പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ 3.5 സെക്കൻഡ്; മണിക്കൂറിൽ പരമാവധി 250 കിലോമീറ്റർ വരെ വേഗത- ബിഎംഡബ്ലൂവിന്റെ പുതിയ അവതാരം ഇന്ത്യയിൽ
വാഹനത്തിന്‍റെ സുരക്ഷയിലേക്ക് വന്നാൽ ആറ് എയർ ബാഗുകൾ, എബിഎസ്, ഡൈനാമിക്ക് സ്റ്റെബിലിറ്റി കൺട്രോൾ (ഡിഎസ്‌സി), കോർണറിങ് ബ്രേക്ക് കൺട്രോൾ (സിബിസി) എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.
ബിഎംഡബ്യൂ എന്ന ജർമൻ ആഡംബരത്തോട് ഇന്ത്യക്കാർക്ക് എന്നും ഒരു പ്രത്യേക ഇഷ്ടമാണ്. ചില മോഡലുകളൊഴികെ അവരുടെ മിക്ക മോഡലുകളും ഇന്ത്യയിൽ ബിഎംഡബ്യൂവിന്റെ പ്രതീക്ഷയ്ക്കപ്പുറം വിജയമായിട്ടുണ്ട്. ഇപ്പോൾ അവരുടെ ഏറ്റവും പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ബിഎംഡബ്ലൂ എം-4 കോംപറ്റീഷനാണ് അവർ ഇന്ത്യയിലെ ഏറ്റവും പുതിയ മോഡൽ. ആഗോള വിപണിയിൽ 2020 സെപ്റ്റംബറിൽ തന്നെ അവതരിപ്പിച്ചെങ്കിലും ഇന്ത്യയിൽ അവതരിപ്പിക്കാൻ വൈകുകയായിരുന്നു.
എം-4 ന്റെ കരുത്ത് ബിഎം ആരാധാകർക്ക് പരിചിതമായതു കൊണ്ട് തന്നെ കോംപറ്റീഷൻ മോഡലിനും ആ കരുത്ത് ചോരാൻ പാടില്ലല്ലോ, അതുകൊണ്ട് തന്നെ ആറ് സിലിണ്ടറുള്ള സ്‌ട്രെയ്റ്റ് സിക്‌സ് പെട്രോൾ എഞ്ചിനാണ് ഈ മോഡലിന് നൽകിയിരിക്കുന്നത്. ഇരട്ട ടർബോ ചാർജഡ് ഈ 3.0 ലിറ്റർ എഞ്ചിന് 510 ബിഎച്ച്പി പവറും 650 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും. അതേസമയം ബിഎംഡബ്യൂ എക്‌സ്3എമ്മിൽ അവതരിപ്പിച്ച അതേ എഞ്ചിനിൽ ട്യൂണിങിൽ മാറ്റം വരുത്തിയാണ് ഈ എഞ്ചിൻ അവതരിപ്പിച്ചിരിക്കുന്നത്.
പഴയ എം4 ൽ ഉണ്ടായിരുന്ന 8 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്‌സിന് പകരം 7 സ്പീഡ് ഡിസിറ്റി യൂണിറ്റാണ് നൽകിയിരിക്കുന്നത്. വമ്പൻ പവർഹൗസായ ഈ എഞ്ചിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 3.5 സെക്കൻഡുകൾ മതി. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ പായാനും സാധിക്കും.
വാഹനത്തിന്റെ ഡിസൈനും വളരെയധികം ചർച്ച ചെയ്യപ്പെട്ടതാണ്. ചിലർ ഡിസൈൻ കണ്ട് നെറ്റി ചുളിച്ചെങ്കിലും ഭൂരിഭാഗം പേർക്കും പുതിയ എം4 ന്റെ ഡിസൈൻ ഇഷ്ടപ്പെട്ടെന്നാണ് സമൂഹമാധ്യമ കമന്റുകൾ വ്യക്തമാക്കുന്നത്.
അകത്തേക്ക് വന്നാൽ സ്‌പോർട്‌സ് സീറ്റുകളും സ്‌പോർട്ടിയായ സ്റ്റിയറിങ് വീലും പുതിയ എന്നാൽ സ്‌പോർട്ടി ലുക്ക് കൈവിടാത്ത 12.3 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നൽകിയിട്ടുണ്ട്. 10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം, മൂന്ന് സോണുകളുള്ള ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ എസി, 16 സ്പീക്കറുള്ള ഹർമൻ സിസ്റ്റം, ആംബിയന്റ് ലൈറ്റിങ്, ഹെഡ് അപ്പ് ഡിസ്‌പ്ലെ, മെമ്മറി ഫങ്ഷനോട് കൂടിയ പവേർഡ് സീറ്റുകൾ എന്നിങ്ങനെ ഫീച്ചറുകളാൽ സമൃദ്ധമാണ് ഇന്റീരിയർ. സുരക്ഷയിലേക്ക് വന്നാൽ ആറ് എയർ ബാഗുകൾ, എബിഎസ്, ഡൈനാമിക്ക് സ്റ്റെബിലിറ്റി കൺട്രോൾ (ഡിഎസ്‌സി), കോർണറിങ് ബ്രേക്ക് കൺട്രോൾ (സിബിസി) എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.
1.44 കോടി രൂപയാണ് വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില.