ലൂസിഡ്

കഥ

Update: 2022-09-21 13:45 GMT
Click the Play button to listen to article

' 1906 മേയ് 2 -


അത്യധികം സന്തോഷത്തോടെയാണ് ഇന്ന് ഡയറി എഴുതാനിരിക്കുന്നത്.


സ്കൂൾ ഫൈനലിന്റെ ഫലം പുറത്ത് വന്നിരിക്കുന്നു. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയതിന് അപ്പനും അമ്മയും, കുടുംബക്കാരും, അധ്യാപകരും ഒക്കെ എന്നെ അഭിനന്ദിച്ചു. ഇനിയും സന്തോഷങ്ങൾ നിലനിൽക്കട്ടെ. ദൈവത്തിനു സ്തുതി '


                                                                                                                                             *


കട്ടിക്കടലാസിൽ നീലമഷിയിൽ എഴുതിയ പഴകിയ ഡയറിത്താൾ മറിഞ്ഞു വീണു. കോളിംഗ് ബെല്ലിന്റെ മൂർച്ചയേറിയ ശബ്ദം സ്വപ്നത്തെ പാതിയിൽ മുറിച്ചു. വായിച്ചു കൊണ്ടിരുന്ന പുസ്തകം ചട്ടയിളകി ഏടുകൾ ഊർന്നു വീണത് പോലെ. കുറച്ചു ദിവസങ്ങളായി ഡോ. അനീഷ കാണുന്ന സ്വപ്നങ്ങൾ മുഴുവൻ ആരുടെയൊക്കെയോ ഡയറികുറിപ്പുകളാണ്. പല കാലങ്ങളിൽ, പല ദേശങ്ങളിൽ ഉള്ള മനുഷ്യരുടെ ഡയറികുറിപ്പുകൾ. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടേയുമൊക്കെ ഡയറികൾ. നിറം മങ്ങിയതും, പാറ്റകൾ തിന്നതും, കത്തിപോയതിന്റെ ബാക്കി കഷ്ണങ്ങളും, പല നിറങ്ങളിൽ എഴുതപ്പെട്ടതും എന്തിനു ടൈപ്പ് ചെയ്ത ഡയറി താളുകൾ പോലുമുണ്ടായിരുന്നു ആ കൂട്ടത്തിൽ. ഉണർന്നതിനു ശേഷം അവൾക്ക് പിടി കൊടുക്കുന്ന സ്വപ്നങ്ങൾ വളരെ ചുരുക്കമാണ്. അത്തരം സ്വപ്നങ്ങളിലേക്ക്, ഡയറിയുടെ ഉടമസ്ഥന്റെ പേരും തിരഞ്ഞു അവൾ വീണ്ടും യാത്ര നടത്തും.


ഉണർന്നിരിക്കുന്ന ആരെങ്കിലും പോയി വാതിൽ തുറന്നോളും. രാത്രിയിൽ അത്യാഹിത വിഭാഗത്തിലെ ആൾക്കൂട്ടവും, ആൾക്കൂട്ടമൊഴിഞ്ഞപ്പോൾ കൊതുകുകളും ഒന്ന് നിവർന്ന് കിടക്കാൻ പോലും സമ്മതിച്ചിട്ടില്ല. അവൾ വീണ്ടും ഉറക്കിലേക്ക് പറ്റിപ്പിടിച്ചു പടർന്നു. ഉറക്കമോ ഉണർച്ചയോ എന്നറിയാത്ത ഒരു സഞ്ചാരത്തിനിടയിൽ വരാന്തയിൽ കസേരകളുരയുന്നതിന്റെയും, പലരും സംസാരിക്കുന്നത്തിന്റെയും ശബ്ദങ്ങളുയർന്നു. നാശം, ഉറക്കവും പോയി സ്വപ്നവും പോയി. മുടി കോരിയെടുത്ത് തലയ്ക്ക് മുകളിലേക്ക് കെട്ടി, ഷോൾ കഴുത്തിലൂടെ പുറകിലേക്കിട്ട് അവൾ മുഖം കഴുകി. ഒരു ചായ വേണം, തലയ്ക്കകത്തിരുന്നാരോ പിറുപിറുക്കുന്നുണ്ട്. അടുക്കളയിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പുറത്ത് വന്നിരിക്കുന്നവരുടെ വിവരമറിയുന്നത്. ചായക്കപ്പും ഫോണുമായി സ്വീകരണ മുറിയിലെ സെറ്റിയിൽ പോയിരുന്നു പുറത്തേക്ക് ചെവി കൂർപ്പിച്ചു.


