സവർണ്ണത, അധികാരം, അപരവത്കരണം; 'പുഴു'വിലെ ജീവിതം, നമ്മുടേയും
ഒരു തരത്തിൽ ബ്രാഹ്മണ കേന്ദ്രീകൃതമായ ഇന്ത്യൻ ഫാഷിസത്തിന്റെ ദുർഗുണങ്ങളൊക്കെ നമ്മുക്ക് കുട്ടനിൽ കാണാനാകും.
ഛിദ്രശക്തികൾ അധികാരത്തിനുവേണ്ടി വെറുപ്പ് പടർത്തുകയും അതിന്റെ ഫലങ്ങൾ അപ്പപ്പോൾ കൊയ്തെടുക്കുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. മനുഷ്യർ പുഴുക്കളായി പരിഗണിക്കപ്പെടുന്ന കാലം. എന്നാൽ പുഴുക്കളുടെ പ്രതികാരത്തെ നാം ഭയക്കേണ്ടതുണ്ട്. ഏത് ഇരുട്ടറക്കുള്ളിലൊളിച്ചാലും പതുങ്ങിവന്ന് ദംശിച്ച് കൊല്ലാൻ പാകത്തിനുള്ള കരുത്ത് പുഴുക്കൾക്കുണ്ട്.
ഞങ്ങൾ, നിങ്ങൾ എന്ന ദ്വന്തങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മനുഷ്യരുടെ മനോഭാവങ്ങളുടെ ആവിഷ്കാരമാണ് സിനിമയിലുള്ളത്.
പുതുമുഖമായ രത്തീനയുടെ ആദ്യ സംവിധാന സംരംഭമായ പുഴു അതിന്റെ ആഖ്യാപരതയേക്കാൾ പ്രമേയത്തിലെ തീക്ഷ്ണതകൊണ്ട് മുന്നിട്ടുനിൽക്കുന്ന സിനിമയാണ്. ഒരു സിനിമ നൽകുന്ന ആഹ്ലാദങ്ങൾ പുഴുവിലുണ്ടോ എന്ന് സംശയമാണ്. പക്ഷെ നമ്മുടെ സമൂഹത്തിനുനേരേ പിടിച്ച കണ്ണാടിയാണീ സിനിമയെന്ന് നിസംശയം പറയാം.
സവർണ്ണത
സവർണ്ണതയിൽ അധിഷ്ഠിതമായ ജാതിവ്യവസ്ഥ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സമൂഹമാണ് നമ്മുടേത്. ജാതിശ്രേണിയിലെ ഓരോ വിഭാഗവും ഒരുതരം സവർണ്ണ മനോഭാവം വച്ചുപുലർത്തുന്നുണ്ട്. ദളിതർക്കിടയിലും എന്തിനേറെ പറയുന്നു മുസ്‍ലിം കൃസ്ത്യൻ വിഭാഗങ്ങൾക്കിടയിലുമൊക്കെ അദൃശ്യമായി ഉച്ചനീചത്വങ്ങൾ തുടരുന്നുണ്ട്. പുഴു പറയുന്നത് ഇത്തരം മനുഷ്യരുടെ കഥയാണ്. ഞങ്ങൾ, നിങ്ങൾ എന്ന ദ്വന്തങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മനുഷ്യരുടെ മനോഭാവങ്ങളുടെ ആവിഷ്കാരമാണ് സിനിമയിലുള്ളത്. കേന്ദ്രകഥാപാത്രമായ കുട്ടനെന്ന് വിളിക്കപ്പെടുന്ന വിരമിച്ച പൊലീസുകാരനാണിതിലെ സവർണ്ണ പുരുഷൻ. ഒന്നിനോടും അനുകമ്പയില്ലാത്ത തന്റെ മകനെ ചിട്ടയും രീതികളും പിന്തുടരാൻ മാത്രം പഠിപ്പിക്കുന്ന മധ്യവയസ്കനാണയാൾ. തന്റെ ആളുകൾ മാത്രമുള്ള ഫ്ലാറ്റിലാണ് അയാളുടെ താമസം. തന്റെ പോർച്ചിൽ കിടക്കുന്ന നായയോടൊ വീട്ടിലെ വേലക്കാരനോടൊ ഫ്ലാറ്റിലെ സെക്യൂരിറ്റിയോടൊ അയാൾ ഒരുതരം കാരുണ്യവും കാണിക്കുന്നില്ല. തിന്മകൾ നിറഞ്ഞ ഭൂതകാലം അയാളെ വേട്ടയാടുന്നുണ്ട്. അന്യായമായി ഉപദ്രവിച്ച മനുഷ്യരും, സാമ്പത്തിക തട്ടിപ്പിനിരയാക്കിയ ബിസിനസുകാരനുമൊക്കെ തന്റെമേൽ ചാടിവീഴുമെന്ന് അയാൾ ഭയപ്പെടുന്നുണ്ട്.
