ഇലക്ട്രിക് ബൈക്കുമായി ഒല; ആഗസ്റ്റ് 15ന് അവതരിപ്പിക്കും
ടീസർ പുറത്തുവിട്ട് കമ്പനി
രാജ്യത്തെ മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒല ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുന്നു. ബൈക്കിന്റെ ടീസർ പുറത്തുവിട്ടു. ആഗസ്റ്റ് 15ന് വാഹനം അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.
ടീസർ വിഡിയോയിൽ ബൈക്കിന്റെ മുൻഭാഗമാണ് കാണിക്കുന്നത്. ചതുരാകൃതിയിലുള്ള എൽ.ഇ.ഡി ഹെഡ്‍ലാംപും സംയോജിത എൽ.ഇ.ഡി ഡി.ആർ.എല്ലും ഇതിൽ കാണാം. ബൈക്കിൽ ചെറിയ വിൻഡ് സ്ക്രീനും വീതിയേറിയ ഹാൻഡിൽബാറുമാണുള്ളത്.
പുതിയ ബൈക്കിന്റെ സാങ്കേതിക വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഇലക്ട്രിക് മോട്ടോർ, ബാറ്ററി പാക്ക് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ആഗസ്റ്റ് 15ന് ലഭ്യമാകുമെന്നാണ് കരുതുന്നത്.
ഇലക്ട്രിക് ബൈക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഒല ഇലക്ട്രിക് ഏറെക്കാലമായി ആരംഭിച്ചിട്ട്. തങ്ങളുടെ ആദ്യ ഇലക്ട്രിക് ബൈക്ക് 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യത്തിൽ പുറത്തിറക്കുമെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് കമ്പനി പ്രഖ്യാപിച്ചിരുന്നു.
ക്രൂയിസെർ, അഡ്വഞ്ചർ, റോഡ്സ്റ്റർ, ഡയമണ്ട്ഹെഡ് തുടങ്ങിയ കൺസപ്റ്റ് മോഡലുകൾ കഴിഞ്ഞവർഷം ഒല ഇലക്ട്രിക് അവതരിപ്പിച്ചിരുന്നു. കൂടാതെ ഈയടുത്തായി രണ്ട് ഇലക്ട്രിക് ബൈക്കുകളുടെ ഡിസൈൻ പാറ്റന്റും കമ്പനി ഫയൽ ചെയ്തിട്ടുണ്ട്.