"ചെക്കൻ ഡോക്ടർ അല്ലെ, അപ്പൊ അതിനനുസരിച്ചുള്ളത് നമ്മള് കൊടുക്കണ്ടേ? കാറൊക്കെ ഇങ്ങള് മുന്തിയത് കൊടുക്കും എന്ന് നമ്മക്ക് അറിയാം. എന്നാലും, ഇങ്ങള് പറേന്നത് ശരി തന്നെ. ഓക്ക് സ്വർണം ഇഷ്ടല്ലായിരിക്കും. പക്ഷെ പൊന്നിന്റെ വെല ഇപ്പളും അയ്ന്ണ്ട് "


"ചെക്കൻ ഡോക്ടർ ആണെങ്കി, അതിനനുസരിച്ചു ഡോക്ടർ ആയ പെണ്ണ് തന്നെയാണ് ഇവിടെ ഉള്ളത്. അതിൽ കൂടുതലൊന്നും നടക്കൂല. പൊന്നും കാറും തൂക്കാനാണെൽ ഇങ്ങള് ഇവിടെ നിക്കണ്ട"


വിലപേശല് കേട്ട് തല പെരുത്തപ്പോ, പിന്നൊന്നും ആലോചിക്കാൻ നിന്നില്ല. വരാന്തയിലിറങ്ങി ഇത്രയും പറഞ്ഞു ചർച്ച അവസാനിപ്പിച്ചു. മധ്യസ്ഥം പറയാൻ വന്ന ആൾ ദേഷ്യത്തോടെ ചായ ഗ്ലാസ് മേശപ്പുറത്ത് വച്ച ശബ്ദം ഉയർന്നു കേട്ടു. പറഞ്ഞത് ഇഷ്ടപ്പെട്ടു കാണില്ല. യാത്ര പോലും പറയാതെ അയാളിറങ്ങി നടക്കുന്നത്, അകത്തെ മുറിയിലിരുന്നു കർട്ടന്റെ വിടവിലൂടെ കണ്ടു. ഇനിയിവിടെ നിന്നാൽ തിരിച്ചും മറിച്ചും ഉപദേശങ്ങളായിരിക്കും. തിടുക്കത്തിൽ ബാഗും പാക്ക് ചെയ്ത്, ചുരിദാറിന്റെ ഷാളും വലിച്ചിട്ട് പോവാനിറങ്ങി.


'നീ ഇന്ന് പോകുന്നില്ല എന്നല്ലേ പറഞ്ഞേ' എന്ന ചോദ്യം മുഴുമിപ്പിക്കാൻ അവസരം നൽകാതെ, മറുപടി പറഞ്ഞു.


"നൈറ്റിന് ആളെ കിട്ടീല്ല ഉപ്പാ. അടുത്താഴ്ച്ച ഡ്യൂട്ടി എടുക്കാൻ ആളെ കിട്ടുവാണേൽ വരാം.