എന്നാലയാളെ ഏറ്റവും മുറിവേൽപ്പിച്ചത് സ്വന്തം സഹോദരി തന്നെയാണ്. അവൾ ചെയ്തത് അയാൾക്ക് ഒരിക്കലും സഹിക്കാനാവുന്ന തെറ്റല്ല. അയാളുടെ സവർണ്ണ ബോധത്തെ, അഹംഭാവത്തെ എല്ലാം മുറിവേൽപ്പിച്ചത് അവളാണ്. അവൾചയ്ത തെറ്റ് കീഴാളനോടൊപ്പമുള്ള ജീവിതം തിരഞ്ഞെടുത്തു എന്നതാണ്. കുട്ടനെന്ന കേന്ദ്ര കഥാപാത്രം എന്താണെന്ന് ഓരോ ഫ്രെയിമുകളിലും സിനിമ വെളിെപ്പടുത്തുന്നുണ്ട്. തിരക്കഥയിലെ ഈ വൈദഗ്ധ്യത്തിന് എഴുത്തുജോലികൾ നിർവ്വഹിച്ച ഹർഷാദ്, സുഹാസ്, ഷർഫു എന്നിവർ അഭിനന്ദനം അർഹിക്കുന്നു. മമ്മുട്ടി എന്ന നടനെ നമ്മുക്ക് നേരത്തേ പരിചയമുള്ളതുകൊണ്ടാവാം, അദ്ദേഹം ഒരു നായകനാണെന്ന മുന്നറിവ് ഉള്ളതുകൊണ്ടാവാം കുട്ടനിലെ ദുഷ്ടനെ വേഗം തിരിച്ചറിയാനാകില്ല. അദ്ദേഹം തന്റെ കഥാപാത്രത്തിന് നൽകിയ അപാരമായ ആഴവും പരപ്പും വായിച്ചെടുക്കാൻ മലയാളി പ്രേക്ഷകർ അൽപ്പം താമസിക്കും. അദ്ദേഹത്തെ അധികം കണ്ടിട്ടില്ലാത്ത ഒരാളാണെങ്കിൽ തികഞ്ഞ വില്ലനായ ക്രൂരനായ ഒരു മനുഷ്യനെ വേഗം തിരിച്ചറിഞ്ഞേനെ.
മമ്മുട്ടി എന്ന നടനെ നമ്മുക്ക് നേരത്തേ പരിചയമുള്ളതുകൊണ്ടാവാം, അദ്ദേഹം ഒരു നായകനാണെന്ന മുന്നറിവ് ഉള്ളതുകൊണ്ടാവാം കുട്ടനിലെ ദുഷ്ടനെ വേഗം തിരിച്ചറിയാനാകില്ല.
അധികാരം
കുട്ടന്റെ അധികാരബോധമാണയാളുടെ പ്രവർത്തികളുടെ അടിസ്ഥാനം. ജന്മനാ ലഭിച്ച സവർണ്ണബോധമാണതിന്റെ കാതൽ. മകനാണ് ഇയാളുടെ പ്രധാന ഇര. തനിക്ക് ലഭിക്കുന്ന ഏറ്റവും ദുർബലനായ വ്യക്തിയെന്ന നിലയിലാണ് മകനിൽ കുട്ടൻ അധികാരപ്രേയാഗം നടത്തുന്നത്. തന്റെ ദുഷിച്ച ബോധ്യങ്ങളിലേക്ക് മകനെ എത്തിക്കുകയും അയാളുടെ ലക്ഷ്യമാണ്. ഒരിക്കൽ ഫ്രൂട്ടുകളുടെ കൂട്ടത്തിൽ തക്കാളിയെ പറയുന്ന മകനെ അയാൾ തിരുത്തുന്നുണ്ട്. തക്കാളി പച്ചക്കറിയാണ് എന്നാണയാളുടെ ന്യായം. കുട്ടി തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവന് ഇമ്പോസിഷൻ എന്ന ശിക്ഷവിധിക്കുകയാണ് അയാൾ ചെയ്യുന്നത്. സവർണ്ണത തങ്ങളുടെ ശരികളിലേക്ക് മറ്റുള്ളവരെ നിർബന്ധിച്ച് എത്തിക്കാനാവും എപ്പോഴും ശ്രമിക്കുക.
