ധർമ്മസങ്കടത്തിൻ്റെ നൊമ്പരങ്ങളുടെ ആവിഷ്കാരം

'പിതാവും പുത്രനും' എന്ന റഫീക്ക് പട്ടേരിയുടെ നോവലിനെ കുറിച്ച് പ്രശസ്ത വിവർത്തകൻ എൻ മൂസക്കുട്ടി എഴുതുന്നത്

Update: 2022-09-22 11:34 GMT
Click the Play button to listen to article

ആധുനികതയുടെ ഉപജ്ഞാതാക്കളായ കാഫ്കയുടെയും കാമുവിൻ്റെയും സാർത്രിൻ്റെയും ദർശനങ്ങളെ ഭംഗ്യന്തരേണ ധ്വനിപ്പിക്കുന്നതാണ് യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനായ റഫീക്ക് പട്ടേരിയുടെ 'പിതാവും പുത്രനും' എന്ന നോവൽ മലയാളത്തിൽ പല ആധുനിക സാഹിത്യ പ്രവർത്തകരും പയറ്റിയ അസ്തിത്വചിന്തകളോട് ചേർന്നു നിൽക്കുന്നതാണ് ഇത്തരം ദർശനങ്ങൾ.ഏറെക്കുറെ കാലഹരണപ്പെട്ടു പോയതോ പറഞ്ഞു പഴകി പുതുമ നശിച്ചുപോയതോ ആയ ഈ പ്രമേയങ്ങൾ റഫീക്ക് പട്ടേരിയുടെ മൂർച്ചയേറിയതും മോഹിപ്പിക്കുന്നതും പുതുമയുള്ളതുമായ ശൈലിയിൽ അവതരിപ്പിക്കുമ്പോൾ അനുവാചകരിൽ അത് അനവദ്യ സുന്ദരമായ അനുഭൂതിയുടെ ഒരു പ്രപഞ്ച മണ്ഡലമാണ് സൃഷ്ടിക്കുന്നത്.

നോവലിൽ രണ്ടു വിപരീതോപമാനങ്ങൾ സംഭവിക്കുന്നുണ്ട് ഒന്നാമത്തേത് നാട്ടിൻപുറത്തിന്റെ നിഷ്കളങ്കതധിഷ്ഠിതമായ നന്മയും നാഗരികതയുടെ കപടവും വന്യവുമായ അസുരസൗന്ദര്യവുമാണ്.രണ്ടാമത്തേതാകട്ടെ പിതാപുത്ര ബന്ധങ്ങൾ തമ്മിലുള്ള താരതമ്യങ്ങളാണ്. നോവലയിലെ കഥാനായകനായ ദേവന് തന്റെ അച്ഛൻ ഗുരുവോ കളിക്കൂട്ടുകാരനോ മറ്റെന്തെക്കയോ ആയിരുന്നു. അച്ഛന്റെ മരണത്തിനു കാരണക്കാരനായ അളോടുള്ള പകയുടെ തീക്ഷ്ണത വർത്തിക്കുന്നതിനുള്ള ഹേതു അച്ഛനുമായുള്ള ഊഷ്‌മള വാത്സല്യം തന്നെ ആയിരുന്നു.എന്നാൽ ഹോസ്റ്റൽ ജീവിതകാലത്തെ കൂട്ടുകാരനായ സ്വാമിനാഥനാകട്ടെ സ്വന്തം പിതാവിനെ ശത്രുവിനെ പോലെയാണ് കണക്കാക്കുന്നത്. തമ്പുരാന് കീഴ് ജാതിക്കാരിയിൽ ജനിച്ചവനാണു സ്വാമിനാഥൻ എന്നതാണ് അതിനു കാരണം. തന്റെ അച്ഛന്റെ ദുരഭിമാനവും അവഗണനയുമാണ് സ്വാമിനാഥനെ ജീവിത വിരക്തനും ലഹരിക്കടിമയുമാക്കുന്നത്. നോവലിസ്റ്റ് വിവരിക്കുന്ന മറ്റൊരു പിതാ പുത്ര ബന്ധം ക്രൂരതയിലും ദുരഭിമാനത്തിലും അധിഷ്ഠിതമായ ഒന്നാണ്. ചകിരി വാങ്ങാൻ വന്ന പെൺകുട്ടികളിൽ ഒരുവൾ അധികാരിയുടെ മകനുമായി പ്രണയത്തിൽ ആകുകയും ഇതിഷ്ടപ്പടാത്ത അധികാരി മകനെയും പെൺകുട്ടിയെയും കൊന്നു കുഴിച്ചു മൂടി അവിടെ ഒരു ഓട തൈ നടുകയും ചെയുന്നു. ദുരഭിമാനത്തിന്റെ പ്രതീകമായി ഒരു ഓടക്കൂട്ടമായി അത് അവിടെ തഴച്ചു വളർന്നു നിന്നു. ഇങ്ങനെ ഒന്നിനൊന്നു വ്യത്യസ്തത പുലർത്തുന്ന ത്രിമാന ഭാവ തലങ്ങളുള്ള പിതാപുത്ര ബന്ധങ്ങളെയാണ് നോവലിസ്റ്റ് പ്രതിപാദിക്കുന്നത്.