                                                                                                                                             *


ജൂനിയർ ഡോക്ടേഴ്സിനുള്ള ക്വാർട്ടേഴ്സിലെത്തുമ്പോൾ വൈകുന്നേരമായി. മുറിയിലാരോ വിസിറ്റർ ഉണ്ടെന്നു വാർഡൻ പറഞ്ഞത് കേട്ട് ചെന്നു നോക്കുമ്പോൾ കൂട്ടുകാരിയുടെ അമ്മയാണ്. പ്രൊഫസർ കൃപ ഈശ്വരി. സേലം വെങ്കിടേശ്വര കോളേജിലെ പ്രൊഫസറാണ്. പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും, എപ്പോൾ വന്നാലും അവർ ഞങ്ങളുടെ മേശപ്പുറത്തിരിക്കുന്ന മെഡിക്കൽ പുസ്തകങ്ങളിലേക്ക് വല്ലാത്തോരു ആർത്തിയോടെയും ബഹുമാനത്തോടെയും ആകാംഷയോടെയുമൊക്കെ നോക്കുന്നത് കാണാം. എല്ലാവരും യാത്ര പറഞ്ഞിറങ്ങുമ്പോഴേക്കും നേരം വൈകി. ഒരു രാത്രിയും പകലും ഒന്നുമാലോചിക്കാതെ ഉറങ്ങാം എന്നുള്ള സമാധാനത്തോടെ അനീഷ കിടന്നു. രാവിലെ സ്വപ്നത്തിൽ കണ്ട ഡയറിത്താളും അതിലെ സന്തോഷ വാർത്തയും അപ്പോഴാണ് മനസ്സിലേക്ക് ഓടി വന്നത്. അതെ മിടുക്കിയായ മേരിയുടെ സന്തോഷക്കുറിപ്പാണത്. മേരിയെന്നു പറയുമ്പോ ഏത് മേരിയെന്നു ഓർക്കുന്നുണ്ടാകും. മേരിയെന്നു പേര് ആദ്യം കേൾക്കുന്നത് 'മേരിക്കുണ്ടൊരു കുഞ്ഞാട് ' എന്ന തലക്കെട്ടിലൂടെയാണ്. പിന്നെ ഡാൻസ് ക്ലാസ്സിൽ വച്ചു കോൺവന്റ് സ്കൂളിലെ കുട്ടികളും മേരിയെക്കുറിച്ചു പറയും. പഴയ ബസ് സ്റ്റാൻഡിൽ നിന്നു പോസ്റ്റ് ഒാഫീസിന് മുന്നിലൂടെയുള്ള ഇടവഴിയിലൂടെ ഇറങ്ങി നടക്കുമ്പോൾ, കാൽ വിരലിൽ ഏന്തി നിന്ന് ഉപ്പൂറ്റി പൊക്കി എത്തി നോക്കണം. മതിൽ കെട്ടിനകത്ത് അപ്പൊ കാണാ മേരിയെ. മേരിയെ അല്ല, മേരിയുടെ പ്രതിമയെ. മേരിമാർ ഇനിയുമുണ്ട്. അതിലെനിക്കേറ്റവും ഇഷ്ടപ്പെട്ട പേര് മേരി പുന്നൻ ലൂക്കോസ് എന്നാണ്. മുഴുവൻ പറഞ്ഞാൽ ഡോക്ടർ മേരി പുന്നൻ ലൂക്കോസ്. മേരിയുടെ ഡയറിക്കുറിപ്പിന്റെ


തുടർച്ചയുമായി അന്നത്തെ സ്വപ്നം കടന്നു വന്നു.


                                                                                                                                           *




 


