അസ്തമിക്കാതെ കാര്‍മേഘം

കഥ

Update: 2022-09-22 12:02 GMT
Click the Play button to listen to article

മലവെള്ളം കയറിയ സ്ഥലങ്ങളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആളുകളെ മാറ്റാന്‍ മത്സ്യബന്ധന തൊഴിലാളികള്‍ പടിഞ്ഞാറന്‍ തീരപ്രദേശത്തുനിന്ന് ബോട്ടുകളുമായി വന്നിട്ടുണ്ടെന്ന വാര്‍ത്ത കേട്ട് അയാള്‍ ഭാര്യയോട് അത്യാവശ്യ സാധനങ്ങളുമായി തയ്യാറായി നില്‍ക്കാന്‍ പറഞ്ഞു.

'അവര്‍ പെട്രോള്‍ പമ്പിന്റെ ഭാഗത്ത് ആളുകളെ കാത്തുനില്‍ക്കുന്നുണ്ട്. നീ വേഗം റെഡിയാവ്'... അയാളുടെ ക്ഷമ നശിച്ചു.

സാമാന്യം തിരക്കുള്ള റോഡും ഇരുവശത്തെ വയലും കലുങ്കും തൊട്ടടുത്ത പെട്രോള്‍ സ്റ്റേഷനും ഏതാനും കടകളും ഉള്ള ആ ഭാഗം മലവെള്ളത്തില്‍ മൂടിപ്പോയത് അന്നാട്ടുകാര്‍ അന്താളിപ്പോടെ നോക്കി നില്‍ക്കുന്നതിനിടയില്‍ പച്ചയും നീലയും ചുവപ്പും നിറങ്ങളിലുള്ള ബോട്ടുകള്‍ ഓരോന്നായ് പതിയെ ഉലഞ്ഞാടി അവരുടെ അടുക്കലേക്ക് വന്നുകൊണ്ടിരുന്നു.


കാലിലേക്ക് അരിച്ചുകയറുന്ന തണുപ്പിന് ഭീതിയുടെ കനം കൂടിവരികയാണെന്ന് അപ്പോള്‍ അവിടെ കൂടിയ നാട്ടുകാര്‍ അസ്വസ്ഥപ്പെട്ടു. നിമിഷങ്ങള്‍ക്ക് നീളം വെക്കുന്ന ഉച്ചതിരിഞ്ഞ നേരത്ത് കാത്തുനില്‍ക്കുന്നവരിലേക്ക് കൂടുതല്‍ ആളുകള്‍ എവിടെ നിന്നൊക്കെയോ ഒലിച്ചിറങ്ങി.

ജലവിതാനത്തിന് മുകളില്‍ നിഴല്‍ പാകി കേന്ദ്രനാവികസേനയുടെ ഹെലികോപ്റ്റര്‍ ഭീമാകാര രാജാളിപ്പക്ഷിയെ പോലെ അപ്പോള്‍ അതുവഴി നിരീക്ഷണപ്പറക്കല്‍ നടത്തി.

ഒരു ബോട്ട് അടുത്ത് വരുന്നത് കണ്ടപ്പോള്‍ അതില്‍ ആദ്യം തന്നെ കയറി സ്ഥലം പിടിക്കാന്‍ അയാള്‍ തന്റെ ഭാര്യയെയും മക്കളെയും തടുത്തുകൂട്ടാനുള്ള വ്യഗ്രതയിലായി. ബോട്ടിലേക്ക് കയറാനുള്ള തിക്കും തിരക്കും നോക്കി അതിലേക്കെങ്ങിനെ പിടിച്ചുകയറുമെന്ന ചിന്തയാല്‍ അയാളുടെ ഭാര്യയുടെ കണ്ണുകളില്‍ ഭയം മൂടിയിരുന്നു. കുറച്ചുമാറി നിന്ന് കാഴ്ചകള്‍ കാണുകയായിരുന്ന മൂത്ത മകനെ അയാള്‍ കണ്ണുരുട്ടികാണിച്ച് വിളിച്ചുവരുത്തി...

സാമാന്യം ഉയര്‍ന്ന ഭാഗമായതുകൊണ്ട് തങ്ങളുടെ കരയിലേക്ക് വെള്ളം എത്തില്ല എന്ന പ്രതീക്ഷയുണ്ടായിരുന്നു അവര്‍ക്ക്. അതിനാല്‍, എല്ലാ സൗകര്യങ്ങളും ഉള്ള വീട്ടില്‍ നിന്ന്, കഴിഞ്ഞ ദിവസം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിപ്പോയവര്‍ക്കൊപ്പം ചേരാന്‍ അവര്‍ മടിച്ചു.

