അവള്‍ക്ക് മനസ്സിലായില്ല. ന്നിട്ടും അവള്‍ അത് തുടര്‍ന്ന് കൊണ്ടേ ഇരുന്നു. ഇടക്ക് കുളങ്ങള്‍ കണ്ടിടത്ത് ചെല്ലുകയും അതില്‍ കല്ലിട്ട് ഓളങ്ങള്‍ ണ്ടാവുന്നത് നോക്കി നില്‍ക്കുകയും ചെയ്തു. പതുക്കെ പതുക്കെ അവളുടെ പോക്ക് നിലച്ചു, അച്ഛന്‍ പാല്‍ കൊണ്ട് പോകാന്‍ തുടങ്ങി. നിശബ്ദത പുതച്ച് അച്ഛന്‍ വീട്ടില്‍ അവിടെയിവിടെയായി കൂനിക്കൂടിയിരുന്നു. പിന്നീട് ഭംഗിയുള്ള മനുഷ്യരും, രാത്രിയും പകലും അവള്‍ക്ക് കാണാന്‍ പറ്റാതായി. അടുക്കളയും പാത്രങ്ങളും മാത്രം കാണായി. ഇന്നലെ പെട്ടന്നൊരു ശ്വാസം മുട്ടല്‍, കണ്ണ് തുറിച്ച് ഒച്ച പുറത്തെടുക്കാനാവാതെ കിടന്നത് മാത്രമാണ് അവസാനത്തെ ഓര്‍മയില്‍.



'ഈ തണുത്ത ടൈല്‍സില്‍ ഇങ്ങനെ കിടന്നാല്‍ തണുപ്പ് കേറും കുട്ടീ..എണീറ്റേ..'ന്ന് അമ്മ പറഞ്ഞതാണ് പിന്നെ കേട്ടത്.

' ചന്ദ്രോത്തെ ദേവൂട്ടീ ന്റെ മോള് മരിച്ചു.'

'ഏത് ആ പൊട്ടത്തി ബീന യോ?'

'ആ... അതേ.. നാല്പത്തഞ്ച് വയസായി പോലും ന്തിനോ ജനിച്ച്, അങ്ങനെയങ്ങ് പോയി 'ബുഷറയുടെ ഉമ്മ പറയുന്നത് ശ്രദ്ധിക്കാതെ അകത്തും മുറ്റത്തും പറമ്പിലുമായി അവളെ കാണാന്‍ കാത്തു നിന്നവരുടെ ഇടയിലൂടെ അന്നാദ്യമായി അവള്‍ തുള്ളിച്ചാടി നടന്നു. അവളുടെ സ്‌നേഹത്തിന്റെ വടുക്കള്‍ നിറഞ്ഞ ആകാശത്തിന് കീഴെ എനിക്ക് മാത്രം കാണാവുന്ന അവളേം നോക്കി ഞാന്‍ നിന്നു.



ചിത്രീകരണം: സഫ കെ.ടി

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - നൈന നാരായണന്‍

contributor

Similar News

കടല്‍ | Short Story