1909 ആഗസ്റ്റ് 1 -


മദിരാശി സർവകലാശാലയിൽ നിന്നും ബിരുദം നേടുന്ന ആദ്യ വനിതാ എന്ന അംഗീകാരം സന്തോഷം തരുന്നുണ്ട്. അതോടൊപ്പം വ്യസനവുമുണ്ട്. ഉയർന്ന മാർക്കും, ഫീസടക്കാനുള്ള പണവും ഉണ്ടായിട്ടു പോലും ഒരു സ്ത്രീയായത് കാരണം എനിക്ക് ശാസ്ത്ര വിഷയങ്ങൾക്ക് ചേർന്ന് പഠിക്കാൻ ഇവിടുത്തെ രീതികൾ അനുവദിക്കുന്നി . ചരിത്രമല്ല, ശാസ്ത്രമാണ് എന്റെ താല്പര്യം. സ്ത്രീകൾക്ക് ശാസ്ത്ര പഠനം അനുവദനീയമല്ലല്ലോ. വൈദ്യശാസ്ത്രം പഠിച്ചു, മികച്ച ഭിഷഗ്വര ആവുക എന്ന എന്റെ സ്വപ്നം ഇന്ത്യയിൽ ഇരുന്നു കൊണ്ട് യാഥാർഥ്യമാവും എന്നു തോന്നുന്നില്ല. പഠന വിഷയങ്ങളിൽ എത്ര തന്നെ ഒന്നാമതായി എത്തിയാലും സ്ത്രീകൾക്ക് വൈദ്യശാസ്ത്രത്തിന് പ്രവേശനം ലഭിക്കില്ല എന്നതാണ് ചട്ടം. അപ്പനെ പറഞ്ഞു സമ്മതിപ്പിച്ചു ലണ്ടനിലേക്ക് പോകണം. ഡോക്ടർ മേരി എന്ന പേരിൽ തിരിച്ചു വരണം.


                                                                                                                                              *


അടുത്ത പകൽ മുഴുവൻ ഡോ. മേരി പുന്നൻ ലൂക്കോസ്നു പുറകെയായിരിക്കും എന്ന് എഴുന്നേറ്റപ്പോഴേ അനീഷയ്ക്ക് തോന്നി. മേരിയിൽ നിന്നും ഡോക്ടർ മേരിയിലേക്കുള്ള യാത്രയുടെ വഴികൾക്ക് പറയാനേറെയുണ്ടല്ലോ.


മൊബൈലിൽ മെയിൽ നോക്കുന്നതിനിടയിലാണ്,ഓഡിയോ ബുക്ക്സ് ഫ്രീ സബ്സ്ക്രിപ്ഷൻ ഒരു മാസത്തേക്ക് ഓഫർ ഉള്ള കാര്യം അറിഞ്ഞത്. കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന രാത്രികളിൽ നിന്നും രക്ഷ നേടാൻ ഇനി കഥകൾ കേട്ടുറങ്ങാമെന്നു വിചാരിച്ചു. തുറന്നിട്ട ജനാല, നക്ഷത്രങ്ങളുള്ള ആകാശം, ചെവിയിൽ പതിഞ്ഞ ശബ്ദത്തിൽ കഥകളും. ആഹാ, എന്തു രസം. അനീഷയന്ന് പതിവിലും നേരത്തെ ഉറങ്ങാൻ കിടന്നു. ഉറക്കത്തോടടുക്കും തോറും, ഹെഡ്സെറ്റിൽ നിന്ന് കഥകൾക്ക് പകരം ഡയറിക്കുറിപ്പുകൾ ആരോ വായിക്കാൻ തുടങ്ങി.



                                                                                                                                            *


1985 മേയ് 2 -


സയൻസ് ഗ്രൂപ്പ് പഠിച്ച് ന്നാ കെട്ട് പോയിടും, അതിലേയും മെഡിസിൻ പഠിക്ക വെച്ച് ന്നാ സുത്തമാ തൊലഞ്ചു പോയിടും. പൊമ്പളൈങ്ക അന്ത പക്കമേ പോക കൂടാത്. താത്ത പാട്ടി എല്ലാം അപ്പടി സെല്ലി അടം പുടിച്, കടസിയിലെ മാത്‍സ് ഗ്രൂപ്പ് എടുക്ക വെച്ചിട്ടെ. ബയോളജി എനക്ക് റൊമ്പ പുടിച്ച വിഷയം. ആനാ, എന്ന സൊല്ല മുടിയും, എങ്കൾക്ക് വോയിസ് ഇല്ലിയെ.