ഇന്ന് പുലര്‍ച്ചെ അയാളുടെ ഭാര്യ എഴുന്നേറ്റപ്പോഴാണ് കാണുന്നത്, ചുറ്റുമതില്‍ പാകിയ വീടിന്റെ അടുക്കളഭാഗത്ത് വെള്ളംകെട്ടിയിരിക്കുന്നു! വരുന്ന ദിവസങ്ങളില്‍ എന്താകും അവസ്ഥയെന്ന് പറയാന്‍ പറ്റില്ലെന്ന പലരുടെയും സംസാരങ്ങള്‍ അവരെ ഭീതിയിലാക്കി. അങ്ങനെയിരിക്കെയാണ് വൈകുന്നേരമായപ്പോള്‍ ആളുകളെ അക്കരെ എത്തിക്കുന്നതിനായി ബോട്ടുകള്‍ വരുന്നുണ്ടെന്ന് അറിഞ്ഞത്. അങ്ങനെ എല്ലാം വാരിവലിച്ച് കൂട്ടിക്കെട്ടി അയാളും ഭാര്യയും മക്കളുമായി ഓടിയെത്തുകയായിരുന്നു...

റെസ്‌ക്യൂ പ്രവര്‍ത്തകര്‍ ഓരോരുത്തരെയായി ബോട്ടില്‍ കയറ്റുകയാണ്. അതിരുകള്‍ മാഞ്ഞ്, ആകാശത്തിന്റെ ബ്ലൂപ്രിന്റ് പോലെ ഭീകരമായി പരന്നുകിടന്ന പ്രളയജലത്തിലൂടെ ബോട്ട് മെല്ലെ നീങ്ങി. ബോട്ട് ആടിയുലയുമ്പോഴൊക്കെ ജീവനില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ഓരോരുത്തരും ശ്രമിക്കുന്നുണ്ടായിരുന്നു...

അക്കരെ ഒരു ടെമ്പോ ട്രാവലര്‍ കാത്ത് കിടക്കുന്നു. ഏതോ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വകയിലുള്ളതെന്ന് തോന്നുന്നു. നേരത്തെ കരപറ്റിയ ആളുകളെ കൊണ്ട് നിറഞ്ഞതുകാരണമാവാം ബോട്ട് കരയ്ക്ക് അടിയുമ്പോഴേക്ക് ആ വാഹനം എടുത്തുപോയി. അധികം സമയം കാത്തുനില്‍ക്കേണ്ടി വന്നില്ല, മറ്റൊരു വാഹനം വന്നു. ഓരോരുത്തരും വാഹനത്തില്‍ ക്ഷമയോടെ കയറുന്നത് കണ്ട് അയാളുടെ ക്ഷമകെട്ടു. ടൗണിലെ ഗവ. യു.പി സ്‌കൂളിലെ ക്യാമ്പിലേക്കായി ആ വാഹനം പുറപ്പെട്ടു.

സ്‌കൂള്‍ ഗേറ്റ് കടന്ന് ട്രാവലര്‍ നിറുത്തിയപ്പോള്‍ ഓരോരുത്തരായി ഇറങ്ങാന്‍ തുടങ്ങി. അയാള്‍ ആദ്യം തന്റെ മകനെയും ഇളയ മകളെയും ഇറങ്ങാന്‍ സഹായിച്ചു, പിന്നെ ഭാര്യയെയും. അവിടെയുണ്ടായിരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ച വഴിയിലൂടെ അവര്‍ നീങ്ങി. പഴയ കെട്ടിടത്തിലുള്ള ആ കൊച്ചു സ്‌കൂളിന് താങ്ങാവുന്നതിലുമപ്പുറം ആളുകള്‍ അവിടെ തടിച്ചുകൂടിയത് കണ്ട് അയാള്‍ മൂക്കത്ത് വിരല്‍ വെച്ച് ഒരുനിമിഷം നിന്നുപോയി.

അതെസമയം തന്നെ, മാറ്റൊരു സൂക്ഷ്മനോട്ടത്തില്‍ അയാള്‍ അനിഷ്ടകരമായ കാഴ്ച കണ്ടതുപോലെ മുഖം തിരിച്ചുകളഞ്ഞു. പിന്നെ ഭാര്യയോട് സ്വകാര്യം പറഞ്ഞു, 'നമുക്കിവിടെയൊന്നും പറ്റില്ലടീ. വീട്ടിലേക്ക് തന്നെ തിരിച്ചുപോകാം...'

2

എന്തൂട്ടൊക്കെയാ മക്കളെ ഇവിടെ നടക്കണേ.. വിറയാര്‍ന്ന ശബ്ദത്തോടെ കരുണാനികേതനിലെ വൃദ്ധരായ അഗതികള്‍ ആരോടൊന്ന പോലെ സംസാരിക്കുന്നു... ദൈവകോപം തന്നെ, നാട് നശിക്കാണോ... അവര്‍ ചുണ്ടുകള്‍ വിറപ്പിച്ചുകൊണ്ടിരുന്നു.

പുഴ ഗതിമാറി ഒഴുകിയെന്നോ ഡാം തുറന്നെന്നോ ഒക്കെ കേള്‍ക്കുന്നുണ്ട്. അലറിയൊഴുകുന്ന വെള്ളം കരുണാനികേതനെ കീഴ്‌പെടുത്തുമോ എന്ന് സ്ഥാപനാധികൃതരെ ഭീതിയിലാഴ്ത്തി.