ആത്മവഞ്ചന നടത്താതിരിക്കാൻ വേണ്ടി. താൻ ആത്മാർത്ഥമായി പ്രണയിച്ച സ്മിതയിൽ നിന്ന് മുഖം തിരിക്കുന്ന നായകനായ ദേവൻ്റെ നിസ്സഹായത വായനക്കാരുടെ മനസിനെ ഉലക്കാതിരിക്കില്ല. അസ്തിത്വ ദുഃഖം പേറുന്ന ആധുനിക മനുഷ്യന്റെ ധർമ്മ സങ്കടം അന്തർമുഖനായ ദേവൻ്റെ വേദന സ്ഫുരിക്കുന്ന വാക്കുകളിൽ നിന്ന് വ്യക്തമാണ്. "ഒന്നിനെയും കരുണയോടെ നോക്കാൻ എനിക്കാവുന്നില്ല കാരുണ്യം എന്റെ ഹൃദയത്തിൽ നിന്നും വറ്റിപോയിരിക്കുന്നു." കരയാനുള്ള കഴിവ് പോലും ദേവന് നഷ്ടമായിരിക്കുന്നു എന്ന് മറ്റൊരവസരത്തിൽ ബഷീർ എന്ന കഥാപാത്രം ഞെട്ടലോടെ തിരിച്ചറിയുന്നു.

റഫീക്‌ പട്ടേരിയുടെ നോവലിൽ പ്രയോഗിച്ചിരിക്കുന്ന ഭാഷയുടെ ഒതുക്കവും സുഭഗതയും ശ്രദ്ധേയമാണ്. കുറഞ്ഞ വാക്കുകളിൽ കൂടുതൽ അർത്ഥ വ്യാപ്തി ഉളവാക്കുന്ന തരത്തിൽ ലളിതമായ സംഗീതാത്മക വാക്യങ്ങളിലൂടെയാണ് ആഖ്യാനം മുന്നേറുന്നത്. ഒട്ടേറെ അർഥങ്ങൾ ധ്വനിപ്പിച്ചു കൊച്ചു കൊച്ചു വാക്യങ്ങളിൽ റഫീക്‌ പട്ടേരി നടത്തുന്ന പ്രകൃതി വർണന ഹൃദയമാണ്. "ജനിസ്മൃതിയിൽ പ്രകൃതി മയങ്ങി.സൂര്യൻ കുങ്കുമം വിതറിയ പോലെ ആകാശം ചുവന്നു. ഇനി മറ്റൊരു ദിവസം കൂടി പിറക്കും. ദിനരാത്രങ്ങളുടെ രഥം വിശ്രമമില്ലാതെ ചലിച്ചു,ഏതൊക്കെയോ നിഗൂടതയിലൂടെ ....ചൂട് പിടിച്ച അന്തരീക്ഷത്തിൽ കാർമേഘം രൂപപ്പെട്ടപ്പോൾ പ്രകൃതി കരഞ്ഞു. നൂല് പോലെ മഴത്തുള്ളികൾ വീണു.ഭൂമിയിൽ നിന്നും ആവി പൊന്തി..."

"മറ്റുള്ളവരിൽ നിന്നും വെത്യസ്തമായ ഒരു കാഴ്ചപ്പാട് നിങ്ങള്ക്ക് ഉണ്ടായാൽ അന്ന് നിങ്ങളും ഭ്രാന്തനാണ്." എന്ന് ദേവനോട് മൊഴിയുന്ന ഭ്രാന്താണെന്ന് തോന്നിക്കുന്നയാളുടെ അഭിപ്രായപ്രകടനം സമുദായത്തെ അളന്നു മുറിച്ചു വിലയിരുത്തുന്ന നോവലിസ്റ്റിന്റെ അഭിപ്രായമാണെന്നേ വായനക്കാർക്ക് തോന്നൂ.

ശ്രദ്ധേയമായൊരു സവിശേഷത വായനക്കാരുടെ മനോമുകുരത്തിൽ നോവലിലെ പ്രകൃതി ദൃശ്യങ്ങളുടെയും സംഭവങ്ങളുടെയും വർണ്ണന ഒരു സിനിമയിൽ എന്ന പോലെ പതിയുന്ന വിധത്തിലാണ് നോവലിസ്റ്റ് നിർവഹിച്ചിരിക്കുന്നത് എന്നതാണ്. കൃതഹസ്തനായ ഒരു ഫോട്ടോഗ്രാഫർ കൂടി ആയ റഫീക്‌ പട്ടേരിയിൽ നിന്ന് ഇത്തരത്തിൽ ദൃശ്യവിന്ന്യാസ ചാരുതയാർന്ന ഒരു കൃതി വായനാ സമൂഹത്തിന് ലഭിച്ചില്ലെങ്കിലെ വിസ്മയിക്കാനൊള്ളൂ.


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - എൻ മൂസക്കുട്ടി

contributor

Similar News

കടല്‍ | Short Story