പെൺകുട്ടികൾ ബയോളജി ഗ്രൂപ്പ് എടുത്താൽ സ്വഭാവം ചീത്തയാകും. അത് കൊണ്ട് പെൺകുട്ടിയാണേൽ കണക്ക് ഗ്രൂപ്പ് എടുത്ത് പഠിച്ചാൽ മതി. വേണമെങ്കിൽ കണക്ക് പഠിക്കാം, ഇല്ലെങ്കിൽ പഠിക്കാതിരിക്കാം. ബയോളജിയുടെ ഭാഗത്ത് പോകുന്ന കാര്യം പെൺകുട്ടികൾ ആലോചിക്കുകയെ വേണ്ട. പ്രൊഫ. കൃപ ഈശ്വരിയുടെ ശബ്ദത്തെ കൂട്ടുകാരി മലയാളത്തിലേക്ക് മാറ്റി പണിതു.


                                                                                                                                               *




 


ഏറ്റവും അങ്കലാപ്പ് പിടിച്ച സമയമേതെന്ന് ചോദിച്ചാൽ, ഉറക്കിൽ നിന്നും ഞെട്ടി ഉണരുന്ന സമയമാണ്. എന്താ ഏതാ എന്നൊന്നും അറിയാതെ വല്ലാത്തൊരു വെപ്രാളമായിരിക്കും. മുകൾ നിലയിലെ കിടപ്പ് മുറിയിലെ തുറന്നിട്ട ജനൽ വഴി കാറ്റ് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. സ്വപ്നങ്ങളില്ലാത്ത ഒരു രാത്രിയ്ക്കു ശേഷം, എഴുന്നേറ്റ് വരുമ്പോഴാണ് പുത്തൻ അമ്മായിമാരും നാത്തൂന്മാരും ചേർന്നുള്ള തീർപ്പ് അനീഷ കേൾക്കുന്നത്.


"പണിക്ക് പോന്ന്ണ്ടേല് പ്രസവം എട്ക്ക്ന്ന വിഭാഗത്തില് പൊയ്ക്കോളാൻ പറഞ്ഞേക്കീ. അല്ലാണ്ട് കണ്ട ആണ്ങ്ങളെയൊക്കെ തൊട്ടും പിടിച്ചും പണിയെട്ക്ക്ന്നത് ശരീണ്ട? "


                                                                                                                                                            *


1916 ഡിസംബർ 30 -


കേരളത്തിലേക്ക് തിരിച്ചു വരാനെടുത്ത തീരുമാനം തീർത്തും ശരിയാണെന്ന് തോന്നുകയാണ്. ഇവിടെ എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ ഗുണ ഫലങ്ങൾ കുറച്ചെങ്കിലും എന്റെ നാട്ടുകാർക്ക് പകർന്നു കൊടുക്കാനായാൽ അതിലും വലിയ നന്മ വേറെന്തുണ്ട്. ഒരുപാട് സൗകര്യകുറവുകളുണ്ട്. അറിവും സന്നദ്ധതയുമുള്ള അംഗങ്ങളും കുറവാണ്. പക്ഷെ ഇതിനെക്കാളൊക്കെ വ്യസനിപ്പിക്കുന്ന വിഷയം മറ്റൊന്നാണ്. ആളുകൾക്ക് ആശുപത്രിയിൽ വരാൻ മടിയും ഭയവുമാണ്. നിരന്തരം സംസാരിച്ചു ബോധവൽക്കരണം നടത്തിയാലും, എത്ര ഭയപ്പാടോടെ ആണ് ഓരോ രോഗിയും മുന്നിലെത്തുന്നത്. വീടുകളിൽ നടക്കുന്ന പ്രസവങ്ങൾക്കാണ് അപകട സാധ്യതകൾ കൂടുതലെന്നു ഇവരോടോക്കെ എത്ര വട്ടം പറഞ്ഞു. ഗ്രാമങ്ങളിലേക്ക് പോകുന്ന ആരോഗ്യ പ്രവർത്തകർ നേരിടുന്ന അവഗണനയും, അക്രമണങ്ങളും വേറെയുമുണ്ട്. ലക്ഷ്യത്തിലെത്തും വരെ തളരരുത് എന്ന് ഞാൻ എന്നെത്തന്നെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്.


