ഞാൻ കണ്ട 'ഹഗിയാസോഫിയ' എന്ന 'ഹയാസോഫിയ'

ഷാജി ഹനീഫ് എഴുതുന്ന ഇസ്താംബൂൾ യാത്രാനുഭവം

Update: 2022-09-21 13:52 GMT
Click the Play button to listen to article

എന്നെയും വഹിച്ചുള്ള എമിറേറ്റിന്റെ വിമാനം ഇസ്താൻബൂളിലിറങ്ങുമ്പോൾ നേരം പകൽ ഏഴ് മണിയായിരുന്നു. കാത്തിരുന്ന കൂട്ടുകാരൻ തഖിയുദ്ദീൻ ബൈരക്ത്യാർ 'മൽത്തിപെ' സിഗരറ്റ് ഒരു കൂട് വലിച്ചു തീർത്തിരുന്നു. കവാടത്തിന്റെ ഇടതു വശം പ്രതീക്ഷാകണ്ണോടെ നിന്നിരുന്ന അവൻ കണ്ടപാടെ കെട്ടിപ്പിടിച്ച് തുർക്കി അറബിയിൽ വിശേഷങ്ങൾ തിരക്കി.


അവന് എന്നെ വലിയ ഇഷ്ടമാണ്, ഞങ്ങൾ തമ്മിൽ വെറും കച്ചവടബന്ധം മാത്രമല്ല, ഇന്നിപ്പോഴും എന്റെ ഫേയ്സ്ബുക്കിൽ ഞാനിടുന്ന മലയാള കവിതകൾക്ക് പോലും ലൈക്കടിച്ച് 'മാശാ അല്ലാഹ്' എന്നവൻ പറയും. ദുബായിൽ വരുമ്പോൾ ബബിയുടെ (എന്റെ ശ്രീമതി) എരിവും പുളിയുമുള്ള മീഞ്ചാറ് കൂട്ടി ഞങ്ങളോടൊപ്പം ചോറുണ്ണും. എരിവിൽ പൊള്ളിയ ചുണ്ടും ചിരിയുമായി അപ്പോഴും സ്നേഹത്തോടെ നന്ദി പറഞ്ഞ് ബാൽക്കണിയിൽ പോയി കാറ്റുള്ളിടത്തേക്ക് മുഖം തിരിച്ച് തണുത്ത കാറ്റിൽ തമിപ്പിക്കും.


എപ്പോഴും ക്ഷണിക്കും, അവന്റെ വീട്ടിലേക്ക്. പല അസൗകര്യങ്ങളാൽ പലപ്പോഴും എന്റെ സഹയാത്രികയെ കൂട്ടാനാകാറില്ല. പിന്നീടുള്ള യാത്രകളിൽ അവളുമുണ്ട്. സ്വന്തം വാഹനത്തിലല്ലായിരുന്നു അന്നവൻ വന്നത്.


കൂടെ വന്ന ടാക്സിക്കാരന്റെ രൂപം എന്നിൽ കൗതുകമായി. ഒരു അദ്നാൻ സാമി. അതിനാലാകാം എനിക്കയാളെ ഇഷ്ടമായത്. പണ്ടൊരിക്കൽ സുഹൃത്ത് റഫീക്ക് തന്ന വി.എെ.പി ടിക്കറ്റിൽ ജുമേറാ ബീച്ച് ഹോട്ടലിലെ മുൻനിരയിലിരുന്ന് അദ്നാനേയും ആശാ ബോൺസലയേയും മൻസൂർ അലി ഖാനേയും കേൾക്കാനുള്ള ഭാഗ്യമുണ്ടായി.


തുടുത്ത കവിളുള്ള അയാൾ ' *ഹോസ്ഗ്ലാൻസിന്* ' എന്നോ എന്തോ പറഞ്ഞു, അത് സ്വാഗതമാശംസിച്ചതാണെന്ന് കൂട്ടുകാരൻ തക്കി പരിഭാഷപ്പെടുത്തി. ടാക്സി ഡൈ്രവറായ അദ്നാൻ സാമിയുടെ യഥാർഥ പേര് 'തജയ്' എന്നാണ്. അയാൾക്ക് തുർക്കിഷല്ലാതെ വേറൊരു ഭാഷയുമറിയില്ല, തുർക്കിക്ക് പുറത്ത് പോയിട്ടുമില്ല!


വണ്ടിയിൽ കയറി, കൂട്ടുകാരൻ തക്കി എന്റെ വാസത്തിന് ഏർപ്പാടാക്കിയ *ഗ്രാന്റ് എമിർ* എന്ന ഹോട്ടലിലേക്ക് എയർപോർട്ടിൽ നിന്നും ഇരുപത് കിലോമീറ്റർ ദൂരമേ ഉള്ളൂ എങ്കിലും ട്രാഫിക് ജാം കാരണം എത്താൻ ഒരു മണിക്കൂറിലേറെയെടുത്തു. വണ്ടിക്കുള്ളിൽ ഒരു നോട്ടീസുണ്ട്, ടാക്സിയിൽ സിഗരറ്റ് വലിച്ചാൽ അൻപത് 'ലിറ' പിഴയെന്ന്. പക്ഷേ, ഡൈ്രവറും തക്കിയും അതൊന്നും ഗൗനിക്കാതെ നന്നായി വലിച്ചുകൊണ്ടിരുന്നതിനാൽ ശ്വാസം മുട്ടി ഞാൻ ജാലകം തുറന്നു. തെരുവുകളപ്പോഴും സജീവമായിരുന്നു. തെരുവോരങ്ങളിലെങ്ങും വിവിധ വർണങ്ങളിലുള്ള തുളിപ്പ്  പൂക്കൾ വിരിഞ്ഞും കൂമ്പിയും നിൽക്കുന്നുണ്ടായിരുന്നു.


(തുടരും)




Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - ഷാജി ഹനീഫ്

Writer

Similar News

കടല്‍ | Short Story