ജന്മംകൊണ്ട് ലഭിച്ച മേൽക്കോയ്മക്ക് അനുയോജ്യമായിരുന്നു അയാൾക്ക് ലഭിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്റെ തൊഴിൽ. അതും കുട്ടെൻറ അഹംബോധത്തെ വളർത്തുന്നുണ്ട്. തന്നെയും കുടുംബത്തേയും മാത്രമല്ല തന്റെ ചുറ്റുപാടുകളേയും ആ കഥാപാത്രം മാനുപ്പുലേറ്റ് ചെയ്യാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അയാൾ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലേക്ക് ഫ്രൈഡ് ചിക്കനുമായെത്തുന്ന ഡെലിവറി ബോയ് അയാളിൽ കോപമാണ് ഉണ്ടാക്കുന്നത്. തന്റെ ഉത്കൃഷ്ടമായ ഭക്ഷണരീതികളിലേക്ക് മറ്റൊരാൾ നടത്തുന്ന അധിനിവേശമായാണിത് അയാൾ കണക്കാക്കുന്നത്. ഒരു തരത്തിൽ ബ്രാഹ്മണ കേന്ദ്രീകൃതമായ ഇന്ത്യൻ ഫാഷിസത്തിന്റെ ദുർഗുണങ്ങളൊക്കെ നമ്മുക്ക് കുട്ടനിൽ കാണാനാകും. അതുകൊണ്ടുതന്നെയാണ് അയാളുടെ പ്രവർത്തികളിൽ ഒരു ദർപ്പണത്തിലെന്നപോലെ സമകാലീന ഇന്ത്യ പതിഞ്ഞുകിടക്കുന്നതായി അനുഭവപ്പെടുന്നത്.
അപരവത്കരണം
സിനിമ പ്രതിനിധാനം ചെയ്യുന്ന നിരവധി കീഴാള ജീവിതങ്ങളുണ്ട്. കെ.പി എന്ന കെ.പി കുട്ടപ്പനെന്ന നാടകക്കാരനാണതിൽ പ്രധാനം. ജാതിയിൽ താഴ്ന്നവനാണദ്ദേഹം. കരിവിളക്കെന്നും ദരിദ്രനെന്നും ഉടായിപ്പെന്നുമൊെക്ക തരാതരംപോലെ അദ്ദേഹം സമൂഹത്തിനാൽ അധിക്ഷേപിക്കപ്പെടുന്നുണ്ട്. വാടകവീട് അന്വേഷിച്ചുപോകുന്ന കുട്ടപ്പനേയും ഭാര്യയേയും വീട് ഉടമ ഉടായിപ്പ് സെറ്റപ്പാണെന്നാണ് സംശയിക്കുന്നത്. വിവാഹ സർട്ടിഫിക്കറ്റ് വാങ്ങാനെത്തുമ്പോൾ കരിവിളക്ക് പ്രയോഗം വരുന്നു. താൻ സ്നേഹിക്കുന്ന പെണ്ണിന്റെ ചിത്രം വരച്ചപ്പോൾ അയാളോട് ചോദിക്കുന്നത് നീയാരെടാ രവിവർമ്മയാണോ എന്നാണ്. നമ്മുടെ നാട്ടിലെ മുക്കിലും മൂലയിലും ഇത്തരം കറുത്ത് ഉയരംകുറഞ്ഞ ചുരുണ്ട മുടിയുള്ള മനുഷ്യർ എമ്പാടുമുണ്ട്.
മറ്റൊരു പ്രതിനിധനം ന്യൂനപക്ഷത്തിന്റേതാണ്. കബീർ എന്ന ഫാർമസിസ്റ്റും മകൻ അമീറും അടങ്ങുന്ന കുടുംബവുമാണിതിൽ പ്രധാനം. ഇരകളെ ഇരകളായിത്തന്നെ പ്രതിനിധാനം ചെയ്യാൻ സിനിമക്ക് ആവുന്നുണ്ട്. അന്യായമായ അറസ്റ്റുകളും പീഡനങ്ങളും കൊലകളും സിനിമ പ്രശ്നവത്കരിക്കുന്നു. അധികാരി വർഗ്ഗം പുഴുക്കളായി ചവിട്ടിയരച്ചവരിൽപ്പെട്ടവർ തന്നെയാണ് അവസാനം അന്തപ്പുരത്തിലെത്തി കുട്ടന്റെ ജീവനെടുക്കുന്നതും. ബിസിനസുകാരൻ ജമാലിൽ േപാലും സൂക്ഷ്മമായ കീഴാള പ്രതിനിധാനം കൊണ്ടുവരാൻ അണിയറക്കാർക്കായിട്ടുണ്ട്. പണം വെള്ളം പൊലെയിറക്കാൻ വിധിക്കപ്പെട്ട, തരാതരംപോലെ പറ്റിക്കപ്പെടുന്ന, കച്ചവടത്തിന് സവർണ്ണതയുടെ ഔദാര്യം കാത്തുനിൽക്കുന്ന ജമാലുമാരും സമകാലീന ഇന്ത്യയിൽ ധാരാളമുണ്ട്.