                                                                                                                                               *


അലാറം കേട്ടാണ് എഴുന്നേൽക്കുന്നത്. ഡ്യൂട്ടി ഇല്ലല്ലോ, കുറച്ചു നേരം കൂടെ കഴിഞ്ഞു എഴുന്നേൽക്കുകയാണെങ്കിൽ ബ്രേക്ഫാസ്റ്റ്നെകുറിച്ചു ചിന്തിക്കാതെ നേരെ ചോറ് തിന്നാൽ മതിയാകും. മടിയോടെ വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുളുന്നതിനിടയിൽ കയ്യെത്തിച്ചു മേശ മേലിരിക്കുന്ന ഫോണെടുക്കാനും മറന്നില്ല. വാട്സ്ആപ് ഓടിച്ചു നോക്കി മെസഞ്ചറിലേക്ക് കയറി. ഏതോ ഒരു നേഹ പറമ്പത്ത് എന്ന ഐഡിയിൽ നിന്നും കുറെ സന്ദേശങ്ങൾ വന്നു കിടപ്പുണ്ട്.


ഹലോ ഡോക്ടർ, ഞാൻ നേഹ. ഡോക്ടർക്ക് എന്നെ അറിയാൻ വഴിയില്ല. ഞാൻ ഫേസ്ബുക്കിൽ ഡോക്ടറെ ഫോളോ ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം ഡോക്ടർ ഷെയർ ചെയ്ത ഇൻഫോക്ലിനിക് പേജിന്റെ ഒരു ലേഖനം വായിച്ചു - വെള്ളത്തിൽ വച്ച് നടത്തുന്ന അശാസ്ത്രീയമായ പ്രസവ രീതിയെക്കുറിച്ചുള്ളത്. അതോടൊപ്പം വീട്ടിലെ പ്രസവങ്ങളുടെ അപകടങ്ങളെക്കുറിച്ചുള്ള മറ്റൊരു ലേഖനവും വായിച്ചു. ഞാനിപ്പോ ഗർഭിണിയാണ്. ബുദ്ധിമുട്ടാവില്ലെങ്കിൽ ഡോക്ടറുടെ നമ്പർ ഒന്ന് തരാമോ? എനിക്കൊന്നു സംസാരിക്കണമായിരുന്നു.




 


ഊണ് കഴിഞ്ഞു എഴുന്നേൽക്കുമ്പോഴാണ് നേഹയുടെ ഫോൺ വരുന്നത്.


"ഡോക്ടർ തിരക്കിലല്ലല്ലോ. ഹസ്ബൻഡ് ഇല്ലാത്തപ്പോ വിളിക്കാമെന്ന് വിചാരിച്ചത് കൊണ്ടാണ് വിളിക്കാൻ വൈകിയത്." നേഹയ്ക്ക് പറയാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. എന്നിൽ നിന്നും ഒരുപാട് കാര്യങ്ങൾ കേൾക്കാനും നേഹ ആഗ്രഹിക്കുന്നുണ്ടെന്നു തുടങ്ങിയപ്പോൾ തന്നെ മനസിലായി. നേഹയുടെ ജീവിതത്തിലിപ്പോ രണ്ടു വില്ലന്മാരാണ് ഉള്ളത്. ഒന്ന് നേഹയുടെ ഭർത്താവും, മറ്റൊന്ന് ചികിത്സകനെന്നു സ്വയം അവകാശപ്പെടുന്ന അയാളുടെ സുഹൃത്തും. നേഹയുടെ പ്രസവം വീട്ടിലാക്കാനുള്ള പുറപ്പാടിലാണ് രണ്ടു പേരും. അതോടൊപ്പം ഗർഭകാലത്തോ, പ്രസവസമയത്തോ ആധുനിക വൈദ്യ ശാസ്ത്രം നിർദേശിക്കുന്ന യാതൊരു രീതികളും പിന്തുടരാൻ പാടില്ല എന്ന കർശന നിർദേശവുമുണ്ട്. അല്ലെങ്കിലും സ്വന്തം ശരീരത്തിന് മേൽ അവകാശമില്ലാത്ത ഒരേയൊരു ജീവി മനുഷ്യ സ്ത്രീ മാത്രമായിരിക്കും.


