അതിവേഗം അഞ്ച് ലക്ഷം യൂണിറ്റുകൾ കടന്ന് കിയ
സഹോദര സ്ഥാപനമായ ഹ്യുണ്ടായ് തെളിച്ച വഴികളിൽ നിന്നെല്ലാം മാറി നടന്നാണ് കിയ ഇന്ത്യക്കാരുടെ ഹൃദയത്തിൽ കടന്നു കയറിയത്.
പല വിദേശ കാർ കമ്പനികളും സുല്ലിട്ട ഇന്ത്യൻ വാഹനവിപണിയിൽ അത്ഭുതം സൃഷ്ടിച്ച വിദേശ ബ്രാൻഡിന്റെ പേരാണ് കിയ. സഹോദര സ്ഥാപനമായ ഹ്യുണ്ടായ് തെളിച്ച വഴികളിൽ നിന്നെല്ലാം മാറി നടന്നാണ് കിയ ഇന്ത്യക്കാരുടെ ഹൃദയത്തിൽ കടന്നു കയറിയത്. 2019 ഓഗസ്റ്റ് 22 നാണ് കിയ സെൽറ്റോസ് എന്ന എസ്.യു.വിയുമായി കടന്നുവന്നത്. ആ വിലയ്ക്ക് അന്നു വരെ നൽകിയിരുന്ന മറ്റു കമ്പനികളുടെ വാഹനങ്ങളുടെയെല്ലാം ഫീച്ചറുകളുടെയെല്ലാം മറികടക്കുന്നതായിരുന്നു സെൽറ്റോസിൽ വന്നത്. പിന്നാലെ കോംപാക്ട് എസ്.യു.വിയായ സോണറ്റും വന്നതോടെ കിയ അവരുടെ പേര് ഒരിക്കൽ കൂടി അരക്കിട്ടുറപ്പിച്ചു. ഇപ്പോൾ ഇന്ത്യയിൽ വന്ന് മൂന്ന് വർഷത്തിനുള്ളിൽ 5 ലക്ഷം വാഹനങ്ങൾ വിൽക്കുക എന്ന നാഴികകല്ല് കടന്നിരിക്കുകയാണ് കിയ.
ഇന്ത്യയിൽ എത്രയും പെട്ടെന്ന് ഈ നേട്ടം കൈവരിച്ച കാർ നിർമാതാക്കളാണ് തങ്ങളെന്നാണ് കിയയുടെ അവകാശവാദം. കിയയുടെ ആഗോള വിൽപ്പനയിൽ ആറ് ശതമാനവും സംഭാവന ചെയ്യുന്നത് ഇന്ത്യൻ മാർക്കറ്റാണ്.
2020 ജൂലൈയിൽ തന്നെ ഒരു ലക്ഷം യൂണിറ്റ് എന്ന നാഴികകല്ല് അവർ മറികടന്നിരുന്നു. ഏറ്റവും വേഗത്തിൽ നാല് ലക്ഷം കാറുകൾ എന്ന നാഴികകല്ല് മറികടന്ന റെക്കോർഡും കിയക്ക് സ്വന്തമാണ്.
അഞ്ച് ലക്ഷം കാറുകൾ എന്ന നാഴികകല്ലില്ലെത്തിയ കിയയുടെ വിൽപ്പനയിൽ 59 ശതമാനവും എസ്.യു.വി സെഗ്നമെന്റിലെ സെൽറ്റോസാണ്. രണ്ടാം സ്ഥാനത്തുള്ളത് 32 ശതമാനം വിൽപ്പന നേടിയ കോംപാക്ട് എസ്.യു.വിയായ സോണറ്റാണ്. മുന്നാമതുള്ളത് 30,953 യൂണിറ്റുകൾ വിറ്റ് ആകെ വിൽപ്പനയുടെ 6.5 ശതമാനം നേടിയ എംപിവിയായ കാരൻസാണ്. കാരൻസ് ഈ വർഷമാണ് നിരത്തിലിറങ്ങിയത്. പ്രീമിയം സെഗ്മെന്റിലെ കാർണിവൽ പ്രതിമാസം 400 യൂണിറ്റും വിൽക്കുന്നുണ്ട്.
ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മിഡ് സൈസ് എസ്.യു.വികളിൽ ഹ്യുണ്ടായി ക്രെറ്റക്ക് പിറകിൽ രണ്ടാം സ്ഥാനത്താണ് സെൽറ്റോസ്. ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കോംപാക്ട് എസ്.യു.വികളിൽ ആദ്യ അഞ്ചു സ്ഥാനത്തിനുള്ളിൽ കിയ സോണറ്റുണ്ട്.
അഞ്ച് ലക്ഷം കാറുകളാണ് ഉപഭോക്താവിലേക്ക് എത്തിയതെങ്കിലും ആന്ധ്രപ്രദേശിലെ കിയ പ്ലാന്റിൽ നിന്ന് കയറ്റുമതി അടക്കം 6,34,224 യൂണിറ്റ് വാഹനങ്ങൾ നിർമിച്ചിട്ടുണ്ട്.
സെൽറ്റോസ്, സോണറ്റ്, കാരൻസ്, കാർണിവൽ, ഇവി 6 എന്നിവയാണ് ഇപ്പോൾ ഇന്ത്യയിൽ ലഭ്യമായ കിയ മോഡലുകൾ.