കാർഗോ ഇലക്ട്രിക് ത്രീ-വീലർ അവതരിപ്പിച്ച് മഹീന്ദ്ര; വില 1.44 ലക്ഷം
മഹീന്ദ്ര ഇ-ആൽഫ ഇലക്ട്രിക്, ഡീസൽ കാർഗോ ത്രീ-വീലറുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിവർഷം 60,000 രൂപ വരെ ഇന്ധനച്ചെലവിൽ ലാഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം
ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണിയിൽ മുന്നേറ്റമുണ്ടാക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി. ഇപ്പോഴിതാ പുതിയ ഇ- ആൽഫ ഇലക്ട്രിക് ത്രീ വീലർ കാർഗോ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 1.44 ലക്ഷം രൂപ (എക്സ്ഷോറൂം) വിലയിലാണ് വാഹനം വിപണിയിൽ എത്തിച്ചിരിക്കുന്നത്.
മഹീന്ദ്ര ഇ-ആൽഫ ഇലക്ട്രിക് ഒരു ഡീസൽ കാർഗോ ത്രീ-വീലറുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിവർഷം 60,000 രൂപ വരെ ഇന്ധനച്ചെലവിൽ ലാഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ഡ്യുവൽ സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് വാഹനം വരുന്നത്. ഉയർന്ന ടോർക്ക് ഗിയർ ഉപയോഗിക്കുമ്പോൾ 1.5 കിലോവാട്ട് പീക്ക് പവർ ഉത്പാദിപ്പിക്കുന്നു. ഒറ്റ ചാർജിൽ 80 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. കൂടാതെ ഒരു ഓഫ്-ബോർഡ് 48 V/15 A ചാർജർ വഴി അത് ചാർജ് ചെയ്യാനും സാധിക്കും.
ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇത് വാഹനത്തിന്റെ റേഞ്ച്, വേഗത, ചാർജിന്റെ അവസ്ഥ എന്നിവയെക്കുറിച്ചുള്ള ഉപയോഗപ്രദമായ വിവരങ്ങൾ പ്രദർശിപ്പിക്കും.