"വിദ്യാഭ്യാസവും, ഉയർന്ന ജോലിയുമൊക്ക ഉണ്ടായിട്ടെന്താ കാര്യം? പ്രകൃതിയെന്നും, പഴയ കാലമെന്നും പറഞ്ഞു, സ്വന്തം ഭാര്യയുടെയും കുഞ്ഞിന്റെയും ജീവൻ വച്ച് പരീക്ഷണം നടത്തുകയാണ്. ഇപ്പൊ ഓരോ നേരത്തും എന്റെയും കുഞ്ഞിന്റെയും മരണമൊക്കെയാ കാണുന്നത്. എനിക്ക് പേടിയാകുന്നു ഡോക്ടറെ.."


സങ്കീർണതകൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഗർഭത്തിലും പ്രസവത്തിലും ഒക്കെ. അമ്മയ്ക്കോ കുഞ്ഞിനോ രണ്ടു പേർക്കുമോ സംഭവിക്കാം . എന്നൊക്കെ ശാസ്ത്രം പറഞ്ഞു നേഹയ്ക്ക് മറുപടി നൽകിയെങ്കിലും, അവൾക്കത് മാത്രമായിരുന്നില്ല ആവശ്യം എന്നു മനസ്സ് പറഞ്ഞു. സ്വാർത്ഥതയോ മടിയോ എന്ത് കാരണം കൊണ്ടാണെന്ന് അറിയില്ല കൂടുതലൊന്നും പറയാതെ അനീഷ ഫോൺ കട്ട് ചെയ്തു. മറ്റൊരാളുടെ കാര്യത്തിൽ ഇതിൽ കൂടുതൽ എന്ത് ചെയ്യാനാണ്? സ്വന്തം പ്രശ്നങ്ങൾ തന്നെ ഒരുപാടുണ്ട്. അല്ലെങ്കിലും നേഹയുടെ ഭർത്താവിനെയും കൂട്ടുകാരനെയും ഉപദേശിക്കാനുള്ള കരുത്തൊന്നും തനിക്കില്ല. ആത്മവിശ്വാസം നഷ്ടപ്പെട്ട്, ഒരു ചേരട്ട ചുരുളും പോലെ അനീഷ തന്നിലേക്ക് തന്നെ ചുരുണ്ടു.


