മസ്കിന് മനംമാറ്റം; ആദ്യ പരസ്യവുമായി ടെസ്‍ല
തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പണം ചിലവഴിച്ച് പരസ്യം നൽകില്ലെന്ന് സ്ഥാപകനായ ഇലോൺ മസ്‌ക് തുടക്കം മുതൽ തന്നെ നിലപാട് സ്വീകരിച്ചിരുന്നു
ലോകത്തിന്റെ ഇലകട്രിക് വാഹനസങ്കൽപ്പങ്ങൾക്ക് പൂർണത നൽകിയ ആഗേള ടെക്ഭീമൻമാരാണ് ടെസ്‌ല. എന്നാൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പണം ചിലവഴിച്ച് പരസ്യം നൽകില്ലെന്ന് സ്ഥാപകനായ ഇലോൺ മസ്‌ക് തുടക്കം മുതൽ തന്നെ നിലപാട് സ്വീകരിച്ചിരുന്നു. പരസ്യത്തിനായി മുടക്കുന്ന പണം ടെസ്‌ലയെ കൂടുതൽ മികവുറ്റതാക്കാൻ ഉപയോഗിക്കുമെന്ന് പല തവണ മസ്‌ക് വ്യക്തമാക്കിയതുമാണ്. ഇപ്പോഴിതാ ആദ്യമായി ഒരു പരസ്യം നിർമ്മിച്ചിരിക്കുകയാണ് ടെസ്‌ല.
കമ്പനിയുടെ സുരക്ഷയെ എടുത്തു കാണിക്കുന്നതാണ് ആദ്യ പരസ്യം. കമ്പനിക്കായി പരസ്യം വേണമെന്ന് നേരത്തെ നിക്ഷേപകർ പലതവണ ആവശ്യമുന്നിയിച്ചിരുന്നു. എന്നാൽ അപ്പോഴെല്ലാം അതിനെ തള്ളിക്കളയുകയാണ് മസ്‌ക് ചെയ്തത്. എന്നാൽ ഈ വർഷം തുടക്കത്തിൽ നടന്ന വാർഷിക സമ്മേളനത്തിനിടെയാണ് ടെസ്ലയും പരസ്യം നൽകുമെന്ന സൂചന മസ്‌ക് നൽകുന്നത്. ജൂൺ മുതൽ തന്നെ ചെറിയ രീതിയിൽ ഗൂഗിൾ വഴി ടെസ്ല പരസ്യം നൽകി തുടങ്ങിയിരുന്നു.
Tesla Youtube ad!
— Nicklas 🇸🇪🚗T🐂📈🍀♻️🚀 (@NicklasNilsso14) November 16, 2023
Between two short stories on Youtube!
Is it the first one? pic.twitter.com/2avWxPQpU3
എന്നാലിപ്പോഴിതാ ഒരു വിഡിയോ പരസ്യം തന്നെ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. സമൂഹമാധ്യമങ്ങളിലും ടെലിവിഷൻ ചാനലുകളിലും പ്രദർശിപ്പിക്കാൻ അനുയോജ്യമായ പരസ്യമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. റോഡിലുള്ള ഓരോ ടെസ്ല വാഹനങ്ങളുടേയും സൂഷ്മ വിവരങ്ങൾ വരെ കമ്പനിയുടെ പക്കലുണ്ട്. എത്ര ദൂരത്തിലാണ് ഡ്രൈവർ സീറ്റുകളുള്ളതെന്നും അപകടം സംഭവിച്ചാൽ എത്രാമത്തെ മില്ലിസെക്കൻഡിലാണ് എയർബാഗ് പുറത്തേക്കു വരുന്നതെന്നതും അടക്കമുള്ള വിവരങ്ങൾ ടെസ്ലക്ക് അറിയാം. 32 സെക്കന്റ് ദൈർഘ്യമുള്ള യുട്യൂബ് വിഡിയോ അവസാനിക്കുന്നത് ടെസ്ലയുടെ മോഡൽ 3 ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള സ്‌ക്രീനിലാണ്.