ഒല ഈ വര്‍ഷം വിറ്റത് 2.5 ലക്ഷം സ്‌കൂട്ടര്‍; ഓടിയെത്താനാകാതെ എതിരാളികള്‍
ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാണ കമ്പനി ഒരു വര്‍ഷം കൊണ്ട് 2.5 ലക്ഷം വാഹനങ്ങള്‍ വില്‍പ്പന നടത്തുന്നത്
ഒരു വര്‍ഷത്തിനിടെ 2.5 ലക്ഷം സ്‌കൂട്ടറുകള്‍ വില്‍പ്പന നടത്തിയെന്ന നാഴികക്കല്ല് പിന്നിട്ട് ഒല ഇലക്ട്രിക്. 2023 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 21 വരെയുള്ള കണക്കുപ്രകാരം 2,52,647 സ്‌കൂട്ടറാണ് കമ്പനി വിറ്റത്.
ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാണ കമ്പനി ഒരു വര്‍ഷം കൊണ്ട് 2.5 ലക്ഷം വാഹനങ്ങള്‍ വില്‍പ്പന നടത്തുന്നത്. ഈ വര്‍ഷം ഇതുവരെ രാജ്യത്ത് വിറ്റത് 8,28,537 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ്. ഇതില്‍ 31 ശതമാനവും ഒലയുടേതാണ്.
1,62,399 സ്‌കൂട്ടറുകള്‍ വിറ്റ ടി.വി.എസാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള എഥര്‍ എനര്‍ജിക്ക് 1,01,940 യൂനിറ്റ് വില്‍ക്കാനായി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 131 ശതമാനം വളര്‍ച്ചയാണ് ഒല രേഖപ്പെടുത്തിയത്. 2022 കലണ്ടര്‍ വര്‍ഷം 1,09,395 സ്‌കൂട്ടറുകളാണ് ഒല വിറ്റത്. 2023ല്‍ ഓരോ മാസവും ഏകദേശം 20,000 വാഹനങ്ങള്‍ കമ്പനിക്ക് വില്‍ക്കാന്‍ സാധിക്കുന്നുണ്ട്. നവംബറില്‍ 29,898 യൂനിറ്റുകള്‍ വില്‍ക്കാനായതാണ് റെക്കോര്‍ഡ്.
'ഒല എസ്1'ന്റെ അഞ്ച് വകഭേദങ്ങളാണ് കമ്പനി നിലവില്‍ വില്‍പ്പന നടത്തുന്നത്. രാജ്യത്ത് നിലവില്‍ 935 എക്‌സ്പീരിയന്‍സ് സെന്ററുകളും 392 സര്‍വിസ് സെന്ററുകളും കമ്പനിക്കുണ്ട്.