                                                                                                                                                *


കനത്ത മഴയായിരുന്നു പുറത്ത്. ഉറക്കിലേക്കും മഴ പടർന്നു. മഴയിലൂടൊരു അമ്മയും കുഞ്ഞും, വഴുക്കലുള്ള പാട വരമ്പിലൂടെ ആയാസപ്പെട്ട് നടന്നു വരുന്നു. മഴയുടെ ശക്തി കൂടുന്നതിനൊപ്പം പാടത്തെ വെള്ളം പൊങ്ങിക്കൊണ്ടിരുന്നു. ഒന്ന് തെറ്റിയാൽ അമ്മയും കുഞ്ഞും വെള്ളത്തിലേക്ക് വീഴാം. പെട്ടെന്ന് വീശിയടിച്ച കാറ്റിലും, കാഴ്ചയെ പിളർത്തിയ മിന്നൽപിണറിലും കുഞ്ഞ്, പാടത്തെ വെള്ളത്തിലേക്ക് വീണു. കുഞ്ഞിന് പുറകെ മുന്നോട്ടേക്കാഞ്ഞ അമ്മയുടെ ശരീരത്തെ പാടത്തെ ചളിയുടെ വഴുവഴുപ്പ് കീഴ്പ്പോട്ടേക്ക് വലിച്ചു കൊണ്ടിരുന്നു. ഉയർന്നു വരുന്ന വെള്ളത്തിലൂടെ അനീഷയ്ക്ക് മുൻപോട്ട് നടക്കാൻ പോലും സാധിച്ചില്ല. തീർത്തും വിജനമായ, മുങ്ങിക്കൊണ്ടിരിക്കുന്ന പാടത്തേക്ക് ദൂരെ ഒരു പൊട്ടു പോലെ ഒരു കുഞ്ഞു തോണി പ്രത്യക്ഷപ്പെട്ടു. അടുത്ത് വരുംതോറും, തോണിയിലൊരു സ്ത്രീ രൂപം ദൃശ്യമായി.


മഴ കൊള്ളാതിരിക്കാൻ വേണ്ടി തലയിൽ വട്ടത്തൊപ്പി വച്ച തോണിക്കാരിക്ക് ഡോക്ടർ മേരി പുന്നൻ ലൂക്കോസിന്റെ ഛായ തെളിഞ്ഞു.


ഇന്ത്യയിലെ ആദ്യത്തെ വനിതാ സർജൻ ജനറലും, തിരുവിതാംകൂർ ആരോഗ്യ വകുപ്പിന്റെ മേധാവിയുമായിരുന്നു ഡോക്ടർ മേരി പുന്നൻ ലൂക്കോസ്. അവരാ അമ്മയേയും കുഞ്ഞിനേയും എടുത്തുയർത്തി തോണിയിലേക്ക് കയറ്റി. തോണിക്ക് പുറകെ പിന്നെയും തോണികൾ വന്നു കൊണ്ടിരുന്നു. ഇരുട്ടിനെ തോൽപ്പിക്കാനായി തോണികളിലൊക്കെയും ചെറു റാന്തൽ വിളക്കുകൾ കത്തുന്നുണ്ടായിരുന്നു. തോണി നിരകൾക്ക് പുറകെ കപ്പലുകളെത്തി. കപ്പലുകളിൽ നിറയെ വൈദ്യുതി വെളിച്ചവും, ജീവൻ രക്ഷാ ജാക്കറ്റുകളുയർത്തി കൊണ്ട് ആരോഗ്യപ്രവർത്തകരും ഉണ്ടായിരുന്നു.


സ്വപ്ന ജാഥ നീങ്ങിത്തുടങ്ങിയപ്പോൾ അനീഷയും അവരോടൊപ്പം ചേർന്നു.


കുഞ്ഞിന്റെയും അമ്മയുടെയും മുഖത്തെ പുഞ്ചിരിയിലേക്ക് നോക്കിക്കൊണ്ട് മേരി ഡോക്ടർ വാത്സല്യത്തോടെ പറഞ്ഞു. കുഞ്ഞേ, ചില രക്ഷപ്പെടലുകളുടെ ആകെ തുകയാണ് ജീവിതം. പിറവി തന്നെ വലിയൊരു രക്ഷപ്പെടലാണല്ലോ. ഒരുപാട് രക്ഷപ്പെടലുകളിലൂടെ നീന്തി വന്ന നിന്റെ മനസ്സിനും ശരീരത്തിനും എന്നും നീ തന്നെ ആയിരിക്കട്ടെ


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - ഡോ. ശബ്‌ന എസ്

contributor

Similar News

കടല്‍ | Short Story