കരുണാനികേതന് മുന്നിലെ വലിയ കുളം നിറഞ്ഞുകവിഞ്ഞ് അതിന്റെ തടമതില്‍ തകര്‍ത്ത് കുതികുത്തിയൊഴുകി. മലവെള്ളം കോമ്പൗണ്ടിലേക്ക് പ്രവഹിച്ചു. അധികൃതര്‍ സമയം കളയാതെ തങ്ങളുടെ വാഹനങ്ങളില്‍ അന്തേവാസികളെ ടൗണിലെ യു.പി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു...

വല്ലാത്ത ദുരന്തം തന്നെ. നാടു നശിക്കാന്‍ പോകാണ്. മന്‍ഷ്യന്മാരുടെ ഹുങ്ക്. ചതി, അക്രമം, ദുര... എല്ലാം ഓരോന്ന് വരുത്തിവെക്കാണ്.. ദൈവമേ കാക്കണേ... സ്‌കൂള്‍ വരാന്തയില്‍ ചാരിയിരുന്ന് വേപഥുവുണ്ണുന്ന ആ വൃദ്ധരുടെ വേവലാതികളും എണ്ണിപ്പെറുക്കലുകളും കരുണാഭവനില്‍ ശീലിച്ചുപോന്ന പ്രാര്‍ഥനകളായി വലയം പ്രാപിച്ചു.

വാഹനങ്ങളില്‍ നിറയെ ആളുകള്‍ വീണ്ടും വീണ്ടും വരുന്നതും ആളുകളെ ഇറക്കിയശേഷം വാഹനങ്ങള്‍ തിരക്കുപിടിച്ച് തിരിച്ചുപോകുന്നതുമൊക്കെ അവര്‍ വെറുതെ നോക്കിക്കൊണ്ടിരുന്നു...

സ്‌കൂള്‍ഗേറ്റ് തുറന്നുവന്ന ഒരു വാഹനത്തില്‍ നിന്ന് ആളുകള്‍ ഇറങ്ങുന്നത് നോക്കികൊണ്ടിരിക്കെ ഒരു പെണ്‍കുട്ടിയുടെ കുസൃതിച്ചാട്ടം ശ്രദ്ധയില്‍ പെട്ട്, കുമ്മായത്തൂണില്‍ ചാരിയിരിക്കുന്ന ഒരു വൃദ്ധ അങ്ങോട്ട് സാകൂതം നോക്കി. ആ പെണ്‍കുട്ടിക്ക് പിന്നാലെ ആരൊക്കെയാണ് ഇറങ്ങിവരുന്നതെന്ന ആകാംക്ഷ ആ നോട്ടത്തിലുണ്ടായിരുന്നു. പുരികറ്റങ്ങള്‍ രണ്ടും നടുവിലേക്ക് ചുളിച്ച് അവര്‍ തന്റെ ദൃഷ്ടി വ്യക്തമാക്കാന്‍ കിണഞ്ഞുശ്രമിച്ചു. അവ്യക്തമെങ്കിലും തന്റെ പ്രിയപ്പെട്ട മകനും കുടുംബവുമാണല്ലോ അതെന്ന് അവരുറപ്പിച്ചു. ആ വൃദ്ധ ആഹ്ലാദഭരിതയായി. മനസ്സില്‍ പ്രതീക്ഷയുടെ വേരുകള്‍ക്ക് മുളപൊട്ടി. ഒരു തണുത്ത കാറ്റ് മാതൃഹൃദയത്തിലേക്ക് അരിച്ചിറങ്ങി. അന്നേരം അവരുടെ കണ്ണില്‍ നിന്ന് വാത്സല്യത്തിന്റെ മുത്തുകള്‍ പൊഴിഞ്ഞു.

സന്തോഷം കൊണ്ട് വിറയ്ക്കുന്ന കൈകളാല്‍ കണ്ണുകള്‍ തുടച്ച് ഒന്നുകൂടി അവരെ കണ്ട ഭാഗത്തേക്ക് നോക്കി. അവരെവിടെ? ആ വൃദ്ധനയനങ്ങള്‍ പരക്കം പാഞ്ഞു. ഒന്നുമില്ല.. ആരുമില്ല... എല്ലാം വെറുതെ തോന്നിയതാവും എന്ന തേങ്ങലോടെ ആ വൃദ്ധ കുമ്മായത്തൂണില്‍ ചാരിയിരുന്ന് ബഹളങ്ങളിലേക്ക് വെറുതെ ചെവിപാര്‍ത്തിരുന്നു. കണ്ണുകളില്‍ അപ്പോള്‍ വീണ്ടും കാര്‍മേഘം ഉരുണ്ടുകൂടിയിരുന്നു.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അനസ് മാള

Writer, Poet

Similar News

കടല്‍ | Short Story