ഹിൽ ഹോൾഡ് കൺട്രോൾ, ഹൈപ്പർ ചാർജിങ് ; സോഫ്റ്റ്‌വെയർ അപ്‌ഡേഷനുമായി ഒല
കൂടുതൽ ഫീച്ചറുകളുമായി മൂവ്ഒഎസ്3.0 ( MoveOS3 ) അപ്‌ഡേഷൻ അടുത്ത ആഴ്ച്ച മുതൽ ലഭ്യമാവും
ഇന്ത്യയിൽ ഇരുചക്ര വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ബ്രാൻഡിന്റെ പേര് ഒല എന്നാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവികളിൽ ഒന്നായി അതിവേഗം വളരാൻ ഒല എന്ന സ്റ്റാർട്ട്അപ്പിനായി. നിലവിൽ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കുന്ന കമ്പനി വാഹനങ്ങളിലെ മൂവ്ഒഎസ്3 ( MoveOS3 ) അപ്‌ഡേഷൻ അടുത്തയാഴ്ച മുതൽ ലഭ്യമാകുമെന്ന് കമ്പനി സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു.
എസ്1 എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ലോഞ്ചിൽ ആദ്യം പ്രഖ്യാപിച്ച ഫീച്ചറുകൾ ഇത്തവണത്തെ സോഫ്റ്റ്‌വെയർ പരിഷ്‌ക്കാരത്തിൽ കമ്പനി ചേർത്തിട്ടുണ്ട്. സ്‌കൂട്ടറിന് ഹിൽ ഹോൾഡ് കൺട്രോൾ ലഭിക്കുന്നതാണ് ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റായി പറയാവുന്നത് ഇത് വാഹനത്തിന് കയറ്റംകയറാനുള്ള കഴിവ് എളുപ്പമാക്കും. ഇറക്കത്തിൽ വാഹനം പിന്നോട്ട് പോവാതിരിക്കാനാണ് ഹിൽ ഹോൾഡ് കൺട്രോൾ സാധാരണയായി ഉപയോഗിക്കാറുള്ളത്.
പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ഹൈപ്പർചാർജിങ് പ്രാപ്തമാക്കിയതിനാൽ സ്‌കൂട്ടർ 15 മിനിറ്റിനുള്ളിൽ 50 കിലോമീറ്റർ വരെ ഓടുന്ന ശേഷിയിൽ ചാർജ് ചെയ്യാൻ കഴിയും. പ്രോക്സിമിറ്റി അൺലോക്കുമുണ്ട്. അതിനാൽ സ്‌കൂട്ടർ അൺലോക്ക് ചെയ്യുന്നതിന് പിൻ കോഡ് നൽകുകയോ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുകയോ ചെയ്യേണ്ടതില്ല. സ്‌കൂട്ടറിന് മൊബൈൽ ഫോൺ തിരിച്ചറിയാനും സ്‌കൂട്ടർ സ്വയമേവ അൺലോക്ക് ചെയ്യാനും കഴിയും. കൂടാതെ കോൾ അലേർട്ടുകളും സ്വയമേവയുള്ള മറുപടികളും ഉണ്ട്. പ്രൊഫൈലുകളും വിജറ്റുകളും പാർട്ടി മോഡ് ഫീച്ചറും ഓല ചേർത്തിട്ടുണ്ട്. വേഗത കുറയ്ക്കുമ്പോൾ സ്‌കൂട്ടറിന്റെ ബാറ്ററി ചാർജ് ചെയ്യുന്ന മൂന്ന് റീജൻ മോഡുകളും ഉണ്ട്.
മൂന്ന് മോഡലുകൾക്ക് റഫറൽ പ്രോഗ്രാമും കഴിഞ്ഞ ദിവസം കമ്പനി പ്രഖ്യാപിച്ചിരിന്നു. വിൽപന വർധിപ്പിക്കാനായി ആളുകളെ ശുപാർശ ചെയ്യുന്ന പുതിയ പദ്ധതിയാണ് ബ്രാൻഡ് പരിചയപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതിയിലൂടെ 4500 രൂപ വരെ നേടാനാവും. ഇതിനായി ഓല സ്‌കൂട്ടർ വാങ്ങിയ ഒരു ഉപഭോക്താവിന് തന്റെ സുഹൃത്തുക്കൾക്കോ കുടുംബത്തിനോ ഇലക്ട്രിക് സ്‌കൂട്ടർ ശുപാർശ ചെയ്യാം. ഇതിനായി ഓലയുടെ വെബ്‌സൈറ്റിൽ ഒരു പ്രത്യേക പേജ് തയാറാക്കിയിട്ടുമുണ്ട്.