ആദ്യത്തെ മാരുതി 800 തങ്ങളുടെ ആസ്ഥാനത്ത് 'ചില്ലിട്ട് വച്ച്' മാരുതി സുസുക്കി
ഹർപാൽ സിങ് എന്നയാളാണ് ആദ്യത്തെ മാരുതി 800 ന്റെ താക്കോൽ ഇന്ദിരാഗാന്ധിയിൽ നിന്ന് വാങ്ങിയത്.
മാരുതി 800 എന്ന കാറിന്റെയത്രയും ഇന്ത്യക്കാരുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന മറ്റൊരു വാഹനമില്ലെന്ന് തന്നെ പറയാം. എസ്.എസ് 80 എന്ന പേരിൽ 1983 ൽ ആദ്യമായി പുറത്തിറങ്ങിയ മാരുതി 800 എന്ന കുഞ്ഞൻ കാർ ഇന്ത്യൻ ചരിത്രത്തിൽ പുതിയ ഏടുകൾ എഴുതിച്ചേർത്തു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് വാഹനം പുറത്തിറക്കിയത്. ഇന്നും ഇന്ത്യൻ വാഹനപ്രേമികളുടെ ഓർമയുടെ ഷോക്കേസിൽ ആ ചിത്രമുണ്ടാകും.
ഹർപാൽ സിങ് എന്നയാളാണ് ആദ്യത്തെ മാരുതി 800 ന്റെ (അന്ന് മാരുതി ഉദ്യോഗ് ലിമിറ്റഡ്) താക്കോൽ ഇന്ദിരാഗാന്ധിയിൽ നിന്ന് വാങ്ങിയത്. ഡിഐഎ 6479 എന്നതായിരുന്നു ആ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ. 2010 ൽ മരിക്കുന്നത് വരെ ഹർപാൽ സിങ് വാഹനം സംരക്ഷിച്ചിരുന്നു.
അതിന് ശേഷം അദ്ദേഹത്തിന്റെ വീടിന് പുറത്ത് വാഹനം സംരക്ഷണമില്ലാതെ കിടന്ന് നശിക്കാൻ ആരംഭിച്ചിരുന്നു. അതിനെ തുടർന്ന് രാജ്യത്തുടനീളം നിരവധി പേർ വാഹനം സംരക്ഷിക്കണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. മാരുതി സുസുക്കിയും ഇത്തരത്തിൽ ഈ വാഹനം സംരക്ഷണം ഇല്ലാതെ കിടക്കുന്ന ചിത്രം ശ്രദ്ധിച്ചിരുന്നു.
അതിനെ തുടർന്ന് മാരുതി സുസുക്കിയുടെ സഹായത്തോടെ വാഹനത്തിന്റെ ഇപ്പോഴത്തെ ഉടമകൾ ഡിഐഎ 6479 എന്ന ആ ചരിത്രത്തെ പൂർണമായും റിസ്റ്റോർ ചെയ്യുകയായിരുന്നു.
മാരുതി തന്നെ മുൻകൈയെടുത്ത് എല്ലാ സ്‌പെയർ പാർട്‌സുകളും ലഭ്യമാക്കുകയായിരുന്നു. എന്നാൽ പുറത്തിറങ്ങിയിട്ട് 39 വർഷങ്ങൾ കഴിഞ്ഞതിനാൽ വാഹനം ഇപ്പോൾ റോഡിൽ ഓടിക്കാനുള്ള അവസ്ഥയില്ലയുള്ളത്. അതിനെ തുടർന്ന് വാഹന പ്രേമികൾക്കായി ഈ ചരിത്രത്തെ അവരുടെ ഡൽഹിയിലെ ആസ്ഥാനത്ത് സൂക്ഷിച്ചുവെക്കാൻ മാരുതി തീരുമാനിക്കുകയായിരുന്നു.
1983 ൽ തുടങ്ങി 2014 വരെ 800 എന്ന മോഡൽ മാരുതി സുസുക്കി നിർമിച്ചിരുന്നു. ആധുനിക സൗകര്യങ്ങളൊന്നുമില്ലെങ്കിലും ഇന്നും ഇന്ത്യൻ റോഡുകളിൽ വിലസുന്നുണ്ട് മാരുതി സുസുക്കി 800.