പണം വെള്ളം പൊലെയിറക്കാൻ വിധിക്കപ്പെട്ട, തരാതരംപോലെ പറ്റിക്കപ്പെടുന്ന, കച്ചവടത്തിന് സവർണ്ണതയുടെ ഔദാര്യം കാത്തുനിൽക്കുന്ന ജമാലുമാരും സമകാലീന ഇന്ത്യയിൽ ധാരാളമുണ്ട്
അനുഭവങ്ങളും പ്രകടനങ്ങളും
പുഴു വല്ലാത്ത ക്രാഫ്റ്റ്മാൻഷിപ്പ് വെളിപ്പെടുത്തുന്നൊരു സിനിമയല്ല. ഒരു സിനിമക്കുവേണമെന്ന് വിശ്വസിക്കുന്ന രസക്കൂട്ടുകളെല്ലാം പുഴുവിലില്ല താനും. ചിലപ്പോഴെങ്കിലും സിനിമ ഇഴഞ്ഞുനീങ്ങുന്നുമുണ്ട്. എങ്കിലും പ്രമേയപരമായ കൃത്യതയും സത്യസന്ധതയും സിനിമക്ക് മുതൽക്കൂട്ടാണ്. തിരക്കഥയിൽ അധികം പതിരില്ല എന്നതും മികവാണ്. സിനിമയുടെ ലക്ഷ്യത്തിലേക്ക് നയിക്കുന്നതാണ് 90 ശതമാനം രംഗങ്ങളും. സിനിമയുടെ ആത്മാവ് മമ്മൂട്ടി എന്ന നടന്റെ പ്രകടനമാണ്. ഒന്നിനോടും വിട്ടുവീഴ്ച്ചയില്ലാത്ത അധികാരഗർവ്വ് ബാധിച്ച സവർണ്ണശരീരം ഈ നടനിൽ ഭദ്രമാണ്. മകനെ അയാൾ അക്രമിച്ചേക്കുമോ എന്ന ഭയം സിനിമയിലുടനീളം പ്രേക്ഷകനൊപ്പം സഞ്ചരിക്കും. അയാൾ ആരോടും അധികം ചിരിക്കുകയോ കണ്ണുകൾ തമ്മിൽ കോർക്കുകയോ ചെയ്യുന്നില്ല. അപമാനിക്കപ്പെടുക എന്നത് അയാൾക്ക് അസഹനീയമാണ്. മകന്റെ അധ്യപികയുടെ മുന്നിലെ ചൂളിയുള്ള ഇരുത്തം, കബീറിനെപ്പോലുള്ള ഇരകളെ കാണുമ്പോഴുള്ള ചാടിവീഴൽ, അച്ഛൻ അങ്ങിനെ മോശമായ ആളല്ല എന്ന് മകനോട് പറയുമ്പോഴുള്ള ദയനീയത എല്ലാം മമ്മൂട്ടി എന്ന നടന്റെ ഭാവങ്ങളിൽ അനുഭവവേദ്യമാണ്. സിനിമയുടെ അവസാനത്തിൽ കുട്ടനെന്ന കഥാപാത്രം മരണവക്ത്രത്തിലകപ്പെടുമ്പോഴുള്ള മാനറിസങ്ങൾ ഒരുപാടുകാലം ഓർത്തിരിക്കാവുന്ന രംഗമായിമാറുന്നുണ്ട്. ഗോഡ്ഫാദറിൽ ഡോൺ വിറ്റോ കോർലിയോണിയുടെ പെർഫെക്ട് ഡെത്തിന് സമാനമായ കാഴ്ച്ചാനുഭവം ഈ രംഗം പ്രേക്ഷകർക്ക് നൽകും. പുഴു ഒരു ദർപ്പണമാണ്, സമകാലീന ഇന്ത്യയിലേക്ക് തിരിച്ചുവച്ച കണ്ണാടി.